ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ പ്രായോഗിക നിയമം കൊണ്ട് വരണം : SKSSF കാസര്‍കോട്

കാസറകോട് : കേരളത്തിലെ റോഡുകളില്‍ അടിക്കടി ഉണ്ടാകുന്ന അപകടങ്ങളില്‍ വിലപ്പെട്ട ജീവനുകള്‍ പൊലിയുന്നത് ഇല്ലാതാക്കാന്‍ പ്രായോഗികമായ നിയമം കൊണ്ട് വരണമെന്ന് SKSSF കാസറകോട് ജില്ലാ പ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എവിടെയെങ്കിലും അപകടം നടന്നാല്‍ അതിനെ ചുവട് പിടിച്ച് കൊണ്ട് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം നീണ്ട് നില്‍ക്കുന്നതും ജനങ്ങളെ പ്രയാസപ്പെടുത്തുന്നതുമായ പരിശോധനകള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു പ്രവണത മാത്രമാണ്. ബസ്സുകള്‍ക്ക് ഒന്നര ദശാബ്ദം മുമ്പ് നിര്‍ണ്ണയിച്ച റണ്ണിംഗ് ടൈമുകള്‍ പുതുക്കണമെന്ന ഉത്തരവ് ചുവപ്പ് നാടക്കുള്ളില്‍ വിശ്രമിക്കുകയാണ്. പഴയ റണ്ണിംഗ് ടൈം വെച്ച് കൊണ്ട് തിരക്കേറിയ ടൗണുകളില്‍ ഗതാഗത കുരുക്കില്‍ കുടുങ്ങിയ ബസ്സുകളെ കൃത്യസമയത്ത് യഥാ സ്ഥാനത്ത് എത്തിക്കാന്‍ വേണ്ടി ഡ്രൈവര്‍മാര്‍ മത്സര യോട്ടം നടത്തുമ്പോഴാണ് അധികവും അപകടം ഉണ്ടാവുന്നത്. ഡ്രൈവര്‍മാര്‍ക്ക് മാനസിക സമ്മര്‍ദ്ധം കുറക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും അമിത വേഗം നിയന്ത്രിക്കാനും യോഗപരിശീലനം നേടി സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഡ്രൈവര്‍മാരെ മാത്രം ബസ്സില്‍ ജോലിക്ക് വെക്കാവൂ എന്ന നിയമം കൊണ്ട് വരാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാകണമെന്നും നേതാക്കള്‍ പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
- Secretary, SKSSF Kasaragod Distict Committee