വിദ്യാഭ്യാസം കാലഘട്ടത്തിന് അനുസൃതമായി പരിവര്‍ത്തിപ്പിക്കണം : മുനവ്വറലി തങ്ങള്‍

SKSSF സ്റ്റെപ് സിവില്‍ സര്‍വ്വീസ് പരിശീലന കാമ്പില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു
പെരിന്തല്‍മണ്ണ : ഏത് ജനതക്കും സ്വന്തം അഭിമാനവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാനും സജീവമായി അത് നിലനിര്‍ത്താനുമുള്ള എളുപ്പവഴി കാലഘട്ടത്തിന് അനുയോജ്യമായ വിദ്യ കരഗതമാക്കലാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ഷാര്‍ജ SKSSF മായി സഹകരിച്ച് ട്രെന്‍റ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കി വരുന്ന സിവില്‍ സര്‍വ്വീസ് പദ്ധതിയുടെ പ്രഥമ പരിശീലന പരിപാടി പെരിന്തല്‍മണ്ണ എം... എഞ്ചിനീയറിംഗ് കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃത്യമായ ലക്ഷ്യത്തോടു കൂടി കുറവുകളെ പരിഹരിച്ചും നൂതനമായ കാര്യങ്ങളെ തേടിപ്പിടിച്ചും കാലാനുസൃതമായി സ്വയം പരിണമിച്ചും മുന്നേറുന്ന ജനതക്ക് മാത്രമേ വരും കാലങ്ങളില്‍ രാഷ്ട്രത്തിന്‍റെ ആവശ്യങ്ങളറിഞ്ഞ് ഭാവിയെ ആവിഷ്കരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് സിവില്‍ സര്‍വ്വീസ് ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികളെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട നൂറ്റി നാല്‍പ്പത് കുട്ടികളാണ് കാമ്പില്‍ പങ്കെടുത്തത്. ഡോ. വി. സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു.
മൂന്ന് ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടിയില്‍ വിവിധ സെഷനുകളിലായി കെ.പി. ആശിഫ്, പി.കെ. നിംശിദ്, ഡോ. മുഹമ്മദലി, ഡോ. സൈനുല്‍ ആബിദീന്‍, ജിതേഷ് കണ്ണൂര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, ആനമങ്ങാട് മുഹമ്മദ് ഫൈസി, അബ്ദുല്ല മാസ്റ്റര്‍ കോട്ടപ്പുറം, അലി.കെ. വയനാട്, റിയാസ് നരിക്കുനി തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. സമാപന സംഗമം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍, റഫീഖ് അഹ്‍മദ് തിരൂര്‍, മഹ്‍ബൂബ് പെരിന്തല്‍മണ്ണ, ഖമറുദ്ദീന്‍ തിരുന്നാവായ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മാഗസിന്‍ കെ. മമ്മദ് ഫൈസി പ്രകാശനം ചെയ്തു. ശംസുദ്ദീന്‍ ഒഴുകൂര്‍ സ്വാഗതവും പ്രൊജക്ട് കോ ഓഡിനേറ്റര്‍ റശീദ് കോടിയൂറ നന്ദിയും പറഞ്ഞു.