'കിതാബുല്‍ ഹിക'മിന് ഇംഗ്ലീഷ് പരിഭാഷയുമായി മര്‍കസ്‌ പൂര്‍വ്വ വിദ്യാര്‍ഥി നാഫി വാഫി


മസ്‌കത്ത്: പതിമൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട വിഖ്യാത സൂഫീഗ്രന്ഥം 'കിതാബുല്‍ ഹിക'മിന് ഇംഗ്ലീഷ് പരിഭാഷയൊരുക്കി ഒമാനില്‍ പത്രപ്രവര്‍ത്തകനായ മുഹമ്മദ് നാഫി വാഫി ശ്രദ്ധേയനാകുന്നു. തൃശൂര്‍ പെരുമ്പിലാവ് സ്വദേശിയും 'ഒമാന്‍ ഇക്കണോമിക് റിവ്യൂ' സബ് എഡിറ്ററുമായ മുഹമ്മദ് നാഫി വാഫിയാണ് പ്രശസ്ത സൂഫീ പണ്ഡിതന്‍ ഇബ്‌നു അതാഇല്ലാ അല്‍ ഇസ്‌കന്തരിയുടെ 'ആപ്തവാക്യങ്ങളുടെ ഗ്രന്ഥം' എന്നര്‍ഥം വരുന്ന 'കിതാബുല്‍ ഹികം' ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. 'ബുക്ക് ഓഫ് എഫോറിസംസ്' എന്ന പേരില്‍ മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലെ ഇസ്‌ലാമിക് ബുക് ട്രസ്റ്റാണ് പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഏകദൈവ വിശ്വാസത്തിന്റെ ചൈതന്യത്തെയും ഖുര്‍ആനിന്റെ ദാര്‍ശനിക സൗന്ദര്യത്തെയും ആവാഹിച്ച സൂഫി സാഹിത്യ ശാഖയിലെ സുവര്‍ണതാരകമാണ് 'കിതാബുല്‍ ഹിക'മെന്നാണ് പണ്ഡിതര്‍ വിലയിരുത്തുന്നത്. ചെറുപ്പകാലം മുതല്‍ ഈ ഗ്രന്ഥത്തോട് തോന്നിയ അടുപ്പമാണ് ഇത്തരമൊരു പരിഭാഷക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് നാഫി വാഫി ഒരു പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ഉപ്പൂപ്പ എന്ന് വിളിച്ചിരുന്ന അടുത്തബന്ധവും പണ്ഡിതനുമായ കല്ലൂര്‍ അബൂബക്കര്‍ മുസ്‌ലിയാരുടെ അടുക്കല്‍ ഈ ഗ്രന്ഥം പഠിക്കാനായി അകലങ്ങളില്‍ നിന്ന് പോലും ആളുകളെത്തിയിരുന്നു. വളാഞ്ചേരി മര്‍ക്കസുതര്‍ബിയ്യത്തുല്‍ ഇസ്‌ലാമിയ്യയില്‍   അല്‍വാഫി ബിരുദത്തിന് പഠിക്കുന്ന സമയത്ത്  'കിതാബുല്‍ ഹിക്ക'മിലെ വാചകങ്ങള്‍ ഓരോദിവസവും ഡയറിയിലെഴുതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി തുടങ്ങി. ഇക്കാര്യം ശ്രദ്ധയില്‍പെട്ട കോളജിന്റെ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഹഖീം ഫൈസി ആദ്രശ്ശേരിയാണ് പരിഭാഷ പ്രസിദ്ധീകരിക്കാന്‍ പ്രചോദനമായത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആദ്യം നിര്‍വഹിച്ച പരിഭാഷകള്‍ മാറ്റിയെഴുതി. ഗ്രന്ഥത്തിന്റെ ഓരോ ആപ്തവാക്യത്തിന്റെയും ചെറു വ്യാഖ്യാനകുറിപ്പുകളും തയാറാക്കി. ജോലിക്കിടയില്‍ സമയം കണ്ടെത്തി ഒരുവര്‍ഷത്തോളം ഇതിനായി വിനിയോഗിച്ചു. പ്രസിദ്ധീകരിക്കാന്‍ മുന്നോട്ടുവരുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതെയാണ് മലേഷ്യയിലെ ഐ.ബി.ടിക്ക് ഇമെയില്‍ അയച്ചത്. ആവേശകരമായ പ്രതികരണമായിരുന്നു പ്രസാധകരുടെ ഭാഗത്തുനിന്നുണ്ടായത്. അന്താരാഷ്ട്രതലത്തില്‍ വിതരണം ആരംഭിച്ച പുസ്തകത്തിന് കേരളത്തില്‍ പ്രകാശന ചടങ്ങൊരുക്കാന്‍ നാട്ടിലെ സഹപാഠികളുടെ ആഭിമുഖ്യത്തില്‍ ശ്രമം നടക്കുന്നുണ്ട്. കേരളത്തില്‍ ദര്‍സുകളില്‍ ഇസ്‌ലാമിക പഠനം നടത്തിയിരുന്ന പഴയകാല മതപണ്ഡിതര്‍ക്ക് സുപരിചിതമാണ് 'കിതാബുല്‍ ഹികം' എന്നതിനാല്‍ മലയാള പരിഭാഷകൂടി വേണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ടന്നും വാഫി പറഞ്ഞു. ഹദീസ പണ്ഡിതന്‍, കര്‍മശാസ്ത്ര പണ്ഡിതന്‍, ഖാദി എന്നീ നിലകളില്‍ പ്രശസ്തനായ ഇബ്‌നു അതാഇല്ലാ അല്‍ ഇസ്‌കന്തരി സൂഫി ശൈലികളോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ഇബ്‌നുതൈമിയ ഉള്‍പ്പെടെയുള്ളവരുട ആദരവ് പിടിച്ചുപറ്റിയ വ്യക്തിത്വമാണ്. 
ഇന്ത്യയില്‍ 'ഡെക്കാന്‍ ഹെറാള്‍ഡി'ല്‍ നിന്ന് പത്രപ്രവര്‍ത്തനമാരംഭിച്ച നാഫി വാഫി  നേരത്തേ 'ഒമാന്‍ ട്രിബ്യൂണിലും' ജേണലിസ്റ്റായിരുന്നു. പെരുമ്പിലാവില്‍ പരേതനായ ഖാലിദ് മൗലവിയുടെയും ഭാര്യ ഖദീജയുടെയും മകനാണ്. ഭാര്യ സബീന, മകന്‍ സിനീന്‍ എന്നിവരോടൊപ്പം വാദി കബീറില്‍ താമസിക്കുന്ന നാഫി ഇപ്പോള്‍ ഇബ്‌നുഖല്‍ദൂനിന്റെ 'മുഖദ്ദിമ'യെ കുറിച്ച പഠനത്തിന് തുടക്കമിട്ടിരിക്കുകയാണ്.