അക്കാദമിക സമൂഹം സമസ്ത മോഡല്‍ മാതൃകയാക്കണം: സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍

ചേളാരി: പൊതുപരീക്ഷകള്‍ക്കും മൂല്യനിര്‍ണയത്തിനും സമസ്ത മോഡല്‍ മാതൃകയാക്കാന്‍ അക്കാദമിക സമൂഹം തയ്യാറാവണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏപ്രില്‍ 28, 29 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കുന്ന കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം വര്‍ഷം നടത്തിയ പരീക്ഷയുടെ ഫലം മൂന്നാം വര്‍ഷമായിട്ടും പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതും പരീക്ഷയിലും മൂല്യനിര്‍ണയത്തിനും വ്യാപകമായ ക്രമക്കേടുകള്‍ നിത്യസംഭവമാവുകയും ചെയ്യുന്ന ലോകത്താണ് സമസ്തയുടെ പൊതുപരീക്ഷയും മൂല്യനിര്‍ണയ രീതിയും ചര്‍ച്ചയാവുന്നതെന്നും തങ്ങള്‍ പറഞ്ഞു. 

സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളോടൊപ്പം കോഴിക്കോട് ഖാസിയും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി. അബ്ദുല്‍ ഹമീദ് എം. എല്‍. എ, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍മാരായ എം. സി. മായിന്‍ ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവരുമുണ്ടായിരുന്നു. 

കുറ്റിക്കാട്ടൂര്‍ ജാമിഅ യമാനിയ്യയില്‍ നടക്കുന്ന മൂല്യനിര്‍ണയ ക്യാമ്പ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങളും, കരുവാരക്കുണ്ട് ദാറുന്നജാത്ത് അറബിക് കോളേജില്‍ നടകുന്ന ക്യാമ്പ് അഡ്വ: എം. ഉമ്മര്‍ എം. എല്‍. എയും സന്ദര്‍ശിച്ചു ഇരുവരും ക്യാമ്പ് നടപടികളില്‍ സംതൃപ്തി രേഖപ്പെടുത്തി. 
ഫോട്ടോ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നടക്കുന്ന സമസ്ത പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി. അബ്ദുല്‍ഹമീദ് എം. എല്‍. എ, എം. സി. മായിന്‍ ഹാജി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി എന്നിവര്‍ സന്ദര്‍ശിക്കുന്നു 
- Samasthalayam Chelari