ഹജ്ജ് വിശേഷങ്ങള്‍

സിം ഏതു മൊബൈലിലും ഉപയോഗിക്കാം
കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സിംകാര്‍ഡ് ഏതു മൊബൈല്‍ഫോണിലും ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റി. നേരത്തെ മൈക്രോ സ്വിം കാര്‍ഡുകളായതിനാല്‍ ചില മൊബൈല്‍ ഫോണുകളില്‍ ഇതുഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതുകണ്ടെണ്ടത്തിയാണ് ഹജ്ജ് കമ്മിറ്റി എല്ലാ മൊബൈല്‍ ഫോണിലും ഉപയോഗിക്കാവുന്ന രീതിയിലേക്ക് സിംകാര്‍ഡ് മാറ്റിയത്. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഇതു ഏറെ ആശ്വാസമായി. 
202 പേര്‍ യാത്ര റദ്ദാക്കി
കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനു അവസരം ലഭിച്ചവരില്‍ ഇതുവരെ 202 പേര്‍ യാത്ര റദ്ദാക്കി. ഇതുവരെ 6742 പേര്‍ക്കാണ് ഹജ്ജിനു അവസരം ലഭിച്ചത്. ഇവരില്‍ നിന്ന് 202 പേര്‍ അവസാനനിമിഷം യാത്രം റദ്ദാക്കി. യാത്ര റദ്ദാക്കുന്നവരുടെ സീറ്റിലേക്ക് വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളവരെ ഉള്‍പ്പെടുത്തുന്നുണ്ടണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട 6064 മാത്രമായിരുന്നു. പിന്നീട് അഡീഷണല്‍ ക്വാട്ടകള്‍ അടക്കം ലഭിച്ചതോടെയാണ് ഏറെപേര്‍ക്കും അവസരം ലഭിച്ചത്. അവസരം ലഭിച്ചവരില്‍ 3709 പേര്‍ക്കും അസീസിയ കാറ്റഗറിയിലാണ് താമസം ഒരുക്കിയിട്ടുള്ളത്. 2731 പേര്‍ ഗ്രീന്‍ കാറ്റഗറിയിലുമാണ് ഉള്‍പ്പെടുന്നത്. ഹജ്ജിനു അവസരം ലഭിച്ചവരില്‍ 1106 പേരും 70 വയസിനു മുകളില്‍ പ്രായമുള്ളവരാണ്.(സുപ്രഭാതം)
തിരക്കിലമര്‍ന്ന് ഹജ്ജ് ക്യാമ്പ്
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ക്യാമ്പ് മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ 1400 പേര്‍ മക്കയിലെത്തി. ഇതില്‍ ഞായര്‍, തിങ്കള്‍ ദിവസം പുറപ്പെട്ട 700 പേര്‍ ഉംറ കര്‍മ്മം പൂര്‍ത്തിയാക്കി. ഇന്നലെ രണ്ട് വിമാനങ്ങളിലായി 700 പേര്‍ യാത്ര തിരിച്ചു. ഉച്ച 12.30ന് പുറപ്പെട്ട സംഘത്തില്‍ 193 പുരുഷന്മാരും 157 സ്ത്രീകളുമുണ്ട്. കെ.പി സദഖത്തുല്ലയാണ് വളണ്ടിയര്‍. വൈകീട്ട് പുറപ്പെട്ട സംഘത്തില്‍ പി.എം സിദ്ധീഖ് ആണ് വളണ്ടിയര്‍.


സംഘത്തില്‍ 196 പുരുഷന്മാരും 154 സ്ത്രീകളുമുണ്ട്. ആദ്യസംഘത്തിന് സാബിഖ് അലി ശിഹാബ്തങ്ങള്‍, മുനീര്‍ ഹുദവി വിളയില്‍ ഉദ്‌ബോധന ക്ലാസെടുത്തു. തുടര്‍ന്ന് ടി.പി അബ്ദുല്ലക്കോയ മദനിയും ക്ലാസെടുത്തു. അഞ്ചാമത്തെ സംഘം ഇന്ന് 4.30ന് പുറപ്പെടും. 350 പേരും ഗ്രീന്‍ കാറ്റഗറിക്കാരാണ്. ഇവര്‍ മിസ്ഫലയിലെ ബ്രാഞ്ച് 8ല്‍ 87-ാം നമ്പര്‍ കെട്ടിടത്തില്‍ താമസിക്കും. സുബൈര്‍ ചെമ്മോളിയാണ് ഇവരുടെ വളണ്ടിയര്‍. രണ്ട് സംഘം പുറപ്പെട്ടതിനാല്‍ ഹജ്ജ് ക്യാമ്പില്‍ കനത്ത തിരക്ക് അനുഭവപ്പെട്ടു.


