ചെര്‍ക്കളം ആദര്‍ശത്തില്‍ അടിയുറച്ച രാഷ്‌ട്രീയ നേതാവ്‌ : SKSSF

കാസര്‍കോട്‌ : കാന്തപുരം നടത്തികൊണ്ടിരിക്കുന്ന പേക്കൂത്തുകളെക്കുറിച്ച്‌ ചെര്‍ക്കളം അബ്‌ദുല്ല നടത്തിയ അഭിപ്രായപ്രകടനം മാനവികത കാത്തുസൂക്ഷിക്കുന്ന രാഷ്‌ട്രീയ നേതാവ്‌ എന്ന നിലയിലുളള താണെന്ന്‌ SKSSF കാസര്‍ഗോഡ് ജില്ലാ പ്രസിഡന്‍റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ പ്രസ്‌താവനയില്‍ പറഞ്ഞു. മദ്രസകളില്‍ പ്രശ്‌നങ്ങളുണ്ടാക്കിയും ഇടചുവരുകള്‍ വെച്ചും പിഞ്ചുകുട്ടികള്‍ പഠിക്കുന്ന ദീനിസ്ഥാപനങ്ങള്‍ പൂട്ടിയിട്ടും അന്യായമായ സ്ഥലങ്ങളില്‍ ഭിന്നിപ്പിന്‍റെ പള്ളികള്‍ നിര്‍മ്മിച്ച്‌ ആരാധനകളില്‍ പോലും ഐക്യം തകര്‍ത്ത കാന്തപുരത്തിന്‌ മാനവികതയെ പറ്റി പറയാന്‍ അവകാശമില്ല എന്ന ചെര്‍ക്കളത്തിന്‍റെ പ്രസ്‌താവന സ്വാഗതാര്‍ഹവും അവസരോചിതവുമാണ്‌. ഇലക്കും മുള്ളിനും കേടില്ലാതെയും വ്യക്തമായ നിലപാടില്ലാതെയും പകല്‍ മാന്യന്‍മാരായി ചമയുന്ന രാഷ്‌ട്രീയനേതാക്കള്‍ ചെര്‍ക്കളത്തിന്‍റെ ധീരതയും ശൈലിയും ഉള്ളകാര്യങ്ങള്‍ വെട്ടിതുറന്നു പറയാനുളള കഴിവും മാതൃകയാക്കണം. മാനവികത ഉണര്‍ത്താന്‍ യാത്രചെയ്യുന്നവര്‍ ഇപ്പോള്‍ ചെയ്യുന്നത്‌ കാന്തപുരത്തിന്‍റേയും അദ്ദേഹത്തതിന്‍റെ കാറിന്‍റേയും മഹത്വം വിളമ്പലാണ്. എട്ട്‌ മാസത്തോളം പ്രചരണം നടത്തിയിട്ടും ജനപങ്കാളിത്തമില്ലാത്ത ഉദ്‌ഘാടനസമ്മേളനവും സ്വീകരണസമ്മേളനങ്ങളുടേയും ജാള്യത മറച്ചുവെക്കാനാണ്‌ എസ്‌.വൈ.എസ്‌ കാരന്‍ ചെര്‍ക്കളത്തിനെതിരെ കുതിരകയറുന്നത്‌. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിരിക്കുമ്പോള്‍ തന്നെ മതസംഘടനയുടെ തലപ്പത്തിരിക്കാന്‍ അദ്ദേഹത്തിനുളള അര്‍ഹതയും കഴിവും മനസ്സിലാക്കിയതു കൊണ്ടാണ്‌ ചെര്‍ക്കളത്തിന്‌ സമസ്‌ത കീഴ്‌ഘടകത്തില്‍ ഉന്നത സ്ഥാനം നല്‍കിയത്‌. അതിന്‌ ജനസ്വാധീനമില്ലാത്ത രാഷ്‌ട്രീയ സംഘടനയുടെ നേതാവിന്‍റെ ഉപദേശം ആവശ്യമില്ലെന്നും അക്കാര്യത്തില്‍ കണ്ണുനീരൊഴുക്കണ്ടെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.