വിശുദ്ധ മാസത്തിന്‍റെ പവിത്രതയെ ആരും കളങ്കപ്പെടുത്തരുത്: സമസ്ത ബഹ്റൈന്‍

ഇഫ്താറിനോടനുബന്ധിച്ച് ഭക്ഷണം പാഴാക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം 

മനാമ: ആത്മ സംസ്കരണത്തിന്‍റെ മാസമായ വിശുദ്ധ റമദാനെ അര്‍ഹിക്കും വിധം ആദരിക്കണമെന്നും റമദാന്‍റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവരുതെന്നും സമസ്ത ബഹ്റൈന്‍ നേതാക്കള്‍ പുറത്തിറക്കിയ റമദാന്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. 
വിശ്വാസികള്‍ക്ക് തഖ് വ (ഭയഭക്തി/സൂക്ഷമത തുടങ്ങിയവ) ഉണ്ടാക്കുക എന്നതാണ് റമദാന്‍റെ മുഖ്യലക്ഷ്യം. അതു കൊണ്ടു തന്നെ അതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളില്‍ നിന്നുണ്ടാവാന്‍ പാടില്ല. മറിച്ച് തഖ് വയിലധിഷ്ഠിതമായി ജീവിതം ക്രമപ്പെടുത്താന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം. 
മനുഷ്യര്‍ക്കാകമാനം സന്‍മാര്‍ഗമായ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് റമദാനിലാണ്. നീതിയും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന വിശുദ്ധ ഖുര്‍ആന്റെ പാഠങ്ങളും സന്ദേശങ്ങളും ആഴത്തില്‍ പഠിക്കാനും മനസ്സിലാക്കാനും അത് പ്രചരിപ്പിക്കാനും വിശുദ്ധ റമദാനെ എല്ലാവരും ഉപയോഗപ്പെടുത്തണം. 
ഇഫ്താര്‍ പാര്‍ട്ടികളോടനുബന്ധിച്ചും അല്ലാതെയും കണ്ടുവരുന്ന അനാരോഗ്യമായ ഭക്ഷണ രീതികളും ഭക്ഷണം ധൂര്‍ത്തടിച്ച് പാഴാക്കുന്നതും നശിപ്പിക്കുന്നതുമായ പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. ഭക്ഷണം പൂര്‍ണ്ണമായി കഴിക്കുകയോ മറ്റുള്ളവര്‍ക്ക് കഴിക്കാവുന്ന രീതിയില്‍ മാറ്റിവെക്കുകയോ ആണ് വേണ്ടത്. ഒരു കാരണവശാലും ഭക്ഷണം നശിപ്പിക്കരുത്. ലോകത്തുടനീളം വിശന്നു കഴിയുന്നവരുടെ ദുരിതത്തെ കുറിച്ച് ചിന്തിക്കുകയും അവരെ സഹായിക്കാനാവശ്യമായത് ചെയ്യുകയും ചെയ്യേണ്ട ഈ സാഹചര്യത്തില്‍ തന്നെ ഇത്തരം പ്രവണതകള്‍ ഉണ്ടാവാതിരിക്കാന്‍ നോന്പു തുറ സംഘടിപ്പിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും നേതാക്കള്‍ റമദാന്‍ സന്ദേശത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. 
- samastha news