ഉദ്യോഗസ്ഥരായ മതസംഘടനാ ഭാരവാഹികള്‍ക്ക് സര്‍ക്കാര്‍ വിലക്ക്; മതസംഘടനാ ഭാരവാഹികള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

തേഞ്ഞിപ്പലം : സാമുദായിക മതസംഘടനകളുടെ ഭാരവാഹിത്വം ഏറ്റെടുക്കുന്നതില്‍ നിന്നും അത്തരം സംരംഭങ്ങള്‍ക്കായി സംഭാവനകള്‍ സ്വീകരിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരെ വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം (ഗസറ്റ് വാല്യം 3, 2014 ഓഗസ്റ്റ് 14, നമ്പര്‍ 2056) റദ്ദാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അദ്ധ്യാപകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും വൈജ്ഞാനികവും സാങ്കേതികവുമായ കഴിവുകള്‍ സാമൂഹിക പുരോഗതിക്ക് വിനിയോഗിക്കപ്പെടുകയും സഹായകമാവുകയും ചെയ്യുന്നു എന്ന മഹത്തായ രാഷ്ട്രനന്മയാണ് ഈ നിയമത്തിലൂടെ നഷ്ടമാവുകയെന്ന് യോഗം വിലയിരുത്തി. 
സര്‍ക്കാര്‍ ഡ്യൂട്ടികള്‍ നിര്‍വഹിക്കുന്നതില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വീഴ്ച വരുന്നുണ്ട് എന്നാണ് ആക്ഷേപമെങ്കില്‍ സ്ഥാപനസാരഥികളോ വകുപ്പുമേധാവികളോ അതിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും യോഗം നിര്‍ദ്ദേശിച്ചു. എലിയെ പേടിച്ച് ഇല്ലം ചുടുന്ന കാഴ്ചപാടില്‍ നിന്നുണ്ടായ  ഈ നിയമം ഉടനെ പിന്‍വലിക്കണമെന്നും മുഴുവന്‍ മത സാമുദായിക മേഖലകളില്‍ നിന്നും ഇതിനെതിരെ വ്യാപകമായ ശബ്ദമുയരണമെന്നും യോഗം ആവശ്യപ്പെട്ടു. 
ചേളാരി മുഅല്ലിം പ്രസ്സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കൗണ്‍സില്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ഒ.എം. ശരീഫ് ദാരിമി കോട്ടയം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, എം.എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍, സലാം ഫൈസി മുക്കം, എ.എം. ശരീഫ് ദാരിമി നീലഗിരി,  കെ.എഛ്. അബ്ദുസ്സമദ് ദാരിമി എറണാകുളം, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, അബ്ദുല്‍ കബീര്‍ ദാരിമി തിരുവനന്തപുരം, ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, ബദ്‌റുദ്ദീന്‍ ദാരിമി ചിക്മഗുളുരു എന്നിവര്‍ സംസാരിച്ചു. കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതവും മാനേജര്‍ എം.അബൂബക്ര്‍ മൗലവി നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen