'സുപ്രഭാതം' ദിനപത്രം മലയാളത്തിന്‌ സമര്‍പ്പിച്ചു

സുപ്രഭാതം മുന്‍നിര പത്രമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 
കോഴിക്കോട് : സുപ്രഭാതം ദിനപത്രം കേരളത്തിലെ ഒന്നാംകിട പത്രമാവുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുപ്രഭാതം ദിനപത്രം പത്മശ്രീ ഡോ. ആസാദ് മൂപ്പനു നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രഭാതം ഈ നാടിനാകെ ഏറ്റവും പ്രചോദനമാവുന്ന ദിനപത്രമാവട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മള്‍ മാധ്യമങ്ങളുടെ കാര്യത്തില്‍ വളരെ മുമ്പോട്ടുപോയിട്ടുള്ള സംസ്ഥാനമാണ്. മാധ്യമങ്ങള്‍ ജനാധിപത്യത്തിനു ശക്തിപകരേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. മാധ്യമധര്‍മം ഉയര്‍ത്തിപ്പിടിക്കണം. അതിന് ഒരു പോറലേറ്റാല്‍ അതു രാജ്യത്തിന്റെ ഹൃദയത്തിനേറ്റ പോറലാവും. എല്ലാ നന്‍മകള്‍ക്കും നേതൃത്വവും, ആത്മവിശ്വാസവും നല്‍കേണ്ടതു മാധ്യമങ്ങളാണ്. മതസൗഹാര്‍ദ്ദത്തിനും, ജനാധിപത്യത്തിനും പത്രങ്ങള്‍ ശക്തിപകരണം. അതുപോലെ മാധ്യമങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങളും ആവശ്യമാണ്. എന്നാല്‍, ആ വിമര്‍ശനം പോസിറ്റീവ് ആയിരിക്കണം. എതിര്‍പ്പുകളും വിമര്‍ശനങ്ങളും തെറ്റായ രീതിയാലാവരുത്. സുപ്രഭാതം മാധ്യമരംഗത്തെ ഒന്നാംവിഭാഗത്തില്‍പ്പെടുമെന്ന കാര്യത്തില്‍ സംശയവുമില്ല. ഇതിനു നേതൃത്വം കൊടുത്തവര്‍ ഇതിനകം സാമൂഹികപ്രവര്‍ത്തനത്തിലും രാജ്യതാല്‍പ്പര്യത്തിനും അനുസരിച്ചു പ്രവര്‍ത്തിച്ചു മാതൃകകാട്ടിയവരാണ്. അതിനാല്‍ സുപ്രഭാതം ഈ സമൂഹത്തിന് ശക്തിപകരുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജനങ്ങളുടെ ശബ്ദമാണു മാധ്യമങ്ങളെന്നു ചടങ്ങിന് ആശംസയര്‍പ്പിച്ചു സംസാരിച്ച ഇ. അഹമ്മദ് എം.പി പറഞ്ഞു. ജനങ്ങളുടെ ശബ്ദദം ആര്‍ക്കും അവഗണിക്കാനാവില്ല. മാത്രമല്ല ജനപത്രിനിധികളുടെ ശബ്ദവും ആര്‍ക്കും അവഗണിക്കാനാവില്ലെന്ന് ഒരു ജനപ്രതിനിധിയായ ഞാന്‍ ഈയവസരത്തില്‍ പറയാന്‍ ഉദ്ദേശിക്കുന്നു. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സുപ്രഭാത്തിനാവണം. എല്ലാ വിഭാഗം ജനങ്ങള്‍ക്കിടലും രഞ്ജിപ്പും ഐക്യവും ഉണ്ടാവേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. തമ്മിലടിപ്പിക്കുകയല്ല തമ്മിലടുപ്പിക്കുകയാണു പത്രത്തിന്റെ ലക്ഷ്യം ആവേണ്ടതെന്നും ഇ. അഹമ്മദ് പറഞ്ഞു. സുപ്രഭാതം രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. 

'സ്‌നേഹപൂര്‍വ്വം സുപ്രഭാതം' പദ്ധതിയുടെ ഉദ്ഘാടനം നൂറുല്‍ ഇസ്‌ലാം യൂണിവേഴ്‌സിറ്റി പ്രോ. ചാന്‍സിലര്‍ എം.എസ് ഫൈസല്‍ഖാന്‍ നിര്‍വഹിച്ചു.  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യാതിഥികള്‍ക്കുള്ള ഉപഹാരം നല്‍കി. മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദ് എം.പി, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ  ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ കെ.സി ജോസഫ്, ഡോ. എം. കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, എം.പിമാരായ എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ ഷാനവാസ്, എം.എല്‍.എമാരായ എ പ്രദീപ്കുമാര്‍, എം.പി അബ്ദുസ്സമദ് സമദാനി, മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, അഡ്വ. പി.എസ് ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം ആശംസിച്ചു. കോഴിക്കോട് മിനി ബൈപ്പാസില്‍ സരോവരം ബയോപാര്‍ക്കിന് മുന്‍വശത്തെ പന്തലിലായിരുന്നു പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങ്. പണ്ഡിതവര്യന്‍മാരും സമുദായ നേതാക്കളും സാംസ്‌കാരിക നായകരും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം ചടങ്ങിന് പ്രൗഢിയേകി. 
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, എം ടി അബ്ദുല്ല മുസ്‌ലിയാര്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ എം സ്വാദിഖ് മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് കണ്‍വീനര്‍ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍, ഡയറക്ടര്‍മാരായ ഡോ. മുഹമ്മദ് ബഹാഉദ്ദീന്‍ നദ്‌വി, പിണങ്ങോട് അബൂബക്കര്‍, മുസ്തഫ മുണ്ടുപാറ, എഡിറ്റര്‍ ഇന്‍ ചാര്‍ജ് സി.പി രാജശേഖരന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. - Suprabhaatham.

സുപ്രഭാതം ദിനപത്രം പ്രകാശനചടങ്ങിന്റെ പൂര്‍ണ്ണ റെക്കോര്‍ഡ്‌ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക