സംസ്ഥാന ഹജ്ജ് ക്യാമ്പ്: പരാതികളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രനിരീക്ഷകരുടെയും പ്രശംസ

കൊണ്ടോട്ടി: പതിവുരീതികളില്‍ നിന്നു മാറി ഹജ്ജ് ക്യാമ്പിന്റെ യഥാര്‍ത്ഥ്യ ലക്ഷ്യം നിറവേറ്റുന്നതായി ഇക്കുറി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ നടന്ന ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനം. അപേക്ഷ സ്വീകരിച്ചതു മുതല്‍ ഘട്ടംഘട്ടമായി നേരിട്ടും അല്ലാതെയും ഹജ്ജാജിമാരെ സഹായിച്ച് അവര്‍ വിമാനം കയറുന്നത് വരെ പരാതികളില്ലാത്ത പ്രവര്‍ത്തനം നടത്തിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് സംസ്ഥാന ക്യാമ്പിലെ ജീവനക്കാരും സഹായഹസ്തമായെത്തിയ പ്രവര്‍ത്തകരും.
ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി വലിയ ക്യാമ്പുകളും നിരവധി ആളുകളും എല്ലായിടങ്ങളിലുമുണ്ടാകാറുണ്ടെങ്കിലും അവസാനഘട്ടത്തില്‍ തീര്‍ത്ഥാടകര്‍ ആശങ്കയോടെ വിമാനം കയറേണ്ടി വരുന്ന കാഴ്ചകള്‍ മാത്രം കണ്ടുപരിചയിച്ച കേന്ദ്രനിരീക്ഷകര്‍ക്കും പ്രശംസയല്ലാതെ മറ്റൊന്നും പറയാനില്ലായിരുന്നു ഈ പഴുതടച്ച പ്രവര്‍ത്തനത്തെ കുറിച്ച്. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിരീക്ഷകനായി കരിപ്പൂരിലെത്തിയ അന്‍സാരി ബിലാല്‍ അഹമ്മദ് കേരള ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
ഇദ്ദേഹത്തോടൊപ്പമെത്തിയ മുഹമ്മദ് മുക്താര്‍ അഹമ്മദ്, മുഹമ്മദ് സഫര്‍ ഷേഖ് എന്നിവരും വിസ്മയത്തോടെ മാത്രമാണ് ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞത്. നേരത്തെ ഹൈദരാബാദ്, ബാംഗ്ലൂര്‍, വാരണാസി, ലക്‌നൗ, ജയ്പൂര്‍, മുംബൈ എന്നിവിടങ്ങളില്‍ കേന്ദ്ര നിരീക്ഷകനായി സേവനം ചെയ്തിട്ടുണ്ടെങ്കിലും ഈ കേരള മാതൃകക്കു മുന്നില്‍ ശരിക്കും അതിശയപ്പെട്ടു പോയെന്ന് അന്‍സാരി ബിലാല്‍. മറ്റു സംസ്ഥാനങ്ങളില്‍ 48 മണിക്കൂര്‍ മുമ്പാണ് ഹജ് തീര്‍ത്ഥാടകന്‍ തങ്ങളുടെ യാത്രാരേഖകളും മറ്റും തേടി കൗണ്ടറിന് മുമ്പിലെത്തുന്നത്. ദീര്‍ഘനേരം വരി നിന്ന് ഇതു കൈപ്പറ്റി വീണ്ടും 24 മണിക്കൂറിന് ശേഷം വിമാന സമയമറിയാന്‍ കാത്തിരിക്കണം. ഹജ്ജ് ക്യാമ്പ് ചിലയിടങ്ങളില്‍ താല്‍ക്കാലികമാണ്. മറ്റിടങ്ങളിലാകട്ടെ വലിയ ക്യാമ്പുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ക്ക് എന്നും ആശങ്കയാണ്.
വിമാനത്താവളങ്ങളില്‍ നിന്നു പോലും തീര്‍ത്ഥാടകരെ മടക്കി അയക്കേണ്ട ഗതികേടുണ്ടാകാറുണ്ട്. എന്നാല്‍ കേരളത്തിലെത്തിയപ്പോള്‍ തീര്‍ത്ഥാടകരുടെ മുഖത്ത് ഹജ്ജിന് അവസരം
ലഭിച്ചതിന്റെ ആശ്വാസം മാത്രമാണുള്ളത്. ആശങ്കകള്‍ ഒട്ടുമില്ല. ഇതിന് കാരണം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ഹജ്ജിന് അപേക്ഷ സ്വീകരിക്കുന്നതു മുതല്‍ തീര്‍ത്ഥാടകനെ മക്കയിലെത്തിക്കുന്നത് വരെയും പരിശുദ്ധ ഹജ്ജ് നിര്‍വഹിച്ചു തിരികെ മടക്കി കൊണ്ടുവരുന്നതു വരെയുള്ള ഉത്തരവാദിത്വമാണ് ഹജ്ജ് കമ്മിറ്റി സേവനസന്നദ്ധരായ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ഏറ്റെടുത്തിരിക്കുന്നത്.
ഹജ്ജ് കമ്മിറ്റിയോടൊപ്പം പൊതുജനവും അനുകൂലമായി പ്രവര്‍ത്തിക്കുന്നു. നിസ്വാര്‍ത്ഥ സേവകരായി നിരവധി പേരാണ് ഹജ്ജ് ക്യാമ്പിലുള്ളതെന്നതും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. കേരളത്തിന്റെ ഈ ചിട്ടയായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇത് മറ്റു സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാക്കണമെന്ന് ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മിറ്റി ഓഫീസില്‍ തീര്‍ത്ഥാടകരുടെ യാത്രാരേഖകളടക്കം പരിശോധിക്കുന്ന ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളുമായി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരുടെ
നേതൃത്വത്തിലുള്ള ആത്മാര്‍ത്ഥയുള്ള ഒരു സംഘമാണ് നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നത്. -സുപ്രഭാതം