"സുപ്രഭാതം വിടരുമ്പോൾ ഓര്മിപ്പിക്കാനുള്ളത് ".. ചെയർമാൻ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാർ വിശദീകരിക്കുന്നു..

"മുഖം നോക്കാതെ, അല്ല, മുഖത്തു നോക്കി സത്യം വിളിച്ചുപറയാനൊരു പത്രമാണിത് "

ശയവിനിമയത്തിലൂടെയാണു നന്മകള്‍ കൈമാറുന്നത്. നല്ല ശീലങ്ങള്‍ നല്‍കിയവരെ അനുസ്മരിക്കണം, അതു ചെയ്യുന്നത് അവരുടെ ശീലങ്ങള്‍ പകര്‍ന്നുകൊണ്ടായാല്‍ കൂടുതല്‍ ഭംഗിയായി. 
നവമാധ്യമങ്ങളില്‍ ദാര്‍ശനിക - വിദ്യാഭ്യാസ വിചാരങ്ങള്‍ക്ക് എന്തുകൊണ്ട് പരിഗണന ലഭിക്കാതെ പോകുന്നെന്നു ചിന്തിക്കണം. അറബ് വസന്തം വരികള്‍ക്കിടയില്‍ വായിക്കപ്പെടാതെപോയതു വിഷയം കൂലിയെഴുത്തുകാരാല്‍ കാശിതമായതുകൊണ്ടായിരുന്നു.
ചിലതൊക്കെ നാം കേള്‍ക്കേണ്ടതാണ്, ചിലതു കേള്‍പ്പിക്കേണ്ടതും. ഉറക്കമുണരണം, നമ്മുടെ പ്രഭാതങ്ങള്‍ 'സുപ്രഭാത'ത്തിനാഗ്രഹിക്കുന്നു. 
ആശയപ്രകാശനം, പൈതൃക സംരക്ഷണം, സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം, പിന്നോക്ക വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള അവകാശ പോരാട്ടം, ദേശീയോദ്ഗ്രഥനം, ഐക്യം, മതസൗഹാര്‍ദം, നീതിക്കുവേണ്ടിയുള്ള ധീരമായ ശബ്ദം, വിദ്യാഭ്യാസ പ്രവര്‍ത്തനം, അധാര്‍മികതകള്‍ക്കെതിരേ ശക്തമായ നിലപാടുകള്‍, പിന്നോക്ക- മത ന്യൂനപക്ഷ വിഭാഗങ്ങളുടെ സംഘശക്തി സംരക്ഷണം, സഹായം ഇവയെല്ലാം 'സുപ്രഭാതം' ലക്ഷ്യംവയ്ക്കുന്നു. 
എല്ലാ നഗരങ്ങളെയും ഗ്രാമങ്ങളെയും 'സുപ്രഭാതം' വിളിച്ചുണര്‍ത്തണം. പലതും പുറംലോകത്തെ അറിയിക്കേണ്ടതുണ്ട്. മുസ്‌ലിം കൈരളിയുടെ എല്ലാ നാഡിഞരമ്പുകളിലും നിറസാന്നിധ്യമായ സമസ്തയുടെ പ്രവര്‍ത്തകര്‍ക്കു സുപ്രഭാതത്തെ വിസ്മയമായി വളര്‍ത്താനാകും. അവര്‍ക്കത് ഉപയോഗിക്കാനും തിരുത്താനും സാധിക്കും. നാളെയുടെ ഭൂമികയില്‍ 'സുപ്രഭാതം' ഒരനിവാര്യ ഇടപെടലാണെന്ന് ഇന്നുതന്നെ നാം നിശ്ചയിച്ചറിയുക. 
വേറിട്ടൊരു ശ്രമം, അതിനാണു കാലവും സമൂഹവും കാതോര്‍ക്കുന്നത്. അവര്‍ക്കു സ്പഷ്ടീകരിച്ച വിഷയവിഭവങ്ങള്‍ നല്‍കാന്‍ നമുക്കു ബാധ്യതയുണ്ട്. 
ആറ് എഡിഷനുകളുമായി 'സുപ്രഭാതം' പുറത്തിറങ്ങുന്നു. ഇതു കൈരളിക്കു പുതിയൊരു ചരിത്രമാണു സമ്മാനിക്കുന്നത്. മലയാളക്കരയില്‍ അര ഡസന്‍ എഡിഷനുകളോടെ പുറത്തിറങ്ങുന്ന പ്രഥമപത്രം 'സുപ്രഭാതം' തന്നെ. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു ലക്ഷക്കണക്കിനു വരിക്കാരുമായി പുറത്തിറങ്ങുന്ന ആദ്യ ദിനപത്രം. ന്യൂസ്‌റാപ് സിസ്റ്റത്തില്‍ അത്യാധുനിക ടെക്‌നിക്കല്‍ മെക്കാനിസം ഉപയോഗപ്പെടുത്തി വെളിച്ചം കാണുന്ന മാധ്യമരംഗത്തെ പുതിയ സൃഷ്ടി. 
