ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അവറുകള്‍ക്ക്.
1. മലബാറില്‍ പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ പ്ലസ്ടു സീറ്റ് ലഭിക്കാതെ 20, 000 വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാഭ്യാസത്തിന് പുറത്താകുന്ന സ്ഥിതിയാണ്. ഇതിന് ശാശ്വത പരിഹാരം വേണം. മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും പ്ലസ്ടു ബാച്ചുകള്‍ ഉറപ്പാക്കണം.
2. പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളെ ജനസംഖ്യാനുപാതികമായി നിശ്ചയിക്കണം. മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കണം
3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണല്‍ തിരുവനന്തപുരത്ത് മാത്രമാണ് ഉള്ളത്. കാസര്‍ഗോഡ് മുതലുള്ളവര്‍ തിരുവനന്തപുരത്ത് എത്തണം. എല്ലാ ജില്ലകളിലും ട്രൈബ്യൂണലുകള്‍ സ്ഥാപിക്കണം.
4. ഹൈക്കോടതിക്ക് കോഴിക്കോട്ട് ഒരു ബഞ്ച് സ്ഥാപിക്കണം
5. അറബിക് സര്‍വ്വകലാശാലയോ അതിന്റെ ധര്‍മം നിര്‍വഹിക്കാന്‍ ഉതകും വിധമുള്ള വിദേശഭാഷാ സര്‍വ്വകലാശാലയോ സ്ഥാപിക്കുക
6. പോലീസിന്റെ ഇടപെടല്‍ താരതമ്യേന മെച്ചമാണെങ്കിലും മുസ്ലിംകളുടെ കാര്യത്തിലുള്ള മുന്‍വിധി പഴയതുപോലെ തുടരുകയാണ്. അത് മാറ്റാന്‍ ഗൗരവ പൂര്‍ണമായ ഇടപെടലുകള്‍ വേണം.
7. മുസ്ലിംകള്‍ പ്രതികളാകുന്ന കേസുകള്‍ കര്‍ക്കശമായും ഹിന്ദുത്വ ശക്തികളുടെ കേസുകള്‍ മൃദുവായും കൈകാര്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്.
8. സാമുദായിക സംഘര്‍ഷമുണ്ടാകുമ്പോള്‍ പെട്ടെന്ന് വിചാരണ പൂര്‍ത്തീകരിച്ച് ശിക്ഷിക്കാന്‍ സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കണം.
9. സാമുദായിക സംഘര്‍ഷം കൈകാര്യം ചെയ്യാന്‍ പ്രത്യേക പോലീസ് വിഭാഗം രൂപീകരിക്കുക.
10. മലബാര്‍ മേഖലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും അഭാവം പ്രകടമാണ്. പൊതുജനാരോഗ്യ സംവിധാനത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രം മുന്നൂറിലേറെ ഫീല്‍ഡ് സ്റ്റാഫിന്റെ (HI, JPHN) കുറവുണ്ട്. മലപ്പുറത്ത് ഡിഫ്തീരിയ പോലുള്ള പകര്‍ച്ച വ്യാധികള്‍ സ്ഥിരമായി റിപ്പോര്‍ട് ചെയ്യപ്പെടുന്നതിന്റെ അടിസ്ഥാന കാരണം ഇതാണ്. ഇത് ഗൌരവമായി പരിഹരിക്കണം.
11 മലപ്പുറം ജില്ലയില്‍ അന്പത് ലക്ഷത്തോളം ജനസംഖ്യയുണ്ട്. മറ്റു ജില്ലകളിലെ ജനസംഖ്യ വെച്ചുനോക്കുന്‌പോള്‍ ഇരട്ടിയിലധികം വരും ഇത്. ജില്ലയിലെ ഭരണ നിര്‍വഹണം ദയനീയ സ്ഥിതിയിലാണ്. അതിനാല്‍ കൂടുതല്‍ വില്ലേജുകളും താലൂക്ക് ഓഫീസുകളും ആരംഭിക്കണം.
12. പ്രവാസികളുടെ കാര്യങ്ങള്‍ക്കായി എല്ലാ ജില്ലകളിലും ഒരു ഓഫീസ് വേണം. വിദേശത്ത് നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനും മറ്റുമായി കളക്ട്രേറ്റ് കേന്ദ്രീകരിച്ച് സംവിധാനമുണ്ടാക്കണം.
13. പിന്നാക്ക സംവരണം അട്ടിമറിക്കുന്ന നടപടികള്‍ ഉണ്ടാകരുത്.
14. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആവശ്യമായ ചികില്‍സാ- പഠന- കെട്ടിട സൗകര്യങ്ങള്‍ ഒരുക്കണം.
