കൂടുതല്‍പേര്‍ക്ക് ഹജ്ജിന് അവസരമുണ്ടാക്കും -ഇ. അഹമദ്


മലപ്പുറം: അപേക്ഷകളുടെ ആധിക്യം പരിഗണിച്ച് ഹജ്ജിന് കൂടുതല്‍ പേര്‍ക്ക് അവസരം ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി ഇ. അഹമദ്. രാജ്യത്ത് നിന്ന് ചുരുങ്ങിയത്  40,000 പേര്‍ക്ക് കൂടി അവസരമുണ്ടാക്കണമെന്ന് സൗദി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുഭാവപൂര്‍വം പരിഗണിച്ച് തീരുമാനമെടുക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.  പൂക്കോട്ടൂര്‍ ഖിലാഫത്ത് നഗറില്‍ പ്രമുഖ പ്രഭാഷകന്‍ അബ്ദുസ്സമദ് പൂക്കൂട്ടുരിന്റെ നേത്രത്വത്തില്‍ വര്‍ഷംപ്രതി നടക്കാറുള്ള ഹജ്ജ് പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ആവശ്യമുന്നയിച്ച് സൗദി സര്‍ക്കാറിനോട് നിരന്തരം ബന്ധപ്പെടുന്നുണ്ട്.  1,60,041പേര്‍ക്കാണ് ഇത്തവണ രാജ്യത്ത് നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. ഇത് രണ്ട് ലക്ഷമായി ഉയര്‍ത്തണമെന്നാണ് ഉദ്ദേശിക്കുന്നത്. സൗദി സര്‍ക്കാര്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുകയാണെങ്കില്‍ അതിന്റെ വിഹിതം സംസ്ഥാനത്തിനും കിട്ടും. നിലവില്‍ കേരളത്തില്‍ നിന്ന് 6908 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
487 ഉദ്യോഗസ്ഥരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ ഹജ്ജിന് തെരഞ്ഞെടുത്തത്. കോഓഡിനേറ്റര്‍മാരായി അഞ്ച് ഉന്നത ഉദ്യോഗസ്ഥരും 121 ഡോക്ടര്‍മാരും 140 പാരാ മെഡിക്കല്‍ സ്റ്റാഫും 49 ഹജ്ജ് അസിസ്റ്റന്റ് ഓഫിസര്‍മാരും 172 ഹജ്ജ് അസിസ്റ്റന്റുമാരും സംഘത്തിലുണ്ടാകും. മക്കയില്‍ 13 ഉം  മദീനയില്‍ നാലും മെഡിക്കല്‍ ഡിസ്‌പെന്‍സറികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നേരിട്ട് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 17ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് മതിയാകാത്തതിനാല്‍ ആശുപത്രിക്കും ഡിസ്‌പെന്‍സറിക്കും ഉദാരമതികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവരുടെ അപേക്ഷ സ്വീകരിക്കും. 1,62,00,000 രൂപയുടെ മരുന്നാണ് സര്‍ക്കാര്‍ നീക്കിവെച്ചത്.  കൂടുതല്‍ മരുന്ന് എത്തിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ഹജ്ജ് ഗൈഡ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. ബഷീര്‍ അലനെല്ലൂര്‍ ഏറ്റുവാങ്ങി. സുവനീര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുസ്തഫക്ക് നല്‍കി പ്രകാശനം ചെയ്തു.  അബ്ദുസ്സമദ് പൂക്കൂട്ടുര്‍ ക്ലാസ്‌ ഹജ്ജ്‌ പഠനക്ലാസ്സ്‌ നയിച്ചു.