
കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇസ്‍ലാം സ്നേഹ തീരം പ്രവാചകന്‍ ശാന്തി ദൂതന്‍ എന്ന പ്രമേയവുമായി സംഘടിപ്പിച്ച മുഹബ്ബത്തെ റസൂല്‍ 2010 മീലാദ് കാന്പയിന്‍ സമാപിച്ചു. അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ശിഹാബ് തങ്ങള്‍ നഗരിയില്‍ നടന്ന സമാപന പൊതുസമ്മേളനത്തില്‍ അറബ് പ്രമുഖരും മത സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളുമുള്‍പ്പെടെ നിരവധി പേര്‍ സംബന്ധിച്ചു.
ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫെസി എടയാറ്റൂരിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഭിശപ്തത അരങ്ങ് വാഴുന്ന വര്‍ത്തമാന ലോകത്തിന് വെളിച്ചം കാട്ടാനും ധര്‍മ്മബോധമുള്ള സാമൂഹിക ക്രമത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കാനും തിരുനബി ദര്‍ശനങ്ങള്‍ക്ക് മാത്രമെ കഴിയുകയുള്ളൂവെന്നും പുണ്യറസൂലിന്‍റെ വിശുദ്ധ ജീവിതവും വ്യക്തിത്വവും സ്വന്തം ജീവിത വ്യവഹാരങ്ങളില്‍ പകര്‍ത്തുക വഴി മാതൃകാ യോഗ്യരായ തലമുറയാവാന്‍ വിശ്വാസികള്‍ കഠിനാദ്ധ്വാനം ചെയ്യണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുഹബ്ബത്തെ റസൂലിനോടനുബന്ധിച്ച് ഇസ്‍ലാമിക് സെന്‍റര്‍ പുറത്തിറക്കിയ സോവനീര്‍ സിറ്റി ക്ലിനിക്ക് എം.ഡി. നൌഷാദിന് നല്‍കി അഡ്വ. ജാബിര്‍ അല്‍ അന്‍സി പ്രകാശനം ചെയ്തു. സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ ഇസ്‍ലാമിക് സെന്‍റര്‍ മദ്റസ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മദ്റസ ഫെസ്റ്റില്‍ കഴിവ് തെളിയിച്ച കുരുന്നു പ്രതിഭകള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.
മുസ്ഥഫ ഹുദവി ആക്കോട് പ്രമേയ പ്രഭാഷണം നടത്തി. കോര്‍പറേറ്റ് ഫാഷിസ്റ്റുകളും സാമ്രാജ്വത്ത ഭീകരന്മാരും ഇസ്‍ലാം വിരുദ്ധ മാധ്യമക്കൂട്ട്കെട്ടുകളും ഒരുമിച്ച് ഭീകരതയുടെയും അശാന്തിയുടെയും അവകാശികളായി മാത്രം മുസ്‍ലിംകളെ പരിചയപ്പെടുത്തുകയും തിരുനബിയുടെ മഹിത മാര്‍ഗ ദര്‍ശനങ്ങളെ പകര്‍ത്താന്‍ നവ മുസ്‍ലിം സമൂഹം വിസമ്മതിക്കുകയും ചെയ്യുന്നതാണ് ലോകത്തിന്‍റെ വര്‍ത്തമാനം. സ്നേഹവും സഹനവും സഹവര്‍ത്തിത്ത്വവും വഴി സഹ മതങ്ങളോട് പോലും അനുകന്പാപൂര്‍വ്വം വര്‍ത്തിച്ച പ്രവാചക ദര്‍ശനങ്ങളെ പരിചയപ്പെടുത്തുന്നതിന് പകരം മതം കേവലം പ്രതിരോധമാണെന്ന് വരുത്തിത്തീര്‍ക്കാനും ജീവിതത്തിന്‍റെ സമസ്ത മേഖലകളെ സ്പര്‍ശിക്കുന്ന സമഗ്രമായൊരു ജീവിത വ്യവസ്ഥിതി തന്‍റെ വിശുദ്ധ ജീവിതത്തിലൂടെ ലോകത്തിന് സമര്‍പ്പിച്ച തിരുനബിയുടെ സ്മരണ പുതുക്കുന്നത് പോലും മതരീതിയല്ലെന്ന് പ്രചരിപ്പിക്കാനും ചില മുസ്‍ലിം സംഘടനകള്‍ തന്നെ രംഗത്ത് വന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ബുര്‍ദ മജ്‍ലിസ്, ദഫ് തുടങ്ങിയ വിവിധ കലാ പരിപാടികള്‍ നടന്നു. സുന്നി കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി കുഞ്ഞി മുഹമ്മദ് കുട്ടി ഫൈസി, കെ.എം.സി.സി. ജനറല്‍ സെക്രട്ടറി സലാം വളാഞ്ചേരി, കെ.കെ.എം.എ. പ്രസിഡന്‍റ് മുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദലി പുതുപ്പറന്പ്, ഇ.എസ്. അബ്ദുറഹ്‍മാന്‍ , മുസ്തഫ ദാരിമി, ഇഖ്ബാല്‍ മാവിലാടം, മന്‍സൂര്‍ ഫൈസി, ഉസ്‍മാന്‍ ദാരിമി , രായിന്‍ കുട്ടി ഹാജി, ശുക്കൂര്‍ , മൊയ്തീന്‍ഷാ, ലത്തീഫ് എടയൂര്‍ , മുസു രായിന്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. ഇല്യാസ് മൌലവി സ്വാഗതവും ഗഫൂര്‍ ഫൈസി നന്ദിയും പറഞ്ഞു.