കാന്തപുരം മുബാഹലക്ക്‌ തയ്യാറാവണം: ഡോ.ബഹാഉദ്ദീന്‍ നദ്‌വി

തിരൂരങ്ങാടി : തിരുകേശം എന്ന പേരില്‍ കാന്തപുരത്തിന്‍റെ കയ്യിലുള്ള മുടിയുടെ കാര്യത്തില്‍ കാന്തപുരം മുബാഹലക്ക്‌ (ശാപപ്രാര്‍ത്ഥന) തയ്യാറാവണമെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി വെല്ലുവിളിച്ചു. SKSSF സംസ്ഥാന കമ്മിറ്റി നടത്താനിരിക്കുന്ന വിമോചന യാത്രയുമായി ബന്ധപ്പെട്ട്‌ ദാറുല്‍ ഹുദായില്‍ സംഘടിപ്പിച്ച വിളംബര സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങളായി കാന്തപുരം ഇതിന്‍റെ പേരില്‍ ആത്മീയ ചൂഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌. അതിന്‍റെ യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക്‌ നിരന്തരം എത്തിച്ചുകൊടുക്കുന്ന ദൗത്യമാണ്‌ SKSSF നടത്തിക്കൊണ്ടിരിക്കുന്നത്‌. തല്‍പരകക്ഷികളുടെ വാദങ്ങള്‍ പലതവണ എതിര്‍ക്കപ്പെട്ടപ്പോള്‍ നിലനില്‍പിനായി ധര്‍മം മറന്ന്‌ എന്ത്‌ വില കൊടുത്തും പൊരുതിയ കാന്തപുരം വിഭാഗത്തിന്‍റെ തനിനിറം പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അധികം താമസിയാതെ തന്നെ കാന്തപുരത്തിന്‍റെ നിഷ്‌പക്ഷമതികളായ അനുയായികളുടെ കൂട്ടമായ ഇറങ്ങിപ്പോക്ക്‌ കാണാനിരിക്കുന്നതേയുള്ളൂവെന്നും സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രസ്‌താവിച്ചു.
യു.ശാഫി ഹാജി ചെമ്മാട്‌ അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. ജലീല്‍ സഖാഫി പുല്ലാര, റഹീം ചുഴലി, റഫീഖ്‌ അഹ്‌മദ്‌ തിരൂര്‍ സംസാരിച്ചു. MSF, SYS, എസ്‌.കെ.എം.എം., എസ്‌.കെ.എം.., SKSSF സംഘടനകളുടെ മണ്ഡലം, പഞ്ചായത്ത്‌, ശാഖ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.