വര്‍ഗ്ഗീയത വളര്‍ത്താന്‍ ബോധപൂര്‍വ്വ ശ്രമം : SMF

മലപ്പുറം : രാഷ്‌ട്രീയാധികാരമുറപ്പിക്കാന്‍ ജനങ്ങളെ വിഭജിക്കുന്ന തന്ത്രം കൊളോണിയന്‍ രീതിയാണ്‌. സാമൂഹികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം, ദളിത്‌ വിഭാഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ ആക്കം കൂട്ടാനാണ്‌ പരിഷ്‌കൃത സമൂഹം മുന്നോട്ടുവരേണ്ടത്‌.
സവര്‍ണ്ണ ലോബിയുടെ തന്ത്രപരമായ നീക്കങ്ങള്‍ മുതലെടുത്താണ്‌ ബി.ജെ.പി. ഉള്‍പ്പെടെയുള്ള ഫാസിസ്റ്റുകള്‍ ഇന്ത്യയില്‍ വളര്‍ന്നത്‌. മേതതരത്വത്തിന്‍റെ മുഖം വികൃതമാക്കിയ ബാബരി പള്ളി തകര്‍ച്ചയും ഗുജറാത്ത്‌ കലാപവും വ്യാജ ഏറ്റുമുട്ടലുകളും ഈ വിഭാഗം നടത്തിയ നെറികേടുകളുടെ ഉദാഹരണങ്ങളാണ്‌.
മതസൗഹാര്‍ദ്ദത്തിന്‌ മാതൃകയായ കേരളത്തില്‍ അഞ്ചാം മന്ത്രിയുടെ പേരില്‍ സാമുദായിക സമവാക്യം തകരുമെന്ന്‌ പ്രചരിപ്പിച്ചവര്‍ക്ക്‌ വ്യക്തമായ അജണ്ടകള്‍ ഉണ്ട്‌. മതന്യൂനപക്ഷങ്ങള്‍ക്ക്‌ ഒരു പദവി പോലും ലഭിക്കാതിരുന്ന ഘട്ടങ്ങളില്‍ ഇവരില്‍ നിന്ന്‌ അര്‍ത്ഥഗര്‍ഭമായ മൗനമാണുണ്ടായിരുന്നത്‌.
ന്യായമായ അവകാശങ്ങളെകുറിച്ചുള്ള ചിന്തകളും ആവശ്യങ്ങളും ആര്‍ക്കെങ്കിലും അസഹിഷ്‌ണുത ഉണ്ടാക്കുന്നുവെങ്കില്‍ അവരെ തിരിച്ചറിയാനും ഭാരതത്തില്‍ ഭരണഘടനാപരമായ അവകാശാധികാരങ്ങള്‍ നേടാനും സമുദായത്തിന്‌ പക്വമായ നേതൃഗൂണമുണ്ടെന്നും സുന്നി മഹല്ല്‌ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.