കുവൈത്ത്: അഹ്ലു സുന്നത്ത് വൽ ജമാഅത്തിന്റെ മാർഗത്തിൽ സമസ്തക്ക് ഒരു കാലത്തും ആദർശ നിലപാടുകൾ മാറ്റി പറയേണ്ടി വന്നിട്ടില്ലെന്നും സമസ്തയുടെ ആദർശം എന്നും പ്രസക്തമാണെന്നും എസ് വൈ എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്താവിച്ചു.
കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ സംഘടിപ്പിച്ച ആദർശ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഖുർആനിനെയും സുന്നത്തിനെയും വ്യാഖ്യാനിക്കാൻ അർഹരായ നബി(സ)യുടെ സ്വഹാബാക്കൾ വ്യാഖ്യാനിച്ചു വിശദീകരിച്ചു വെച്ച സംക്ഷിപ്തമായ മത വിധികൾ മദ്ഹബിന്റെ കിതാബുകളിൽ രേഖപ്പെട്ടു കിടക്കുന്നു, അത് അതേപടി അംഗീകരിക്കുന്നവരാണ് അഹ്ലു സുന്നത്ത് വൽ ജമാഅത്ത്, അതാണ് ദീനിന്റെ സംശുദ്ധമായ മാർഗം. സ്വഹാബാക്കളുടെ വ്യാഖ്യാനങ്ങളെയും പ്രമാണങ്ങളെയും മറികടന്നു സ്വന്തമായ വിശദീകരണങ്ങൾ വ്യാഖ്യാനിക്കുന്നവരാണ് പുതിയ കാലത്തെ വാദങ്ങളുമായി വരുന്നവരെന്നും അദ്ദേഹം സൂചിപ്പിച്ചു. നമ്മുടെ ആദർശം സംരക്ഷിക്കാൻ നാമോരോരുത്തരും ജാഗരൂകരായിരിക്കണമെന്നും ഹമീദ് ഫൈസി ഉണർത്തി.
"സമസ്ത: ആദർശ വിശുദ്ധിയുടെ നൂറാം വർഷത്തിലേക്ക്" എന്ന പ്രമേയത്തിൽ ആചരിക്കുന്ന കാമ്പയിനിന്റെ ഭാഗമായി നടന്ന സമ്മേളനം മംഗഫിൽ പ്രത്യേകം സജ്ജമാക്കിയ സമസ്ത നഗറിൽ ഇസ്‌ലാമിക് കൗൺസിൽ വൈസ് ചെയര്മാന് ഉസ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി അധ്യക്ഷത വഹിച്ചു.
കുവൈത്ത് ഇസ്‌ലാമിക് കൗൺസിൽ നാഷണൽ സർഗ്ഗലയത്തിന്റെ വിജയ ശില്പികളെ സമ്മേളനത്തിൽ മൊമെന്റോ നൽകി ആദരിച്ചു. സംഘടനക്ക് ഏറ്റവും കൂടുതൽ മെമ്പര്മാരെ ചേർത്തിയ യൂനിറ്റിനുള്ള ഫഹാഹീൽ മേഖലയുടെ ഉപഹാരം അബുഹലീഫ യൂണിറ്റിന് ഹമീദ് ഫൈസി സമ്മാനിച്ചു.
മുഹമ്മദലി ഫൈസി, മുസ്തഫ ദാരിമി, മുഹമ്മദലി പുതുപ്പറമ്പ്, ഇല്യാസ് മൗലവി, ഇഖ്‌ബാൽ ഫൈസി, സൈനുൽ ആബിദ് ഫൈസി, നാസർ കോഡൂർ, അബ്ദുൽ കരീം ഫൈസി, അബ്ദുൽ ഹകീം മൗലവി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, E. S. അബ്ദുറഹിമാൻ ഹാജി, അബ്ദുല്ലത്തീഫ് എടയൂർ, അബ്ദുൽ അസീസ് പാടൂർ, ശിഹാബ് കൊടുങ്ങല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി. വിഖായ വളണ്ടിയര്‍മാരുടെ സേവനം സ്തുത്യര്‍ഹമായിരുന്നു. ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ ഫൈസി പൊന്മള സ്വാഗതവും ട്രഷറർ ഇസ്മായിൽ ഹുദവി നന്ദിയും പറഞ്ഞു.
ഫോട്ടോ: കുവൈത്ത് കേരളാ ഇസ്ലാമിക് കൗണ്‍സില്‍ ആദര്‍ശ സമ്മേളനത്തില്‍ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നിര്‍വഹിക്കുന്നു.
- Media Wing - KIC Kuwait