അല്‍ഐന്‍: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ റമദാൻ അതിഥിയായി ഇവിടെയെത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ അൽ ഐനിൽ നടത്തിയ പ്രഭാഷണം ജനബാഹുല്യംകൊണ്ട് ശ്രദ്ധേയമായി.
കഴിഞ്ഞ ദിവസം തറാവീഹ് നിസ്കാരാനന്തരം സറൂനി ജുമാ മസജിദിൽ തടിച്ചുകൂടിയ മലയാളികൾക്ക് ആവേശവും ആത്മ നിർവൃതിയും നൽകുന്നതായി തങ്ങളുടെ പ്രഭാഷണം. കറകളഞ്ഞ ഹൃദയ വിശുദ്ധിയിലൂടെ മാത്രമേ ദൗതികവും ആത്മീയവുമായ ജീവിത വിജയം സാധ്യമാകൂയെന്ന് ആധികാരിക രേഖകളുടെ പിൻബലത്തോടെ അദ്ദേഹം സമർഥിച്ചു. പണ്ഡിത ഭാഷയിൽ വിശ്വാസിയുടെ ഹൃദയം എന്ന് പറയുന്നത് ചാപ്പിള്ള പോലെയാണ്, ജീവിതാന്ത്യം വരെ വികാരവിചാരങ്ങളെ ഉള്ളിലൊതുക്കി കഴിയേണ്ടവരാണ് അവർ. ലോഹങ്ങൾ തുരുമ്പെടുക്കുന്ന പോലെ മനുഷ്യ ഹൃദയവും തുരുമ്പെടുക്കും. പിശാചിന്റെ ആധിപത്യമാണ് ഇതിന് പ്രധാന കാരണം. അവന്റെ ആധിപത്യമില്ലായിരുന്നുവെങ്കിൽ ആകാശത്ത് നടക്കുന്ന കാര്യങ്ങൾ പോലും അവന് അറിയുമായിരുന്നു. പിശാചിന്റെ സാന്നിദ്ധ്യം തിന്മകളെ അലങ്കാരമായി തോന്നിക്കും നന്മകളെ പിന്തിപ്പിക്കാനും ഒഴിവാക്കാനും പ്രേരിപ്പിക്കും. അത് മൂലം ഇരു ലോകവും നഷ്ടപ്പെടുന്നവരിൽ അവൻ പെടുന്നു. അതിനാൽ ദൈവസ്മരണയും പാപമോചനവും കൊണ്ടല്ലാതെ ഹൃദയം ശുദ്ധിയാകാൻ സാധ്യമല്ല. ഹൃദയ വിശുദ്ധി ഇരു ലോക വിജയത്തിലേക്ക് വിശ്വാസിയെ കൊണ്ടെത്തിക്കുന്നു.
സംഗമത്തിന് സുന്നി യൂത്ത് സെന്റർ ജന. സെക്രട്ടറി സ്വാഗതം ആശംസിച്ചു.
- sainualain