മേഖല-ജില്ലാ തല മത്സരങ്ങള്‍ ഈ മാസം പൂര്‍ത്തിയാകും
തേഞ്ഞിപ്പലം : ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‍ലാമിക കലാ സാഹിത്യ മത്സരമായമായ സമസ്ത ഇസ്‍ലാമിക കലാമേള 2012 മെയ് അവസാന വാരം കോട്ടയം ചങ്ങനാശ്ശേരിയില്‍ വെച്ച് നടക്കും. സമസ്തയുടെ ഒന്പതിനായിരം മദ്രസ്സകളിലെ പത്ത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവിധ മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം കലാ പ്രതിഭകളും ആയിരത്തോളം മദ്റസാ അദ്ധ്യാപകരുമാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുക. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് സംസ്ഥാന ഇസ്‍ലാമിക കലാ സാഹിത്യ മത്സരമാണിത്. ഉദ്ഘാടന സമാപന പരിപാടികളില്‍ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ഖുര്‍ആന്‍ പാരായണം, മനഃപാഠം, ബാങ്ക് വിളി, അറബി മലയാളം ഉറുദു കന്നഡ തമിഴ് പ്രസംഗങ്ങള്‍, സിംഗിള്‍ സമൂഹ ഗാനങ്ങള്‍, പടപ്പാട്ട്, കഥാപ്രസംഗങ്ങള്‍, കയ്യെഴുത്തുകള്‍, പ്രബന്ധങ്ങള്‍, അനൌണ്‍സ്മെന്‍റ്, പോസ്റ്റര്‍ രചന, ചാര്‍ട്ട് നിര്‍മ്മാണം, പാഠക്കുറിപ്പ് തയ്യാറാക്കല്‍, ഓര്‍മ പരിശോധന ക്വിസ്, ഖുത്വുബാ രചന, ചിത്ര രചന തുടങ്ങി നൂറ്റി ഇരുപതോളം ഇനങ്ങളിലാണ് മത്സരം നടക്കുക. മദ്റസാ തല മത്സരം ഫെബ്രുവരിയിലും റെയിഞ്ച് തലം മാര്‍ച്ചിലും നടന്നു. മേഖലാ ജില്ലാ തലം ഇപ്പോള്‍ നടന്നു വരികയാണ്.