15. നാളികേര കര്‍ഷകരുടെ കാര്യത്തില്‍ റബ്ബര്‍ കര്‍ഷകരുടേതിന് സമാനമായ ശ്രദ്ധ ആവശ്യമാണ്. നാളികേരത്തില്‍ നിന്നും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള പദ്ധതി വേണം. ഇതിനായി കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് സ്ഥാപനങ്ങള്‍ വേണം.
16. ദേശീയപാതക്കായി കുടിയൊഴിയുന്നവര്‍ക്കും ഗെയിലിനായി സ്ഥലം നല്‍കുന്നവര്‍ക്കും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണം. ഫലപ്രദമായ പുനരധിവാസം സാധ്യമാകുന്നതായിരിക്കണം നഷ്ടപരിഹാരം.
17. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലഹരി വസ്തുക്കളുടെ വിതരണം തടയുന്നതിന് വേണ്ടി നിലവിലുള്ള നിയമം പഴുതുകളടച്ച് കര്‍ശനമായി നടപ്പാക്കുക. നിലവിലെ നിയമത്തില്‍ ഒരു കിലോയില്‍ താഴെ കഞ്ചാവ് കൈവശം വെക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പരിമിതികളുണ്ട്. ഇത് വ്യാപകമായി ദുരൂപയോഗം ചെയ്യപെടുന്നുണ്ട്.
18. മതവസ്ത്രം ധരിച്ച് നീറ്റ് പരീക്ഷ എഴുതാമെന്ന് CBSE ഉത്തരവിറക്കിയിട്ടും സംസ്ഥാനത്തെ ചില പരീക്ഷ കേന്ദ്രങ്ങളിലെ അധികൃതര്‍ വിദ്യാര്‍ത്ഥികളോട് ചട്ടവിരുദ്ധമായി പെരുമാറുകയും മറ്റു ചിലരെ പരീക്ഷ എഴുതുന്നത് തടയുകയും ചെയ്തു. ഇത്തരം സെന്ററുകള്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുകയും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടി കള്‍ സ്വീകരിക്കുകയും ചെയ്യുക
19. വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള റെസ്റ്റ് റൂമുകള്‍ സംസ്ഥാനത്തെ പല വിദ്യഭ്യാസ സ്ഥാപനങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ഇത് പരിഹരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക.
20. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് റഗുലര്‍ സ്ട്രീമില്‍ വിദ്യാഭ്യാസം നേടാന്‍ സാധിക്കാത്തവര്‍ക്ക് പഠനസൗകര്യമൊരുക്കുന്ന ഓപണ്‍ സ്ട്രീം എജുക്കേഷന്‍ നിര്‍ത്തലാക്കണമെന്ന യു. ജി. സി. നിര്‍ദേശത്തെ മറികടക്കാനും സ്ട്രീം നിലനിര്‍ത്താനും നടപടി സ്വീകരിക്കുക.
21. കേരളത്തിലെ മുസ് ലിം ന്യൂനപക്ഷങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 11 എയ്ഡഡ് അറബി കോളജുകളുകളിലെ അനഅധ്യാപക സ്റ്റാഫ് പാറ്റേണുമായി ബന്ധപ്പെട്ട് 29-02-2016 തിയ്യതിയിലെ G.O(MS)No.60/2016/H.Edn നമ്പര്‍ ഉത്തരവ് പ്രകാരം കേരളത്തിലെ എയ്ഡഡ് കോളജുകളിലെ അനധ്യാപകരുടെ മിനിമം പാറ്റേണ്‍ 'D' ആയി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ആയത് പ്രകാരം എല്ലാ കോളേജുകളും സ്റ്റാഫ് ഫിക്‌സേഷന്‍ പ്രൊപ്പോസല്‍ ബന്ധപ്പെട്ട് കോളേജ് വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു എങ്കിലും അറബി കോളേജുകളുടെയും ട്രെയിനിംഗ് കോളേജുകളുടെയും സ്റ്റാഫ് ഫിക്‌സേഷന്‍ നടത്താതെ 20-09-2016 തിയ്യതിയിലെ E1/21739/2016 നമ്പര്‍ കത്ത് പ്രകാരം സര്‍ക്കാരിലേക്ക് വിശദീകരണം തേടുകയാണ് ചെയ്തത്. ഇത് കാരണം രണ്ട് വര്‍ഷത്തിലധികമായി ട്രെയിനിംഗ് കോളേജുകളിലും ചില ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും നിയമനമോ പ്രൊമോഷനോ നടത്താന്‍ സാധിക്കാത്തതിനാല്‍ കേളേജുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ അടിയന്തിര പരിഹാരം കാണുക.
GEN.SECRETARY SKSSF
19/5/2018
- SKSSF STATE COMMITTEE