വിശ്വാസികളെ തമ്മിലടിപ്പിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം: എസ്.വൈ.എസ്

മലപ്പുറം: മതവിശ്വാസികളെ ചേരിതിരിച്ച് തമ്മിലടിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ വിശ്വാസികളെ ഭിന്നിപ്പിച്ച് നിരീശ്വര വാദത്തിന് സ്വാധീനമുണ്ടാക്കാന്‍ ചില രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന നീക്കങ്ങളില്‍ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഉണ്ണ്യാലില്‍ പള്ളി ആക്രമിച്ചതും അത് സമുദായ വഴക്കായി ചിത്രീകരിച്ചതും ഇത്തരം നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് യോഗം വിലയിരുത്തി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, ഹാജി കെ. മമ്മദ് ഫൈസി അമ്പലക്കടവ്, കാളാവ് സൈതലവി മുസ്‌ലിയാര്‍, പി.വി. മുഹമ്മദ് ഫൈസി, ഹാജി യു. മുഹമ്മദ് ഷാഫി എന്നിവര്‍ പ്രസംഗിച്ചു.