രാഷ്‌ട്രീയ നേതാക്കള്‍ നിലമറന്നു പെരുമാറരുത്‌ : SYS

കോഴിക്കോട് : കേരളത്തിലെ ചില രാഷ്‌ട്രീയ നേതാക്കള്‍ ഈയിടെയായി മതങ്ങളെയും മതനേതൃത്വത്തെയും കടന്നാക്രമിക്കുന്ന പ്രസ്‌താവനകള്‍ ഇറക്കുകയാണ്‌. തെരഞ്ഞെടുപ്പ്‌ ഘട്ടങ്ങളില്‍ ഒരുസ്വരവും പിന്നീട്‌ മറ്റൊരു സ്വരവും ഉയര്‍ത്തി മതേതരനാവാന്‍ സാഹസപ്പെടുകയാണിവര്‍.
പാണക്കാട്‌ ഹൈദര്‍അലി ശിഹാബ്‌ തങ്ങളെ കുറിച്ചും, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായെകുറിച്ചുമൊക്കെ പരോക്ഷമായും, പ്രത്യക്ഷമായും ദു:സൂചനയോടെ സംസാരിക്കുന്ന നേതാക്കളെ അതത്‌ പാര്‍ട്ടിനേതൃത്വം നിയന്ത്രിച്ചില്ലെങ്കില്‍ കേരളം കാത്തുപോരുന്ന സൗഹൃദവും, മൈത്രിയും ക്ഷീണിക്കുമെന്ന്‌ നേതൃത്വം ഓര്‍മ്മിക്കണമെന്ന്‌ സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ പി.പി.മുഹമ്മദ്‌ ഫൈസി, ഹാജി കെ.മമ്മദ്‌ ഫൈസി, പിണങ്ങോട്‌ അബൂബക്കര്‍, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കെ..റഹ്‌മാന്‍ ഫൈസി, ഉമര്‍ ഫൈസി മുക്കം പുറപ്പെടുവിച്ച സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. ചാനല്‍ ചര്‍ച്ചകളിലും, മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്ന നേതാക്കള്‍ നിലമറന്നു സംസാരിക്കുന്നത്‌ ശരിയല്ല.
മതസംഘടനകള്‍ പ്രത്യേകിച്ച്‌ സമസ്‌ത ഒരുഘട്ടത്തിലും രാഷ്‌ട്രീയത്തിലിടപ്പെടിട്ടില്ല. കേരളത്തിന്‍റെ രാഷ്‌ട്രീയം അനാവശ്യമായി ജാതി വല്‍ക്കരിക്കുകയും മതന്യൂനപക്ഷങ്ങളെ ഇകഴ്‌ത്തുകയും ചെയ്‌തപ്പോള്‍ അത്‌ ശരിയായ നടപടിയായില്ലെന്നാണ്‌ സമസ്‌ത പ്രതികരിച്ചത്‌.
രാഷ്‌ട്രീയ സംസ്‌ക്കാരങ്ങള്‍ ഇന്നിനെകുറിച്ചും, അധികാര ലാഭങ്ങളെകുറിച്ചും മാത്രമേ ചിന്തിക്കുകയുള്ളു എന്ന തലത്തില്‍ നിന്ന്‌ ഒട്ടുംവളരാനോ, ഉയരാനോ ഇപ്പോഴും രാഷ്‌ട്രീയ നേതൃത്വത്തിന്‌ കഴിയുന്നില്ലെന്നതാണ്‌ സങ്കടകരം. മത പണ്ഡിതരെയും, സംഘടനയെയും ഇകഴ്‌ത്തി ഒരു നേതാവിനും സംസാരിക്കാനധികാരമില്ലെന്നും നേതാക്കള്‍ പറഞ്ഞു.