
മംഗലാപുരം : കാസര്‍കോട് തളങ്കര ഖാസിലൈനിലെ ത്വാഖ അഹമ്മദ് മുസ്ലിയാര്‍ മംഗലാപുരം സീനത്ത് ബക്ഷെ സെന്‍ട്രല്‍ ജുമാമസ്ജിദ് ഖാസിയായി ചുമതലയേറ്റു. ശനിയാഴ്ച വൈകീട്ട് സീനത്ത് ബക്ഷെ ജുമാ മസ്ജിദില്‍ നടന്ന ചടങ്ങില്‍ പട്ടിക്കാട് ജാമിയ നൂറിയ അധ്യക്ഷനും ഖാസിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാരോഹണം നടത്തിയത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനും കാസര്‍കോട് ഖാസിയുമായ ടി.കെ.എം.ബാവ മുസ്ലിയാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മംഗലാപുരം ഖാസി ആയിരുന്ന മരണപ്പെട്ട ചെമ്പരിക്ക സി.എം.അബ്ദുല്ല മൗലവിയുടെ സഹോദരീ പുത്രനാണ് പുതിയ ഖാസിയായി ചുമതലയേറ്റ ത്വാഖ അഹമ്മദ് മുസ്ലിയാര്‍. 1947 ആഗസ്ത് 10ന് ചെമ്പരിക്കയില്‍ ജനിച്ച അഹമ്മദ് മുസല്യാര്‍ ലക്‌നൗ ദയൂബന്ദ് അറബിക് കോളേജിലാണ് മതപഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ഈജിപ്തിലെ അല്‍ അസ്ഹറില്‍ ഉപരിപഠനം നടത്തി. 30 കൊല്ലക്കാലം ഒമാന്‍ സലാലയിലെ പ്രസിദ്ധമായ ത്വാഖ 'മസ്‌ജിദ് ശൈഖ സല്‍മ' യില്‍ ഖതീബായി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.
സമസ്ത മുഷാവറ അംഗം അബ്ദുള്‍ ജബ്ബാര്‍ മുസ്ലിയാര്‍, ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹിം മുസല്യാര്‍, മൂടിഗെരെ ഖാസി എന്‍.പി.എം. സൈനു ആബിദീന്‍ തങ്ങള്‍, അത്രാടി ഖാസി അബൂബക്കര്‍ മുസല്യാര്‍, സീനത്ത് ബക്ഷി ജുമാമസ്ജിദ് പ്രസിഡന്റ് വൈ.അബ്ദുള്ളക്കുഞ്ഞി യേനപോയ, ഉള്ളാള്‍ എം.എ.എ. യു.ടി. ഖാദര്‍, വഖഫ് കമ്മിറ്റി ചെയര്‍മാന്‍ വൈ. മുഹമ്മദ് കുഞ്ഞി ഹാജി, മംഗലാപുരം മുന്‍ മേയര്‍ കെ.എ. അഷ്‌റഫ്, മംഗലാപുരം കേന്ദ്ര ജുമാമസ്ജിദ് ഖത്തീബ് ഇബ്രാഹിം ദാരിമി, സമീര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദു ഖാദിര്‍ സാഹിബ്, ബംബ്രാണ മുദരീസ് ബി.കെ. അബ്ദു ഖാദിര്‍ മുസ്ള്യാര്‍തുടങ്ങിയവര്‍,സി.എ. അഹമ്മദ് ഷാഫി ചെമ്പരിക്ക ചടങ്ങില്‍ പങ്കെടുത്തു.
സെന്‍ട്രല്‍ ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന ഖുര്‍-ആന്‍ ആന്‍ഡ് അറബിക് കോളേജിന്റെ ശിലാന്യാസവും ശനിയാഴ്ച നടന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് കോളേജ് കെട്ടിടത്തിന്റെ ശിലാന്യാസ കര്‍മ്മം നടത്തിയത്. കാസര്‍കോട്ട് നിന്നടക്കം നിരവധി പേര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
മംഗലാപുരം കേന്ദ്ര ജുമാമസ്ജിദ് പ്രസിഡ് വൈ. അബ്ദുക്കുഞ്ഞി സ്വാഗതവും ട്രഷറര്‍ എസ്.ആര്‍. റഷീദ് ഹാജി നന്ദിയും പറഞ്ഞു.