ഇസ്‍ലാമിക് സെന്‍റര്‍ ഏഴിന പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി.

ജിദ്ദ : ജിദ്ദ ഇസ്‍ലാമിക് സെന്‍ററില്‍ പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്ന ഏഴിന പദ്ധതികള്‍ക്ക് ജെ.ഐ.സി. കൗണ്‍സില്‍ അംഗീകാരം നല്‍കി. എംപ്ലോയ്മെന്‍റ് ബ്യൂറോ, മാരേജ് സെല്‍ , സ്പോര്‍ട്സ് വിംഗ്, കലാ ട്രൂപ്പ്, സാഹിത്യ വിചാര വേദി, തുന്പികള്‍ ബാലവേദി, വനിതാ വിംഗ് തുടങ്ങിയ പുതിയ ഏഴിന പദ്ധതികള്‍ക്കാണ് 301 അംഗ ജെ.ഐ.സി. കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ദഅ്വാ, ഉലമാ, മീഡിയാ, സിയാറ, ടൂര്‍ , സേവനം, പ്രാസ്ഥാനികം, പ്രസാധനം, ഐ.ടി., എന്നീ നിലവിലുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് പുറമെയാണീ നവ പദ്ധതികള്‍.

ദിശാബോധത്തിന്‍റെ ദശാബ്ദം എന്ന പ്രമേയവുമായി ജെ.ഐ.സി. സംഘടിപ്പിക്കുന്ന ദശ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച പത്തു പദ്ധതികളുടെ പൂര്‍ത്തീകരണം അവസാന ഘട്ടത്തിലേക്ക് കടന്നു. നിര്‍ധനര്‍ക്ക് പത്ത് വീടുകള്‍ പദ്ധതിയില്‍ അഞ്ച് വീടുകളുടെ പണി പൂര്‍ത്തിയായി. 3 വീടുകളുടെ പണി നടന്നു വരുന്നു. നല്ല വീട്ടുകാര്‍ക്ക് 10 നല്ല കൂട്ടുകാര്‍ എന്ന പത്തു പുതിയ പുസ്തകങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. അടുത്ത മാസം നാട്ടിലും ജിദ്ദയിലും പുസ്തക പ്രകാശനം നടക്കും. ഇവിടെ നിന്ന് മേല്‍വിലാസം സ്വീകരിച്ച് പത്ത് പുസ്തകങ്ങള്‍ ഒന്നിച്ച് നാട്ടില്‍ വീടുകളിലെത്തിക്കും. ഇക്കൂട്ടത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതവും ദര്‍ശനവും പ്രമേയമായി പ്രമുഖ പത്ര പ്രവര്‍ത്തകന്‍ സി.പി. സൈതലവി എഴുതിയ അടയാത്ത വാതില്‍ എന്ന പുസ്കതവും ഉള്‍പ്പെടും.

അടയാത്ത വാതില്‍ (സി.പി. സൈതലവി), അമൃത വര്‍ഷം (പ്രൊഫ. അബ്ദുല്‍ അലി), പ്രകാശപ്പൊട്ടുകള്‍ - കഥാ ജാലിക (ഉസ്മാന്‍ ഇരിങ്ങാട്ടിരി), പിഴക്കരുത് നിങ്ങള്‍ രക്ഷിതാവാണ് (എസ്.വി. മുഹമ്മദലി), പ്രകാശത്തുള്ളികള്‍ (ജലീല്‍ ഫൈസി പുല്ലങ്കോട്), ഇസ്‍ലാമിക വ്യക്തിത്വം (ടി.എച്ച്. ദാരിമി), ദീനിലെ ദിന ചര്യകള്‍ (അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ), ഖുര്‍ആന്‍ ആശയവും ആവിഷ്ക്കാരവും (സലാം നദ്‍വി പുവ്വത്താണി), സപ്ത പാപങ്ങള്‍ (എം.കെ. കൊടശ്ശേരി), ജീര്‍ണ്ണതയുടെ കുടുംബ വായന (ഹംസ റഹ്‍മാനി), എന്നിവയാണ് പുസ്തകങ്ങള്‍ . പത്ത് കോഴ്സുകള്‍ പരിപാടിയില്‍ ആറു കോഴ്സുകള്‍ നടന്നു കഴിഞ്ഞു. ഉറുദു കോഴ്സിന്‍റെ ഉദ്ഘാടനം കഴിഞ്ഞു.

ജെ.ഐ.സി. കൗണ്‍സില്‍ പി.കെ. അബ്ദുസ്സലാം ഫൈസി ഉദ്ഘാടനം ചെയ്തു. ജെ.ഐ.സി. കോ-ഓര്‍ഡിനേറ്റര്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്ലാനിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ഉസ്‍മാന്‍ ഇരിങ്ങാട്ടിരി പുതിയ പദ്ധതികള്‍ അവതരിപ്പിച്ചു. അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, അബ്ദുല്ല കുപ്പം, പ്രസംഗിച്ചു. വിവിധ വകുപ്പുകളുടെ പ്രതിനിധികളായി സയ്യിദ് സീതിക്കോയ തങ്ങള്‍ , അബ്ദുല്‍ ബാരി ഹുദവി, ഉബൈദ് പറന്പില്‍ പീടിക, മജീദ് പുകയൂര്‍ , ഉസ്മാന്‍ എടത്തില്‍ , ബഷീര്‍ മാട്ടില്‍ , ഉമര്‍കുട്ടി അരീക്കോട്, ഗഫൂര്‍ പട്ടിക്കാട്, ജലീല്‍ എടപറ്റ, മുഹമ്മദ് സലീം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടുപുഴയിലരങ്ങേറിയ മത നിന്ദക്കെതിരെ ജെ.ഐ.സി. ശക്തമായി പ്രതിഷേധിക്കുകയും കുറ്റവാളികളെ മാതൃകാ പരമായി ശിക്ഷിക്കാന്‍ കേരള ഗവണ്‍മെന്‍റ് ആര്‍ജ്ജവം കാണിക്കണമെന്നും കേരളത്തിലെ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ നടക്കുന്ന കുത്സിത നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ എല്ലാ മതേതര വിശ്വാസികളും മുന്നോട്ടു വരണമെന്നും കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.