വിമോചനയാത്രക്ക്‌ ഉത്തരദേശത്ത്‌ രാജോചിത വരവേല്‍പ്‌

SKSSF വിമോചനയാത്രക്ക് കാഞ്ഞങ്ങാട് നല്കിയ സ്വീകരണം
പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍ഗോഡ്‌ : സപ്‌തഭാഷാ സംഗമ ഭൂമിയെ ഇളക്കിമറിച്ച്‌ SKSSF വിമോചന യാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചു. കാസര്‍ഗോഡ്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ രാജോചിത വരവേല്‍പാണ്‌ യാത്രക്ക്‌ ലഭിച്ചത്‌. രാവിലെ 9.30ന്‌ യാത്ര കുമ്പളയിലെത്തിയപ്പോള്‍ ആയിരങ്ങളാണ്‌ സ്വീകരണ കേന്ദ്രത്തില്‍ തടിച്ചുകൂടിയത്‌. ജാഥാനായകന്‍ അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവും മറ്റുനേതാക്കളും വേദിയിലെത്തിയപ്പോള്‍ തക്‌ബീര്‍ ധ്വനികളോടെയാണ്‌ അണികള്‍ വരവേറ്റത്‌. എം.എ കാസിം മുസ്‌ലിയാരുടെ ഉദ്‌ഘാടന ഭാഷണവും ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സലീം ഇര്‍ഫാനി മട്ടന്നൂര്‍ ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം തുടങ്ങിയവരുടെ പ്രഭാഷണവും അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവിന്‍റെ മറുപടി പ്രഭാഷണവും ശ്രദ്ധയോടെയാണ് സദസ്സ്‌ വീക്ഷിച്ചത്‌. കപട ആത്മീയതക്ക്‌ കേരള മണ്ണില്‍ ഇനി ഇടമില്ലെന്നതിന്‌ ഉറച്ച പ്രഖ്യാപനമായിരുന്നു കാസര്‍ഗോഡ്‌ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രം. പി.ബി അബ്ദുര്‍റസാഖ്‌ എം.എല്‍.എ മുന്‍ മന്ത്രി സി.ടി അഹ്‌മദ്‌ അലി തുടങ്ങിയ നേതാക്കളും സ്വീകരണ കേന്ദ്രത്തില്‍ എത്തിയിരുന്നു. കനത്തവെയിലിനെ വകഞ്ഞുമാറ്റി തടിച്ചു കൂടിയ ആയിരങ്ങള്‍ ഉച്ചക്ക്‌ ഒരു മണിക്ക്‌ സംഗമം അവസാനിക്കുമ്പോഴും ആവേശത്തിമര്‍പ്പിലായിരുന്നു.
കാഞ്ഞങ്ങാടായിരുന്നു അടുത്ത സ്വീകരണ കേന്ദ്രം. കത്തിയെരിയുന്ന മീനച്ചൂടിനെ വകവെക്കാതെ ദേശീയ പാതയോരങ്ങളില്‍ ആയിരങ്ങളാണ്‌ അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയത്‌. നിസ്‌കാരവും ഭക്ഷണവും കഴിഞ്ഞ്‌ മൂന്നരയോടെ യാത്ര കാഞ്ഞങ്ങാട്ടേക്ക്‌ നീങ്ങി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കാഞ്ഞങ്ങാട്ടെത്തിയ യാത്രാസംഘത്തെ ആവേശത്തോടെയാണ്‌ സദസ്സ്‌ വരവേറ്റത്‌. പാണക്കാട്‌ സയ്യിദ്‌ റശീദ്‌ അലി ശിഹാബ്‌ തങ്ങള്‍, മെട്രോ മുഹമ്മദ്‌ ഹാജി തുടങ്ങിയവര്‍ നേരത്തെതന്നെ സ്വീകരണ കേന്ദ്രത്തില്‍ എത്തിയിരുന്നു. തടിച്ച്‌ കൂടിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി റശീദ്‌ അലി തങ്ങള്‍ ആത്മീയതെക്കിതെരെയുള്ള തന്‍റെ നിലപാട്‌ പ്രഖ്യാപിച്ചു. കപടതക്കെതിരെ പോരാടി പാരമ്പര്യമുള്ള SKSSF ന്‍റെ പ്രവര്‍ത്തനങ്ങളോട്‌ പിന്തുണയേകാന്‍ ജനങ്ങളോട്‌ ആഹ്വാനം ചെയ്‌താണ് അദ്ദേഹം തന്‍റെ ഉദ്‌ഘാടനം അവസാനിപ്പിച്ചത്‌.
