ജീര്‍ണതക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുക: സമസ്ത

കോഴിക്കോട് : സാമൂഹിക ജീര്‍ണതക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ആഹ്വാനം ചെയ്തു. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ധൂര്‍ത്ത്, വിശിഷ്യ വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന അനിസ്‌ലാമിക ആചാരങ്ങള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം, അഴിമതി, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവക്കെതിരെ മഹല്ല് കമ്മിറ്റിക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സമ്പൂര്‍ണ മദ്യനിരോധനം ലക്ഷ്യമാക്കി ബാറുകള്‍ അടച്ചുപൂട്ടിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്തു. ബാറുടമകള്‍ നല്‍കിയ ഹരജിയുടെ പശ്ചാതലത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ആശങ്കാജനകമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എം.എം. മുഹ്‌യിദ്ദീന്‍ മൗലവി, ഹാജി കെ. മമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ടി.കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, എംസി. മായിന്‍ഹാജി പ്രസംഗിച്ചു.
- Sysstate Kerala