പരാതികള്‍ ഒന്നുമില്ല


കൊണ്ടോട്ടി: ഹജ്ജ് ക്യാമ്പിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ നല്‍കുന്നത് 100ല്‍ 100 മാര്‍ക്ക്. ഹജ്ജ് തീര്‍ത്ഥാടകരുടെ സുഗമമായ യാത്രക്കനുസരിച്ച് അവരുടെ താല്‍പര്യം മനസ്സിലാക്കിയാണ് കേരള ഹജ്ജ് കമ്മിറ്റി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. ഇത് പരാതികള്‍ ഒഴിവാക്കാന്‍ സഹായകമാകുന്നുണ്ട്. കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ ചുമതലയുള്ള കേന്ദ്ര ഹജ്ജ് ഉദ്യോഗസ്ഥന്‍ അന്‍സാരി ബിലാല്‍ മുഹമ്മദ് പറഞ്ഞു.


മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകേണ്ട പ്രവര്‍ത്തനങ്ങളാണ് കേരളത്തിന്റേത്. ഹാജിമാര്‍ക്ക് വേണ്ടി ത്യാഗം സഹിക്കാന്‍ ഇവിടത്തെ ജനങ്ങളും ഹജ്ജ് കമ്മിറ്റിയും തയ്യാറാവുന്നതാണ് ക്യാമ്പിന്റെ നേട്ടം. മറ്റു സംസ്ഥാനങ്ങളില്‍ ഇത് കാണുന്നില്ല. മറിച്ച് നേതാക്കള്‍ക്കും മറ്റുമാണ് പരിഗണന കിട്ടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റായ ലഖ്‌നൗവില്‍ പോലും ഹജ്ജ് യാത്രക്ക് ത്യാഗം ഏറെയാണ്. ഹജ്ജിന് അവസരം ലഭിച്ചവര്‍ ഹജ്ജ് യാത്രയുടെ 48 മണിക്കൂര്‍ മുമ്പ് ക്യൂ നിന്ന് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറണം.


പിന്നീട് 24 മണിക്കൂര്‍ കഴിഞ്ഞ് എത്തി രേഖകള്‍ കൈപ്പറ്റാറാണ് പതിവ്. ശേഷം വിമാനം പുറപ്പെടുന്നതിന്റെ 4 മണിക്കൂര്‍ മുമ്പ് എത്തുകയും വേണം. എന്നാല്‍ ഇവിടെ ഹാജിമാര്‍ക്ക് എല്ലാം നേരത്തെതന്നെ തയ്യാറാക്കി നല്‍കുന്നത് വലിയ അനുഗ്രഹമാണ്.


മുംബൈ എംബാര്‍ക്കേഷന്‍ പോയിന്റില്‍ 10 വര്‍ഷം ജോലിചെയ്ത ബിലാല്‍ മുഹമ്മദ് രണ്ട് തവണ വാരാണസിയിലും ഓരോ വര്‍ഷം ഔറംഗാബാദ്, ബാംഗ്ലൂര്‍, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലും നിരീക്ഷകനായിട്ടുണ്ട്. ഹജ്ജ് യാത്ര സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറുന്നത് ഇവരാണ്. തീര്‍ത്ഥാടക ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറക്ക് ഇവര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് വിവരം കൈമാറും. ഇതനുസരിച്ചാണ് മക്കയില്‍ താമസ സൗകര്യവും മറ്റും ഒരുക്കുക. ബിലാല്‍ മുഹമ്മദിനെ കൂടാതെ മുഹമ്മദ് മുക്താര്‍ അഹമ്മദ്, മുഹമ്മദ് സഫര്‍ ശൈഖ് എന്നിവരും ഹജ്ജ് ക്യാമ്പിലുണ്ട്.


