എസ്‌.കെ.എസ്‌.എസ്‌.എഫ്‌ -വിമോചനയാത്ര; ബഹ്‌റൈനില്‍ ഏരിയാ പ്രചരണ പര്യടനം നാളെ മുതല്‍


മനാമ: ‘ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌’ എന്ന പ്രമേയത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സെന്‍ട്രല്‍ കമ്മറ്റി നടത്തുന്ന വിമോചനയാത്രയുടെ ഭാഗമായി ബഹ്‌റൈനിലെ ഏരിയാ കേന്ദ്രങ്ങളിലൂടെ ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിക്കുന്ന പ്രചരണ പര്യടനം വ്യാഴാഴ്‌ച ആരംഭിക്കും. 
ജീര്‍ണ്ണതക്കെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ സംഘടന നടത്തിയ കാമ്പയിന്റെ തുടര്‍ച്ചയായാണ്‌ ആത്മീയ രംഗത്തെ നൂതന ചൂഷണങ്ങളെയും ചൂഷകരെയും സമൂഹമധ്യെ തുറന്നു കാണിച്ച്‌ സംഘടിപ്പിക്കുന്ന വിമോചന യാത്ര. ഇതിന്റെ ബഹ്‌റൈന്‍ തല പ്രചരണോദ്‌ഘാടനം മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ വെച്ച്‌ നടന്നിരുന്നു. 
സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച്‌ നടക്കുന്ന പര്യടനത്തിന്റെ ഉദ്‌ഘാടനം ഏപ്രില്‍ 12 വ്യാഴാഴ്‌ച രാത്രി 10 മണിക്ക്‌ ഹൂറ സമസ്‌ത മദ്രസ്സ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കും. ബഹ്‌റൈനിലെ വിവിധ ഏരിയകളിലൂടെയുള്ള  പര്യടനം മാസാവസാനം മനാമ സമസ്‌താലത്തില്‍ സമാപിക്കും. 
കെ.എം.എസ്‌ മൌലവി മുഖ്യ പ്രഭാഷണം നടത്തും. സി.കെ.പി അലി മുസ്ലിയാര്‍, ഉമറുല്‍ഫാറൂഖ്‌ ഹുദവി, ഉബൈദുല്ല റഹ്‌മാനി, അബ്‌ദുറസാഖ്‌ നദ്‌വി, മൌസല്‍ മൂപ്പന്‍ തിരൂര്‍, ഹംസ അന്‍വരി മോളൂര്‍ തുടങ്ങി യവര്‍ സംബന്ധിക്കും.