കേരളത്തിന്റെ മുക്കുമൂലകളില്‍ വ്യാപിച്ചുകിടക്കുന്ന വരിക്കാര്‍, നിസ്വാര്‍ത്ഥരും നിഷ്‌കളങ്കരുമായ മതപണ്ഡിതരുടെയും പ്രവര്‍ത്തകരുടെയും കഠിനാധ്വാനവും സമര്‍പ്പണവും സമ്മിശ്രമായി സംഗമിച്ച സവിശേഷത, ആധുനിക പ്രസ്സ്, അതിമനോഹര ആസ്ഥാനങ്ങള്‍, മികവു തെളിയിച്ച മാധ്യമവിശാരദര്‍, പ്രതിഭാധനരായ ടെക്‌നീഷ്യന്‍മാര്‍, കുറ്റമറ്റ കോ-ഓഡിനേഷന്‍, അഡ്മിനിസ്‌ട്രേഷന്‍, അതുല്യവും അര്‍പ്പണബോധവുമുള്ള നിയന്ത്രണം എന്നിവയൊക്കെ സുപ്രഭാതത്തിന്റെ സവിശേഷതകളാണ്. സമൂഹത്തിന്റെ പൊതുവികാരമായി, അതിന്റെ മുഖമായി, ജിഹ്വയായി രൂപകല്‍പ്പന ചെയ്ത മഹല്‍സംരംഭം. 
നിഷിദ്ധപരസ്യങ്ങള്‍ ഇല്ലാതെ, ഇക്കിളിയും പൈങ്കിളിയുമില്ലാതെ സത്യമറിയാന്‍, അറിവുനേടാന്‍, ലോക സാഹചര്യങ്ങളുമായി സംവദിക്കാന്‍, ചരിത്രമറിയാന്‍, ഭാവിഭാഗധേയം നിര്‍ണയിക്കാന്‍ ഒക്കെയുള്ള അകക്കണ്ണാടിയാണു സുപ്രഭാതം. 
മുഖം നോക്കാതെ, അല്ല, മുഖത്തു നോക്കി സത്യം വിളിച്ചുപറയാനൊരു പത്രം. എല്ലാ നേരിന്റെയും സമ്പൂര്‍ണ 'സുപ്രഭാതം'. അനേകായിരങ്ങളുടെ അഭിലാഷമാണു സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. മലയാളനാടിന്റെ പൊന്‍പുലരി, അതാണ് 'സുപ്രഭാതം'. 
നിരപരാധികളും നിരാലംബരും നീതിക്കുവേണ്ടി ദാഹിക്കുന്നവരുമായ ആബാലവൃദ്ധം ജനങ്ങള്‍ നിഷ്‌കരുണം കൊലചെയ്യപ്പെടുന്നു. തീവ്രവാദികളെ സൃഷ്ടിക്കുന്നവരും ഉപയോഗിക്കുന്നവരും വിചാരണ ചെയ്യപ്പെടുന്നില്ല. മുംബൈയില്‍, മുസഫര്‍ നഗറില്‍, ഗുജറാത്തില്‍, അങ്ങനെ ഭാരതമെന്ന പവിത്രഭൂമികയില്‍ മതന്യൂനപക്ഷങ്ങള്‍ മൃഗീയമായി കശാപ്പുചെയ്യപ്പെടുന്നു. കശാപ്പുകാരും കഠാരനല്‍കിയവരും മഹത്വവല്‍കരിക്കപ്പെട്ടുകൂടാ. ഹിന്ദുവും മുസല്‍മാനും ക്രിസ്തീയനും പാര്‍സിയും ജൈനനും സൗരാഷ്ട്രനും സിക്കുകാരനും ദളിതനും മനുഷ്യകുടുംബത്തിലെ സമാധികാരികളും സമാവകാശികളുമാണെന്ന് അംഗീകരിക്കാതെ ഒരു കൂട്ടരെ ഒതുക്കി, അടക്കി, അമര്‍ത്തി, ഞെരിച്ച്, ഞെക്കിക്കൊല്ലുന്ന നീതിശാസ്ത്രത്തിനെതിരേ പടവാളായി 'സുപ്രഭാതം' എന്നും രംഗത്തുണ്ടാകും. 
