കാസര്‍കോട്: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് 19-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി മിക്‌സോസ് 2012 മെഗാ എക്‌സ്‌പോ ഏപ്രില്‍ 17ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ജില്ലാ കലക്ടര്‍ വി. എന്‍ ജിതേന്ദ്രന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി അധ്യക്ഷത വഹിക്കും. എം.ഐ.സി പ്രസിഡന്റ് ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, വൈസ് പ്രസിഡന്റ് കെ. മൊയ്തീന്‍ കുട്ടി ഹാജി, ദാറുല്‍ ഇര്‍ഷാദ് പ്രില്‍സിപ്പല്‍ അന്‍വറലി ഹുദവി മാവൂര്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ് അബ്ദുര്‍ ഖാദര്‍, എം.ഐ.സി ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. വി ചാക്കോ, പ്രമുഖ കാലിഗ്രാഫി വിദഗ്ദ്ധന്‍ ഖലീലുള്ള ചെമ്മനാട് എന്നിവര്‍ സംബന്ധിക്കും.
എം.ഐ.സി ക്യാമ്പസില്‍ തയ്യാറായി വരുന്ന എക്‌സിബിഷനില്‍ വാണിജ്യ വില്‍പ്പന സ്റ്റാളുകളുണ്ടാകും. കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് വിപുലമായ അറിവും ആശ്ചര്യവും പകരുന്ന വിജ്ഞാന വിരുന്ന് നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എം.ഐ.സി പ്രസിഡന്റ് ത്വാഖാ അഹമദ് മൗലവി, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല, ജന. സെക്രട്ടറി യു. എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എക്‌സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ ശരീഫ് ഹാജി, കോര്‍ഡിനേറ്റര്‍ ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് എന്നിവര്‍ പങ്കെടുത്തു.