കാസര്‍ഗോഡ്‌ ജില്ലയിലെ അവസാന സ്വീകരണ കേന്ദ്രമായ തൃക്കരിപ്പൂരിലേക്ക്‌ കാലിക്കടവ്‌ നിന്നും നിരവധി വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെയാണ്‌ യാത്രയെ വരവേറ്റത്‌. യാത്രാനായകന്‍ അബ്ദുല്‍ ഹമീദ്‌ ഫൈസി തുറന്ന വാഹനത്തില്‍ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക്‌ ആനയിച്ചു. മറ്റു സ്വീകരണ കേന്ദ്രങ്ങളെ കവച്ചുവെക്കും വിധമായിരുന്നു ഇവിടത്തെ പ്രവര്‍ത്തകരുടെ ആവേശം.
തുടര്‍ന്ന്‌ മഗ്‌രിബ്‌ നമസ്‌കാരാനന്തരം കണ്ണൂരിലേക്ക്‌ പ്രവേശിച്ച യാത്രാസംഘത്തെ സ്വീകരിക്കാന്‍ വന്‍ജനാവലിയാണ്‌ തടിച്ചുകൂടിയിരുന്നത്‌. കണ്ണൂരിലെ ആദ്യ സ്വീകരണ കേന്ദ്രമായ പയ്യന്നൂരില്‍ ആയിരങ്ങളാണ്‌ സംഗമത്തിന്‌ അഭിവാദ്യങ്ങളര്‍പ്പിക്കാനെത്തിയത്‌. വ്യജ ആത്മീയതക്ക്‌ ഇനി നിലനില്‍പില്ലെന്നതിന്‍റെ ഉജ്ജ്വല പ്രഖ്യാപനങ്ങളായി മാറുന്ന കാഴ്‌ചയാണ്‌ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കണ്ടത്‌. കെ.പി.പി തങ്ങള്‍, മാണിയൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, ശ്രീ കൃഷ്‌ണന്‍ എം.എല്‍.എ തുടങ്ങിയവര്‍ യാത്രക്ക്‌ അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കണ്ണൂര്‍ ജില്ലയിലെ രണ്ടാമത്തെ സ്വീകരണ കേന്ദ്രവും രണ്ടാം ദിനത്തിലെ അവസാന സ്വീകരണ കേന്ദ്രവുമായ തളിപ്പറമ്പില്‍ രാത്രി എട്ടു മണിയോടെ അണയാത്ത ആവേശത്തിലായിരുന്നു അണികള്‍. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമക്ക്‌ പകരം വെക്കാന്‍ വ്യാജന്മാര്‍ക്ക്‌ സാധിക്കില്ലെന്ന്‌ പ്രഖ്യാപനമായിരുന്നു പ്രസ്‌തുത സമ്മേളനവും. സ്വീകരണ സമ്മേളനത്തില്‍ സമസ്‌ത കേരള വിദ്യാഭ്യാസ ബോര്‍ഡ്‌ ജന. സെക്രട്ടറി പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അടക്കുമുള്ള നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
യാത്രയുടെ മൂന്നാം ദിനമായ ഇന്ന്‌ ജുമുഅ നമസ്‌കാരത്തിന്‌ ശേഷം കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘം പര്യടനം നടത്തത്തും.