സമസ്ത: പൊതുപരീക്ഷ; കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പിന് ഇന്ന് തുടക്കം

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏപ്രില്‍ 28, 29 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ഇന്ന് (05-05-2018) മുതല്‍ എട്ട് കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. ദാറുന്നജാത്ത് കരുവാരക്കുണ്ട്, ജാമിഅ നൂരിയ്യ പട്ടിക്കാട്, അന്‍വാറുല്‍ ഇസ്‌ലാം തിരൂര്‍ക്കാട്, കുണ്ടൂര്‍ മര്‍ക്കസ്, ചേളാരി സമസ്താലയം, ജാമിഅ ദാറുസ്സലാം നന്തി, ജാമിഅ യമാനിയ്യ കുറ്റിക്കാട്ടൂര്‍, മടവൂര്‍ സി.എം. മഖാം അശ്അരിയ്യ എന്നിവയാണ് കേന്ദ്രങ്ങളായി നിര്‍ണയിച്ചിട്ടുള്ളത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 2,36,627 കുട്ടികളാണ് ഈ വര്‍ഷം പൊതുപരീക്ഷയില്‍ പങ്കെടുത്തത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടക്കുന്നത്. 

നാല് ദിവസങ്ങളിലായി നടക്കുന്ന മൂല്യനിര്‍ണയ ക്യാമ്പില്‍ 1,280 പരിശോധകരെ നിയമിച്ചിട്ടുണ്ട്. ഓരോ സെന്ററിലും ഒരു സൂപ്രണ്ട്, മൂന്ന് വീതം സൂപ്രവൈസര്‍മാര്‍, ഒരു ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍, ഒരു കോ-ഓര്‍ഡിനേറ്റര്‍, രണ്ട് വീതം ഓഫീസ് അസിസ്റ്റന്റുമാര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മെമ്പര്‍ കണ്‍ട്രോളറായി ഉണ്ടാകും. രാപ്പകല്‍ ഭേദമന്യെ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ പരിശോധകര്‍ക്കും ഓഫീഷ്യല്‍സിനും ഭക്ഷണവും താമസവും സൗജന്യമായി നല്‍കും. വിപുലമായ സൗകര്യങ്ങളാണ് ഓരോ സേന്ററിലും ഒരുക്കിയിട്ടുള്ളത്. വിഷയാടിസ്ഥാനത്തിലുള്ള ഉത്തരപേപ്പറുകള്‍ പ്രത്യേക വാഹനങ്ങളിലായി ഇന്നലെ സെന്ററുകളില്‍ എത്തിച്ചിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ റാങ്കിന് പകരം 97ശതമാനവും അതിന് മുകളിലും മാര്‍ക്ക് ലഭിക്കുന്ന കുട്ടികള്‍ക്ക് 'ടോപ് പ്ലസ്' പദവിയായിരിക്കും നല്‍കുക. ഉത്തരപേപ്പര്‍ പരിശോധനക്ക് നിയമിതരായവര്‍ രാവിലെ 8.30ന് മുമ്പായി അതാത് സെന്ററുകളില്‍ എത്തേണ്ടതാണെന്ന് പരിക്ഷാബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു. 
- Samasthalayam Chelari