പുണ്യഭൂമിയിലും മികച്ച സൗകര്യങ്ങള്‍


കൊണ്ടോട്ടി: നേരത്തെ തെരഞ്ഞെടുത്ത കാറ്റഗറിക്കനുസരിച്ചുള്ള കെട്ടിടമാണ് ഹാജിമാര്‍ക്ക് ലഭിക്കുക. ജിദ്ദ വിമാനത്താവളത്തില്‍ തീര്‍ത്ഥാടകര്‍ എത്തുന്ന മുറക്ക് ബസുകളില്‍ മുതവഫിന്റെ ഓഫീസിലേക്ക് എത്തിക്കും. പാസ്‌പോര്‍ട്ടുകള്‍ മുതവഫ് സൂക്ഷിക്കും. തുടര്‍ന്ന് തിരച്ചറിയല്‍ കാര്‍ഡും മഞ്ഞ നിറത്തിലുള്ള കൈയില്‍ കെട്ടുന്ന ബാന്‍ഡും നല്‍കും. പിന്നീട് താമസസ്ഥലത്തേക്ക് എത്തിക്കും. ഇത്തവണ താമസ സ്ഥലത്തെ സംബന്ധിച്ച വിവരവും മുതവഫിന്റെ വിവരങ്ങളും ബന്ധപ്പെട്ട നമ്പറുകളും ഹജ്ജ് കമ്മിറ്റി നേരത്തെ തന്നെ തീര്‍ത്ഥാടകര്‍ക്ക് കൈമാറുന്നുണ്ട്. ഈ വര്‍ഷം അവസരം ലഭിച്ച 6540 പേരില്‍ 2831 പേര്‍ ഗ്രീന്‍ കാറ്റഗറിയിലും 3709 പേര്‍ അസീസിയ്യ കാറ്റഗറിയിലുമാണ്. 6742 പേര്‍ക്കാണ് ഈ അവസരം ലഭിച്ചിരുന്നത്. ഇതില്‍ 202 പേര്‍ യാത്ര റദ്ദാക്കി.


ലഗേജ് നീക്കവും തടസമില്ലാതെ


കൊണ്ടോട്ടി: ലഗേജ് കൊണ്ടുപോവുന്നതില്‍ ഹാജിമാര്‍ പുലര്‍ത്തുന്ന സൂക്ഷ്മത ഇത്തവണ വിമാനത്താവളത്തിലെ പരിശോധന എളുപ്പമാക്കുന്നു. ലഗേജില്‍ കൊണ്ടുപോവാന്‍ പാടില്ലാത്ത വസ്തുക്കളെ സംബന്ധിച്ച് ഹജ്ജ് ഗൈഡില്‍ പ്രത്യേകം പറയുന്നുണ്ട്. പുറമെ ഹജ്ജ് പഠനക്ലാസില്‍ ഓര്‍മ്മപ്പെടുത്താറും പതിവാണ്. എങ്കിലും നഖംവെട്ടി, ചെറിയ ക്ലോക്ക്, അച്ചാര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കാണാറുണ്ട്. ഇത് പരിശോധനയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത് കാരണം വിമാനത്താവളത്തില്‍ നിന്ന് തുറക്കേണ്ടിവരുന്നത് പ്രയാസം ഉണ്ടാകും. എന്നാല്‍ ഇത്തവണ ഹജ്ജ് ട്രെയിനര്‍മാര്‍ മൂന്ന് ഘട്ടങ്ങളിലായി നല്‍കിയ പരിശീലനം വഴി ഹാജിമാര്‍ തന്നെ ഇത് പ്രത്യേകം ശ്രദ്ധിക്കുകയാണ്. 1400 പേര്‍ പുറപ്പെട്ടവരില്‍ ഒരാളുടേയും ലഗേജ് മാറ്റിവെക്കേണ്ടി വന്നിട്ടില്ലെന്ന് ഹജ്ജ്കമ്മിറ്റി അറിയിച്ചു.


ഗേറ്റ് നമ്പര്‍ മറക്കരുത്


കൊണ്ടോട്ടി: ഹാജിമാര്‍ ഹറമിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പ്രവേശിക്കുന്ന വഴിയുടെ തൊട്ടടുത്തുള്ള ഗേറ്റിന്റെ നമ്പര്‍ ഓര്‍മ്മിച്ചുവെക്കണം. ഹറമിലേക്ക് പ്രവേശിക്കാന്‍ 95 ഗേറ്റുകള്‍ ഉള്ളതുകൊണ്ട് വന്നവഴി കണ്ടെത്താന്‍ ഇത് ഉപകാരപ്പെടും. തിരക്കില്‍ പണം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ 50 സഊദി റിയാലില്‍ കൂടുതല്‍ കൈവശം വെക്കാതെ ശ്രദ്ധിക്കുക.- പി.വി ഹസീബ് റഹ്മാന്‍(ചന്ദ്രിക)