മലയാളക്കരയിലെ ആദ്യ ഹജ്ജ് സംഘം പുണ്യഭൂമിയിലെത്തി

 കൊണ്ടോട്ടി/ജിദ്ദ: അല്ലാഹുവിന്റെ അതിഥികളായി അവന്റെ വിളിക്ക് ഉത്തരം നല്‍കാന്‍ മലയാളക്കരയില്‍ നിന്നു പുറപ്പെട്ട ആദ്യസംഘം പരിശുദ്ധ ഭൂമിയിലെത്തി. കരിപ്പൂരില്‍ നിന്നും വൈകീട്ട് 4.30ഓടെ യാത്ര തിരിച്ച സംഘം സൗദി സമയം രാത്രി 7.30ഓടെയാണ് ജിദ്ദയില്‍ വിമാനമിറങ്ങിയത്. സംസ്ഥാനഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കുന്ന ആദ്യ മലയാളി ഹജ്ജ് സംഘത്തിലെ 164 പുരുഷന്‍മാരും 184 സ്ത്രീകളും രണ്ട് വളണ്ടിയര്‍മാരും ഉള്‍പ്പെടെ 350 ഹജ്ജാജിമാരാണ് ഇന്നലെ വിശുദ്ധ നഗരത്തില്‍ പ്രവേശിച്ചത്. 
കിനാവുകളില്‍ കാലങ്ങളോളം കഅ്ബ കണ്ടവര്‍ ഇനി ലബ്ബൈക്ക മന്ത്രം മുഖരിതമാകുന്ന വിശുദ്ധ നാട്ടിലെ കഅ്ബ കണ്‍കുളിര്‍ക്കെ കാണാനുള്ള കാത്തിരിപ്പിലാണ്. ഹജ്ജിന്റെ പുണ്യം തേടാന്‍ ഇഹ്‌റാമിന്റെ ശുഭ്ര വസ്ത്രം പോലെ മനസ്സൊരുക്കി വിശുദ്ധ നഗരത്തില്‍ പ്രവേശിച്ച ഹജ്ജാജിമാരെ സൗദിയിലെ ഇന്ത്യന്‍ പ്രതിനിധികള്‍ സ്വീകരിച്ചു. 
മക്കയിലേക്ക് തിരിച്ച ആദ്യ ഹജ്ജ് സംഘത്തിന് ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പാണ് ഒരുക്കിയത്. ആദ്യ ഹജ്ജ് വിമാനം മന്ത്രി ഡോ. എം.കെ മുനീര്‍ ഫഌഗ്ഓഫ് ചെയ്തു. ശനിയാഴ്ച വൈകീട്ടും ഞായറാഴ്ച രാവിലെയുമായി എത്തിയ ഹജ്ജാജിമാര്‍ പാസ്‌പോര്‍ട്ട്, തിരിച്ചറിയാനുള്ള കൈച്ചങ്ങല, തിരിച്ചറിയല്‍ കാര്‍ഡ്, സിംകാര്‍ഡ്, ചെലവഴിക്കാനുള്ള സൗദി റിയാല്‍, മുത്തവഫിന്റെ ബസ് ടിക്കറ്റ്, എ.ടി.എം കാര്‍ഡ് തുടങ്ങിയവ ഹജ്ജ് സെല്ലില്‍ നിന്നും കൈപ്പറ്റിയതിന് ശേഷമാണ് ഇഹ്‌റാമില്‍ പ്രവേശിച്ചത്. 
ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് രാവിലെ 10.30ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി എ.പി അനില്‍കുമാര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥനക്ക് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഉച്ചയോടെയാണ് തീര്‍ത്ഥാടകരെ ഹജ്ജ് ക്യാമ്പില്‍ നിന്ന് പ്രത്യേക ബസ്സില്‍ കരിപ്പൂര്‍ ഹജ്ജ് ടെര്‍മിനലിലേക്ക് കൊണ്ടുപോയത്. എമിഗ്രേഷന്‍ കസ്റ്റംസ് സുരക്ഷാപരിശോധനകള്‍ എളുപ്പം പൂര്‍ത്തിയാക്കിയാണ് തീര്‍ത്ഥാടകരെ വിമാനത്തില്‍ കയറ്റി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പുമുസ്ല്യാര്‍, എം.എല്‍.എമാരായ കെ. മുഹമ്മദുണ്ണി ഹാജി, സി. മമ്മൂട്ടി, അഡ്വ. എം. ഉമ്മര്‍, അബ്ദുറഹമാന്‍ രണ്ടത്താണി, ഹജ്ജ് കമ്മിറ്റിഅംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഈ വര്‍ഷം 56111 ഹജ്ജ് അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ 6522 പേര്‍ക്കാണ് ഇതുവരെ
അവസരം ലഭിച്ചത്. തീര്‍ത്ഥാടകരില്‍ 2135 പേര്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരും 4387 പേര്‍ തുടര്‍ച്ചയായി നാലാം വര്‍ഷക്കാരായ അപേക്ഷകരുമാണ്. സൗദി അറേബ്യേന്‍ എയര്‍ലൈന്‍സ് 28 വരെ 19 വിമാന സര്‍വീസുകളാണ് ഹജ്ജിനായി ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കേരളത്തിന് പുറമെ ലക്ഷദ്വീപില്‍ നിന്ന് 298 പേരും മാഹിയില്‍ നിന്ന് 33 പേരും സംസ്ഥാന ഹജ്ജ് ക്യാമ്പ് മുഖേന കരിപ്പൂര്‍ വഴിയാണ് ഹജ്ജിന് പുറപ്പെടുന്നത്. ഹാജിമാരുടെ മടക്കയാത്ര മദീനയില്‍ നിന്ന് ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ മൂന്ന് വരെയാണ്. ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇന്ന് ഒരു വിമാനവും നാളെ രണ്ട് വിമാനവും തീര്‍ത്ഥാടകരുമായി കരിപ്പൂരില്‍ നിന്ന് പുറപ്പെടും.-സുപ്രഭാതം