സമസ്തക്ക് കീഴില്‍ മത ബിരുദധാരികളുടെ കൂട്ടായ്മ

ചേളാരി:സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ കീഴില്‍ ഉന്നത മതബിരുദ സ്ഥാപനങ്ങളിലെ അലുംനി കൂട്ടായ്മകളുടെ സംസ്ഥാനതല കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ചേളാരി സമസ്താലയത്തില്‍ വിളിച്ചു ചേര്‍ക്കപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ അലുംനി അസോസിയേഷനുകളുടേയും വിദ്യാര്‍ത്ഥി സംഘടനകളുടേയും പ്രതിനിധി കണ്‍വെന്‍ഷനിലാണ് കൂട്ടായ്മക്ക് രൂപം നല്‍കിയത്. യുവ മതബിരുദധാരികളെ സമസ്തയുടെ ആദര്‍ശങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഉറപ്പിച്ചു നിര്‍ത്തുക, അവരുടെ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുക, ഗവേഷണ-പഠന പ്രവര്‍ത്തനങ്ങളിലും പുതിയ വൈജ്ഞാനിക പദ്ധതികളിലും അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തുക തുടങ്ങിയവയാണ് കോഡിനേഷന്റെ ലക്ഷ്യങ്ങള്‍. 

ഭാരവാഹികളായി ഡോ. അബ്ദു റഹ്മാന്‍ ