കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്ടോ.അഞ്ചിന് ഞായറാഴ്ച; ഒമാൻ അടക്കം ഗൾഫ്‌ രാജ്യങ്ങളിൽ ശനിയാഴ്ച

കോഴിക്കോട്/ റിയാദ്: ദുല്‍ഖഅ്ദ 29 (ബുധനാഴ്ച) മാസപ്പിറവി  ദര്‍ശിക്കാത്തതിനാല്‍ കേരളത്തില്‍ ബലി പെരുന്നാള്‍ ഒക്ടോബര്‍ അഞ്ച് ഞായറാഴ്ചയായിരിക്കുമെന്ന്  സമസ്ത നേതാക്കളും വിവിധ ഖാസിമാരും അറിയിച്ചു.
കേരളത്തിൽ ഇന്നലെ  (വ്യാഴം) ദുല്‍ഖഅ്ദ 30 പൂര്‍ത്തീകരിച്ച് ഇന്നു (വെള്ളി)ദുല്‍ഹിജ്ജ ഒന്നായും അതനുസരിച്ചു ബലി പെരുന്നാള്‍ അടുത്തമാസം അഞ്ചിനു ഞായറാഴ്ചയായിരിക്കുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കാസര്‍കോട് ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചിട്ടുണ്ട്.
അതേ സമയം സഊദിയില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഒമാൻ അടക്കമുള്ള എല്ലാ ഗൾഫ്‌ രാജ്യങ്ങളിലും ശനിയാഴ്ചയാണ്  ബലിപെരുന്നാൾ.  സഊദിയില്‍ ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച അറഫാദിനവും നാല്  ശനിയാഴ്ച ബലിപെരുന്നാളുമാണെന്ന് സഊദി സുപ്രീംകോടതിയും റോയല്‍ കോര്‍ട്ടും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.