ഹജ്ജ് :ഇന്ത്യന്‍ ഹാജിമാര്‍ മദീനയില്‍നിന്ന് മക്കയിലെത്തിത്തുടങ്ങി

മക്ക: ഇന്ത്യയില്‍ നിന്ന് മദീനയില്‍ നേരിട്ടിറങ്ങിയ ഇന്ത്യന്‍ ഹജ്ജ് സംഘാംഗങ്ങള്‍ മക്കയില്‍ എത്തിത്തുടങ്ങി. കഴിഞ്ഞ ഏഴിന് മദീനയിലെത്തിയ ആദ്യ സംഘങ്ങളാണ് ഇന്നലെ വൈകുന്നേരത്തോടെ മദീന മുനവ്വറയില്‍നിന്നും ഹജ്ജ് കര്‍മത്തിനായി മക്കയിലേക്ക് യാത്ര തിരിച്ചത്.
ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ഒന്നാംഘട്ടം മദീന തീര്‍ഥാടന പദ്ധതിയില്‍ 60800 പേരാണ് ഹജ്ജ് കര്‍മത്തിന് മുമ്പ് മദീന തീര്‍ഥാടനം പൂര്‍ത്തിയാക്കി മക്കയില്‍ തിരിച്ചെത്തുന്നത്. ഹജ്ജ് കമ്മിറ്റി ചുമതലയുള്ള 121600 പേരില്‍ അവശേഷിക്കുന്നവരുടെ മദീന സന്ദര്‍ശനം ഹജ്ജ് കര്‍മത്തിനു ശേഷമായിരിക്കും.
ഹാജിമാര്‍ നേരിട്ട് മദീനയില്‍ ഇറങ്ങുന്നതോടെ മദീന സന്ദര്‍ശനം കഴിഞ്ഞ് മക്കയിലേക്ക് വരാനുള്ള സൗകര്യമായി. ഒപ്പം മക്കയില്‍നിന്ന് മദീനയിലേക്കും തിരിച്ച് മക്കയിലേക്കുമുള്ള യാത്രയും മദീന തീര്‍ഥാടകര്‍ക്ക് ഒഴിവായി.
എട്ടു ദിവസം മദീനയില്‍ താമസിച്ച ശേഷമാണ് ഇവര്‍ മക്കയിലേക്ക് തിരിക്കുന്നത്. മക്ക ഇന്ത്യന്‍ ഹജ്ജ് മിഷന്റെ കീഴില്‍ പന്ത്രണ്ടാം നമ്പര്‍ അസീസിയ ബ്രാഞ്ചിന് കീഴിലാണ് ആദ്യ സംഘാംഗങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കിയിട്ടുള്ളത്. ഇന്നലെ അസര്‍ നിസ്‌കാരാനന്തരം പുണ്യ റൗള ശരീഫ് സന്ദര്‍ശിച്ചശേഷമാണ് സംഘം പുറപ്പെട്ടത്.
മദീനയില്‍നിന്ന് മക്കയിലേക്കുള്ള യാത്രാമധ്യേ മദീനയിലെ അബയാര്‍അലി മീഖാത്തില്‍നിന്നും ആദ്യ ഉംറക്ക് ഇവര്‍ ഇഹ്‌റാം ചെയ്തു. വിവിധ ബസുകളിലായി വൈകുന്നേരം തന്നെ സംഘം മീഖാത്തിലെത്തിയിരുന്നു. മദീന ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മീഖാത്തില്‍ ഇഹ്‌റാം ചെയ്യുന്നതിനുള്ള സൗകര്യം ചെയ്തുകൊടുത്തു. മുതവ്വിഫുമാരുടെ മേല്‍നോട്ടത്തില്‍ തീര്‍ഥാടകസംഘം ബസ് മാര്‍ഗം സന്ധ്യക്ക് മുമ്പായി മക്കയെ ലക്ഷ്യമാക്കി നീങ്ങി.