ശഅബാന്‍ നടുവിലെ രാവ് പ്രത്യേകം പുണ്യമുള്ളതും പൂര്‍വ്വികര്‍ ആദരപൂര്‍വ്വം ഖുര്‍ആന്‍ പാരായണം, പ്രത്യേക നിസ്കാരം പോലുള്ള ഇബാതത്തുകളാലും മറ്റും നിര്‍വ്വഹിച്ചു പോന്നതുമാണ്. ബറാഅത്ത് എന്നാല്‍ മോചനമാണ്. ലൈലത്തുന്നിസ്ഫിമിന്‍ ശഅബാന്‍- അഥവാ ശാബാന്‍ മാസത്തിലെ 15-ാമത്തെ രാത്രി ബറാഅത്ത് രാവ് എന്ന് നാം പറയുന്നു. മുസ്ലിം ലോകം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന രാവുകളില്‍ ഒന്നാണിത്. പൂര്‍വ്വികര്‍ ആരാധന കൊണ്ടും, പ്രാര്‍ത്ഥന കൊണ്ടും ഈ രാവിനെ സജീവമാക്കിയിരുന്നു.
ബറാഅത്ത് രാവില്‍ അഞ്ചു സവിശേഷതകള്‍ ഉണ്ടെന്നു മുഫസ്സിറുകള്‍ രേഖപ്പെടുത്തുന്നു. (1)അടുത്ത വര്‍ഷം വരെയുള്ള ഭക്ഷണം, മരണം, രോഗം തുടങ്ങിയ കാര്യങ്ങള്‍ കണക്കാക്കുന്ന രാത്രി, (2)ഇബാതത്തെടുക്കാന്‍ വിശിഷ്ടമായ രാത്രി, (3)അനുഗ്രഹത്തിന്റെ രാത്രി, (4)പാപം പൊറുക്കുന്ന രാത്രി, (5)നബി(സ)ക്ക് ശഫാഅത്ത് നല്‍കപ്പെട്ട രാത്രി. (തഫ്സീര്‍ കഷ്ശാഫ്, റാസി, ജമല്‍,) ആ രാത്രി പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന രാത്രിയാണെന്ന് ഇമാം ഷാഫി(റ) രേഖപ്പെടുത്തുന്നു. അദ്ദേഹം പറയുന്നു, വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍ രാവ്, റജബിലെ ആദ്യത്തെ രാവ്, ശഅബാന്‍ നടുവിലെ രാവ് എന്നീ രാവുകളില്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കും.
ഒരു കൊല്ലത്തില്‍ ഉണ്ടാകുന്ന എല്ലാ കാര്യങ്ങളും കണക്കാക്കി ബറാഅത്ത് രാവില്‍ അള്ളാഹു മാലാഖമാരെ ഏല്പ്പിക്കുമെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു. ഇത് ഹദീസില്‍ വ്യക്തമായി വന്നത് കൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ലെന്നു മുല്ലാഅലിയുല്‍ ഖാരി (റ) പറയുന്നു. (മിര്‍ക്കാത്ത് 2;176)
ബറാഅത്ത് രാവില്‍ മഗ് രിബിനു ശേഷം മൂന്നു യാസീന്‍ ഓതി ദുആ പതിവ് നമ്മുടെ നാടുകളിലുണ്ട്. ഇത് സലഫുസ്സ്വലിഹീങ്ങള്‍ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയതും അവര്‍ ചെയ്തു പോന്നതുമാണ്. ഇമാം ഗസ്സാലിതങ്ങളുടെ ഇഹ് യയുടെ വ്യാഖ്യാന ഗ്രന്ഥമായ ഇത്ഹാഫില്‍ ഇത് വിവരിച്ചിട്ടുണ്ട്. ഒന്നാമത്തെ യാസീന്‍ ആയുസ്സ് നീളാനും രണ്ടാമത്തേത് ഭക്ഷണത്തില്‍ ബറകത്ത് ലഭിക്കുവാനും മൂന്നാമത്തേത് അവസാനം നന്നാകുവാനും വേണ്ടിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഇത് ഇത്ഹാഫില്‍ വിവരിക്കുന്നത്.
