പെരിങ്ങത്തൂര്‍: സൗത്ത് അണിയാരത്തെ കെ.ടി. മാനു മുസ്ലിയാര്‍ നഗറില്‍ നടക്കുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത അല്‍മദ്റസത്തുല്‍ അലിയ്യയുടെ 75ാം വാര്‍ഷികാഘോഷ പരിപാടിയിലും സമസ്ത പെരിങ്ങത്തൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്ലാമിക് ഫെസ്റ്റിലും കഴിഞ്ഞദിവസം രാത്രി ഒരുസംഘം അതിക്രമിച്ചുകയറി അക്രമം നടത്തി. രാത്രി ഒമ്പതരക്കു ശേഷം വേദിയിലേക്ക് മാരകായുധങ്ങളുമായി എത്തിയ അമ്പതോളം വരുന്ന സംഘം പരിപാടി നിര്‍ത്താനാവശ്യപ്പെടുകയും കാണാനെത്തിയ സ്ത്രീകളെ അസഭ്യം പറയുകയും ചെയ്തു.
അക്രമിസംഘം ലൈറ്റുകള്‍, കസേരകള്‍, പ്രചാരണ ബാനറുകള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ തകര്‍ത്തു. തുടര്‍ന്ന്, ശക്തമായ കല്ലേറുണ്ടായി. കല്ലേറില്‍ ചൊക്ളി അഡീഷനല്‍ എസ്.ഐ രാമകൃഷ്ണനടക്കം രണ്ട് പൊലീസുകാര്‍ക്കും വലിയപറമ്പത്ത് മുഹമ്മദ്, കൂലോത്ത് റാഷിദ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ ചൊക്ളി മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചു. അക്രമസംഭവത്തില്‍ അണിയാരം സ്വദേശികളായ ദിനചന്ദ്രന്‍, ജഗജീവന്‍ എന്നിവരെ ചൊക്ളി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ചൊക്ളി പൊലീസ് 25ഓളം പേര്‍ക്കെതിരെ കേസെടുത്തു. പാനൂര്‍ സി.ഐ ജയന്‍ ഡൊമനിക്, ചൊക്ളി എസ്.ഐ ഇ.കെ. ഷിജുകുമാര്‍ എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഏറെ സമാധാനത്തോടെ നടക്കുന്ന മദ്രസാ കുരുന്നുകളുടെ സമസ്ത റെയ്ഞ്ച് ഇസ്ലാമിക് ഫെസ്റ്റിനു നേരെയുണ്ടായ അക്രമത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. കൂത്തുപറമ്പ് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി, മണ്ഡലം യൂത്ത് ലീഗ്, എസ്.കെ.എസ്.എസ്.എഫ് പാനൂര്‍ മേഖലാ കമ്മിറ്റി, എസ്.വൈ.എസ് പാനൂര്‍ മേഖലാ കമ്മിറ്റി എന്നിവ പ്രതിഷേധിച്ചു.