സദാചാരം സമൂഹനന്മയ്ക്ക് എസ് എം എഫ് ജില്ലാ തല ക്യാമ്പയിന്‍ സമാപനം മെയ് 23 ന് ചെര്‍ക്കളയില്‍


കാസര്‍കോട് : സംസ്ഥാന വ്യാപകമായി സുന്നി മഹല്ല് ഫെഡറേഷന്‍ സദാചാരം സമൂഹ നന്മക്ക് എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിവരുന്ന ക്യാമ്പയിന്റെ ജില്ലാതല സമാപന സംഗമം മെയ് 23 ന് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് എസ് എം എഫ് ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമാപന യോഗത്തില്‍ എസ് എം എഫ് സംസ്ഥാന പ്രസിഡണ്ട് സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദിന്‍ മുസ്ല്യാര്‍, പിണങ്ങോട് അബൂബക്കര്‍ സാഹിബ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദവി അല്‍ ഫൈസി കൂരിയാട് തുടങ്ങിയ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.
ഏപ്രില്‍ 1 മുതല്‍ ആരംഭിച്ച ക്യാമ്പയിന്‍ കാലയളവില്‍ മഹല്ല് തല കുടുംബസംഗമങ്ങള്‍ ക്വിസ് മത്സരങ്ങള്‍ എന്നിവ നടന്നുവരുന്നു.
30 ന് ചെര്‍ക്കളയില്‍ നടക്കുന്ന ആദരിക്കല്‍ സമ്മേളനത്തില്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട മഹല്ലുകളില്‍ പത്താം സ്ഥാനവും, ജില്ലയില്‍ ഒന്നാം സ്ഥാനവും നേടിയ ചെര്‍ക്കള മുഹിയുദ്ദിന്‍ ജമാഅത്ത് കമ്മിറ്റിയേയും, ജില്ലയില്‍ രണ്ടാം സ്ഥാനവും സംസ്ഥാന തലത്തില്‍ മുപ്പിത്തിരണ്ടാം സ്ഥാനവും കരസ്ഥമാക്കിയ തൊട്ടി മുഹിയുദ്ദിന്‍ ജമാഅത്ത് കമ്മിറ്റിയേയും ആദരിക്കുകയും, അവാര്‍ഡും പ്രശസ്ത്രി പത്രവും സമര്‍പ്പിക്കും.
പാണക്കാട് സയ്യിദ്‌ റഷീദലി ശിഹാബ് തങ്ങള്‍ അവാര്‍ഡും, പ്രശംസാപത്രവും സമ്മാനിക്കും. സമസ്തയുടെയും അനുബന്ധ സംഘടനകളുടെയും ജില്ലാ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ചെര്‍ക്കളം അബ്ദുല്ല, പി ബി അബ്ദുല്‍റസാഖ് എം എല്‍ എ, ഇബ്രാിം മുണ്ട്യത്തടുക്ക എന്നിവര്‍ പങ്കെടുത്തു.