ആത്മീയ ക്രിമിനലുകള്‍, അഴിമതിക്കാര്‍, അരക്ഷിതവാദികള്‍, അതിക്രമക്കാര്‍ എന്നവരൊക്കെ വിതച്ച, വിതച്ചുകൊണ്ടിരിക്കുന്ന വിപത്തുകള്‍ ലോകമറിയണം, മനനം നടത്തണം, തിരുത്തല്‍ പ്രക്രിയക്ക് അവസരമൊരുക്കണം. സമസ്ത സത്യത്തിന്റെ നേരടയാളമാണ്. സാത്വികരുടെ തലോടലേറ്റു വളര്‍ന്ന ജനപഥത്തിന്റെ അവസാന അത്താണി. അവരുടെ സമ്പൂര്‍ണ ബോധ്യമായിത്തീര്‍ന്ന വടവൃക്ഷം. സാധാരണക്കാരുടെ ഗതിവിഗതികള്‍ മനസ്സിലാക്കി സമൂഹത്തിനു നല്ല നാളെയെ സൃഷ്ടിച്ചെടുക്കുകയെന്ന മഹല്‍ദൗത്യം ഏറ്റെടുത്ത സംഘടന. സമസ്തയുടെ പ്രസിദ്ധീകരണ വിഭാഗമായ ഇഖ്‌റഅ് പബ്ലിക്കേഷന്‍സാണു സുപ്രഭാതം കൈരളിക്കു സമ്മാനിക്കുന്നത്. വാദിച്ചു ജയിക്കാനോ തര്‍ക്കിച്ചു നേടാനോ പരിഹസിക്കാനോ ഉള്ളതല്ല പത്രപ്രവര്‍ത്തനം. അങ്ങനെ ആവുകയുമരുത്. പത്രക്കാരുടെ ഐഡിയോളജി അങ്ങനെയാണെന്ന മിഥ്യാധാരണ നിലനില്‍ക്കുന്നില്ലേ? 'സുപ്രഭാതം' അതിനുള്ളതല്ല. ഒരാളുടെയും സ്വകാര്യത, അഭിമാനം എന്നിവയുടെ മേല്‍ 'സുപ്രഭാതം' കൈവെക്കില്ല. 
'സുപ്രഭാതം' സ്വാഗതം ചെയ്യാന്‍ സുമനസ്സുകള്‍ വെമ്പല്‍ കൊള്ളുകയാണ്. അവരില്‍പോലും കളവോ കുതന്ത്രമോ കടന്നുവരാതെ, പരിഹസിക്കാതെ 'സുപ്രഭാതം' കടമകള്‍ നിറവേറ്റും. പലരും പാതിവഴിക്കിറക്കിവച്ച പത്രധര്‍മം നിര്‍വഹിക്കാന്‍ ചങ്കൂറ്റത്തോടെ, കരളുറപ്പോടെ, തലയുയര്‍ത്തി, നടുനിവര്‍ത്തി 'സുപ്രഭാതം' നമ്മുടെ കൈകളിലെത്തുകയാണ്. യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍, മുതിര്‍ന്നവര്‍, പ്രവാസികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ അങ്ങനെ എല്ലാ വിഭാഗത്തിനും ഇടം നല്‍കുന്ന, എല്ലാവര്‍ക്കും വെളിച്ചമാകുന്ന വിവരണങ്ങളും വിശകലനങ്ങളും ചലനങ്ങളും ഒപ്പം തെറ്റുകള്‍ക്കു നേരെ നിര്‍ഭയമായി വിരല്‍ചൂണ്ടുന്ന വാര്‍ത്തകളും. മാധ്യമരംഗത്തെ ശുദ്ധീകരിക്കുന്ന മാതൃകാ നിലപാടുകളുമായി 'സുപ്രഭാതം' മഷി പുരണ്ടിറങ്ങുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍വഴിയില്‍ സഞ്ചരിക്കാനുള്ള ഇടപെടലുകള്‍, ഉപദേശങ്ങള്‍ എല്ലാം ഞങ്ങളാഗ്രഹിക്കുന്നു. എല്ലാ പരിമിതികളും ഉള്‍ക്കൊണ്ടു നിരീക്ഷണങ്ങളും നിലപാടുകളും സ്വീകരിക്കാന്‍ വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. 
എന്ന്
കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍
(ചെയര്‍മാന്‍, ഇഖ്‌റഅ് പബ്ലിക്കേഷന്‍സ്)