ഖാദിയുടെ മരണം: വിട്ടുവീഴ്ചയില്ലാത്ത സമരവുമായി സമസ്ത

കണ്ണൂര്‍: ചെമ്പിരിക്ക^മംഗലാപുരം ഖാദി സി.എം.അബ്ദുല്ല മുസ്ലിയാരുടെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കുന്നത്വരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് പ്രഖ്യാപിച്ച് ജില്ലകളില്‍ ഇന്നലെ പ്രക്ഷോഭ സമ്മേളനങ്ങള്‍ ചേര്‍ന്നു.
ഖാദിയുടെ അപദാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വികാരഭരിതമായ സമ്മേളനത്തില്‍ ആയിരങ്ങളാണ് ഒത്തുചേര്‍ന്നത്.
ഖാദിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഇനി സമസ്തക്ക് ഒരു വിശ്രമവുമില്ലെന്ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സമസ്ത ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്‍ പ്രസ്താവിച്ചു. അബ്ദുല്ല മുസ്ലിയാര്‍ വെറും വ്യക്തിയല്ല, പ്രസ്ഥാനമാണ്.
അദ്ദേഹം ഉന്മൂലനം ചെയ്യപ്പെടുകയായിരുന്നു. ഇത് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഖാദിയുടേത് ആത്മഹത്യയോ സ്വാഭാവികമോ ആയ മരണമാണെന്ന് വരുത്താനുള്ള പൊലീസ് ശ്രമത്തെ അദ്ദേഹം രൂക്ഷമായി വിര്‍മര്‍ശിച്ചു.


പ്രസ്ഥാനത്തിന് കീഴിലുള്ള പതിനഞ്ച് ലക്ഷം വിദ്യാര്‍ഥികളും ഒന്നരലക്ഷം അധ്യാപകരും ഉള്‍പ്പെടുന്ന ബഹുജനങ്ങളെ സമരമുഖത്ത് ഇറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.