''മദ്യ രഹിത കേരളം''; അബുദാബിയില്‍ ടോക് ഷോ സംഘടിപ്പിക്കുന്നു

അബൂദാബി : ഗള്‍ഫ് സത്യധാര മാസിക അബൂദാബി ക്ലസ്റ്റര്‍ "മദ്യ രഹിത കേരളം'' എന്ന പ്രമേയത്തില്‍ ടോക്ക് ഷോ സംഘടിപ്പിക്കുന്നു. സെപ്തംബര്‍ അഞ്ച് വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് അബൂദാബി ഇന്ത്യന്‍‍ ഇസ്ലാമിക് സെന്‍ററില്‍‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേശ്‌ പയ്യന്നൂര്‍ മുഖ്യാതിഥി ആയിരിക്കും. യു.എ.ഇ എക്സ്ചേഞ്ച് സെന്റര്‍ മീഡിയ മാനേജര്‍ കെ.കെ. മൊയ്തീന്‍‍ കോയ, വിനോദ് നമ്പ്യാര്‍, ഗള്‍ഫ്‌ സത്യധാര ചെയര്‍മാന്‍ ഡോക്ടര്‍ അബ്ദുല്‍ റഹിമാന്‍ ഒളവട്ടൂര്‍, പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അലവിക്കുട്ടി ഹുദവി തുടങ്ങിയ മത സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. യോഗത്തില്‍ സയ്യിദ് അബ്ദുല്‍ റഹ് മാന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
കേരളത്തില്‍ ഘട്ടംഘട്ടമായി മദ്യം നിരോധിക്കാനുള്ള കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. തീരുമാനമെടുക്കാന്‍ കാണിച്ച ഇച്ഛാശക്തി അത് നടപ്പിലാക്കുന്ന കാര്യത്തിലും ഉണ്ടാകണമെന്ന്‍ യോഗം ആവശ്യപ്പെട്ടു. ക്രിയാത്മകമായ ബോധവല്‍കരണത്തിലൂടെ മാത്രമെ കേരളീയ സമൂഹത്തെ മദ്യാസക്തിയില്‍ നിന്ന്‍ മോചിപ്പിക്കാന്‍ കഴിയൂ എന്നും യോഗം വിലയിരുത്തി. റഫീക്ക്ഹൈദ്രോസ്, മുഹമ്മദ്‌ പുല്‍പ്പള്ളി, ഷാഫി വെട്ടികാട്ടിരി, മുഹമ്മദ്‌ അലി പെരിന്തല്‍മണ്ണ, അഷ്‌റഫ്‌ ഹാജി, സഫീര്‍ വയനാട്, നൗഫല്‍ പട്ടാമ്പി, നൗഫല്‍ കംബ്ലക്കാട്, ഇസ്മായില്‍ കാസര്‍ഗോഡ്‌ തുടങ്ങിയവര്‍ സംസാരിച്ചു. സജീര്‍ ഇരിവേരി സ്വാഗതവും ഹാരിസ് ബാഖവി നന്ദിയും പറഞ്ഞു.
- Shajeer IRIVERI