വ്യാജ കേശക്കാര്‍ കണ്ണടച്ചിരുട്ടാക്കുന്നു : ഹാദിയ

തിരൂരങ്ങാടി : പ്രവാചകന്റേതെന്ന പേരില്‍ നാട്‌ മുഴുവന്‍ പ്രചരണം നടത്തുന്ന വിവാദ കേശത്തിന്റെ യഥാര്‍ത്ഥ ഉറവിടം നിഷേധിക്കാനാവാത്തവിധം വെളിപ്പെട്ടിട്ടും സത്യം കണ്ണടച്ചിരുട്ടാക്കുന്ന കാന്തപുരം വിഭാഗത്തിന്റെ നിലപാട്‌ അപഹാസ്യമാണെന്ന്‌ ദാറുല്‍ ഹുദാ പൂര്‍വ്വവിദ്യാര്‍ത്ഥി യൂണിയന്‍ ഹാദിയ ആരോപിച്ചു. കാരന്തൂര്‍ മര്‍കസിന്‌ ലഭിച്ച ആദ്യകേശവും പിന്നീട്‌ യു.എ.ഇ പൗരന്‍ മുഹമ്മദ്‌ ഖസ്‌റജി വഴി ലഭിച്ച രണ്ടാം കേശവും മുബൈയിലെ ഇഖ്‌ബാല്‍ ജാലിയന്‍വാലയില്‍ നിന്ന്‌ ലഭിച്ചതാണെന്ന വെളിപ്പെടുത്തല്‍ ഏതൊരു വിശ്വാസിയെയും ഞെട്ടിപ്പിക്കുന്നതാണ്‌. തിരുകേശത്തിന്റ മറവില്‍ ആസൂത്രണം ചെയ്‌ത ആത്മീയ ചൂഷണം ഇത്രയും സുവ്യക്തമായ രീതിയില്‍ വെളിപ്പെടുത്തപ്പെട്ടിട്ടും പണ്ഡിതോചിതരീതിയില്‍ മറുപടി പറയുന്നതിന്‌ പകരം ധിക്കാരപൂര്‍വം നേരിടാനാണ്‌ മറുവിഭാഗം തുനിയുന്നത്‌. കാന്തപുരം മുസ്‌ലിയാരുടെ ഓശാരം അനുഭവിക്കുന്നതുമൂലം മറ്റുചിലര്‍ക്കും ഇവ്വിഷയകമായി മൗനം പാലിക്കേണ്ടിവരുന്നു. 

ആത്മീയതയുടെ പേരിലുള്ള ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ മതവിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. സയ്യിദ്‌ ഫൈസല്‍ ഹുദവി തളിപ്പറമ്പ്‌ ആധ്യക്ഷം വഹിച്ചു. സി.എച്ച്‌ ശരീഫ്‌ ഹുദവി പുതുപ്പറമ്പ്‌, അന്‍വര്‍ സാദത്ത്‌ ഹുദവി ആലിപ്പറമ്പ്‌, കെ.ടി അശ്‌റഫ്‌ ഹുദവി പൈങ്കണ്ണൂര്‍, അനസ്‌ ഹുദവി അരിപ്ര, പി.കെ നാസര്‍ ഹുദവി കൈപുറം, യു.സലാം ഹുദവി ചെമ്മാട്‌, ജഅ്‌ഫര്‍ ഹുദവി കൊളത്തൂര്‍ സംബന്ധിച്ചു.