കോഴിക്കോട് : അബ്ദുന്നാസര്‍ മഅദനിക്ക് ജാമ്യ ലഭിക്കുന്നതിനെതിരെ നിലപാടെടുത്ത കര്‍ണാടക സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. അതിനെ പിന്തുണച്ച കേരളത്തിലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാടും അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് കര്‍ണാടക സര്‍ക്കാര്‍ ഈ നിലപാടെടുക്കുന്നത്. ബി.ജെ.പിയുടെ അതേ നിലപാട് സ്വീകരിക്കുന്നവരെ ന്യായീകരിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കാപട്യക്കാരാണെന്നും സമസ്ത വാര്‍ത്താക്കുറിപ്പിലൂടെ വിമര്‍ശിക്കുന്നു.
മഅ്ദനിയോട് മാനുഷിക നിലപാട് പോലും സ്വീകരിക്കാത്ത കോണ്‍ഗ്രസിന്റെ നടപടി വലിയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും. അനന്തമായ വിചാരണത്തടവില്‍ കഴിയുന്ന മുസ്ലിം യുവാക്കളുടെ കാര്യത്തില്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ സമസ്ത ആവശ്യപ്പെട്ടു. സമസ്തയും കോണ്‍ഗ്രസും തമ്മില്‍ നല്ല ബന്ധമല്ല ഉള്ളത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഅ്ദനി വിഷയം ഉന്നയിച്ച് കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിച്ച സമസ്തയുടെ നടപടി നേരത്തെയുള്ള അതൃപ്തിയുടെ ഭാഗമായാണ് കണക്കാക്കുന്നത്.