''ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിതം'' കോബ്ര പോസ്റ്റ് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമെന്ന് കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തല്‍. മുന്‍ പ്രധാനമന്ത്രി പിവി നരസിംഹറാവു, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി, മുന്‍ യുപി മുഖ്യമന്ത്രി കല്ല്യാണ്‍ സിങ്, ഉമാഭാരതി എന്നിവര്‍ക്ക് ഗൂഢാലോചന അറിയാമെന്നും കോബ്ര പോസ്റ്റ് വെളിപ്പെടുത്തുന്നു. ഓപ്പറേഷന്‍ ജന്മഭൂമി എന്ന പേരില്‍ കോബ്ര പോസ്റ്റ് നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. 23 പേരുമായി നടത്തിയ അഭിമുഖത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്ന നിര്‍ണ്ണായക വെളിപ്പെടുത്തല്‍. പുസ്തകം എഴുതുന്നതിന്റെ ഭാഗമായി അസോസിയേറ്റ് എഡിറ്റര്‍ കെ ആശിഷാണ് 23 പേരെയും അഭിമുഖം നടത്തിയത്. അയോധ്യ, ഫൈസാബാദ്, ലഖ്‌നോ, ഖൊരാക്പൂര്‍, മധുര, മൊറാദാബ്ദ്, ജയ്പൂര്‍, ഔറംഗാബാദ്, മുംബൈ, ഗ്വാലിയാര്‍ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് ആശിഷ് അഭിമുഖം തയ്യാറാക്കിയത്. വിഎച്ച്പിയും ശിവസേനയും ലക്ഷക്കണക്കിന് വളണ്ടിയര്‍മാരെ പരിശീലിപ്പിച്ചതായി അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായും കോബ്രപോസ്റ്റ് വെളിപ്പെടുത്തുന്നു.