ഖാസി മരണം : സി ബി ഐ ബാഹ്യശക്തികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുന്നു : എസ് വൈ എസ്


കാസര്‍കോട് : ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്ന് സമ്മതിച്ച സി ബി ഐ ഉദ്യോഗസ്ഥര്‍ ബാഹ്യ ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും എസ് വൈ എസ് കാസര്‍കോട് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അന്വേഷണത്തിന്റെ തുടക്കത്തില്‍ വീഴ്ച വരുത്തിയ ലോക്കല്‍ പോലീസിന്റെ ചുവടുപിടിച്ചുകൊണ്ടുള്ള സിബി ഐ അന്വേഷണം യഥാര്‍ത്ഥ പ്രതികളുടെ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും രക്ഷപ്പെടുത്തുന്ന രൂപത്തിലാണ് മുന്നോട്ടു നീങ്ങുന്നത്. വീടിന്റെ അകത്തളങ്ങളില്‍ വിശ്രമിക്കുന്ന സ്വാത്ത്വികളായ വനിതകളെപ്പോലും നുണപരിശോധനയ്ക്ക് വിധേയമാക്കിയ സി ബി ഐ യഥാര്‍ത്ഥ പ്രതികളെന്നു സംശയിക്കുന്നവരെ ചോദ്യം ചെയ്യുവാനോ നുണ പരിശോധനയ്ക്ക് വിധേയമാക്കാനോ തയ്യാറാകാതെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തലയൂരാനുള്ള ശ്രമം ബാഹ്യശക്തികളുടെ സമ്മര്‍ദ്ദം കൊണ്ടാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സി ബി ഐ അന്വേഷണം നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും, അതിനായി മതസംഘടനാ നേതാക്കളെയും, രാഷ്ട്രീപാര്‍ട്ടി നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ജുലൈ 16 ശനിയാഴ്ച എന്‍ എ ടൂറിസ്റ്റ് ഹോമില്‍ വെച്ച് യോഗം ചേരുമെന്നും അവര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് എം എ ഖാസി മുസ്ലിയാര്‍, സെക്രട്ടറി എം പി അബ്ദുല്‍ റഹ്മാന്‍, എസ് പി സലാഹുദ്ദിന്‍, വണ്‍ ഫോര്‍ അബ്ദുല്‍റഹ്മാന്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബഷീര്‍ ബെളിഞ്ചം, സയ്യിദ് ഹാദി തങ്ങള്‍, താജ്ജുദ്ദിന്‍ ചെമ്പരിക്ക, ഖത്തര്‍ ഇബ്രാഹിം ഹാജി, ബഷീര്‍ ദാരിമി, ഹമീദ് കുണിയ തുടങ്ങിയവര്‍ പങ്കെടുത്തു.