ബറാഅത്ത് രാവില്‍ പ്രാര്‍ത്ഥനക്ക് പ്രത്യേക ഉത്തരം കിട്ടുമെന്നത് തര്‍ക്കമറ്റ കാര്യമാണ്. പ്രാര്‍ത്ഥനക്ക് മുമ്പേ എന്തെങ്കിലും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യല്‍ നല്ലതാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഖുര്‍ആന്‍ പാരായണം ഏറ്റവും നല്ല സല്ക്കര്‍മ്മമാണ്. സൂറത്ത് യാസീന്‍ ഖുര്‍ആനിലെ പ്രധാനപ്പെട്ട ഒരധ്യമാണ്. ഖുര്‍ആനിന്റെ ഹൃദയം എന്നാണ് അതിനെ വിശേഷിപ്പിച്ചിട്ടുള്ളത് . നാം ജനിക്കുന്നതിനു മുമ്പ് തന്നെ നമ്മുടെ വയസ്സും, ഭക്ഷണവും, മരണവും, മറ്റു കാര്യങ്ങളും ദൈവം നിശ്ചയിച്ചിട്ടുണ്ട്. ബറാഅത്ത് ദിവസം ഭക്ഷണത്തിനു വേണ്ടിയും, ആയുസ്സ് നീട്ടിക്കിട്ടാന്‍ വേണ്ടിയും, പ്രാര്‍ത്ഥിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം എന്ന് ചോദിച്ചേക്കാം, ഭക്ഷണവും, മരണവും, വയസ്സുമെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കെ ഭക്ഷണമന്വേഷിക്കുന്നതിലും, അതിനായി ജോലി ചെയ്യുന്നതിലും, ആരോഗ്യവും, ജീവനും, നില നിര്‍ത്താനായി ചികില്സിക്കുന്നതിലും, വല്ല ഫലവും, ഗുണവും ഉണ്ടെങ്കില്‍ അത്തരം വിഷയങ്ങള്‍ക്കായി ബറാഅത്ത് രാവിലും മറ്റും പ്രാര്‍ത്ഥിക്കുന്നതില്‍ ഫലവും, ഗുണവും ഉണ്ടെന്നറിയുക.
ശഅബാന്‍ 15നു നോമ്പ് സുന്നത്തുണ്ട്. ഹദീസില്‍ അതിന്റെ പ്രാധാന്യവും വന്നിട്ടുണ്ട്. നബി(സ) പറയുന്നു, ശഅബാന്‍ നടുവിലെ രാത്രിയായാല്‍ ആ രാത്രി നിങ്ങള്‍ നിസ്ക്കരിക്കുകയും അതിന്റെ പകല്‍ നോമ്പ് അനുഷ്ടിക്കുകയും ചെയ്യുവിന്‍, കാരണം ആ രാത്രിയിലെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ അള്ളാഹു പ്രത്യേക അനുഗ്രഹം ഒന്നാനകാശത്തിലേക്ക് ഇറങ്ങി വരും എന്നിട്ടവന്‍ പറയും പൊറുക്കലിനെ തേടുന്നവരുണ്ടോ, ഞാന്‍ സൗഖ്യം നല്‍കും. (ഇബ്നുമാജാ)
മുന്‍ഗാമികളായ ആളുകള്‍ ഈ രാത്രിയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തതുപോലെ ആദരിക്കുവാനും, ബഹുമാനിക്കുവാനും, അതിന്റെ മഹത്വം ഉള്‍ക്കൊള്ളുവാനും, കഴിഞ്ഞ ജീവിതത്തില്‍ വന്ന അപാകതകള്‍ പരിഹരിക്കാനും, നാം ഈ ദിനം ഉപയോഗപ്പെടുത്തുക. (കടപ്പാട്)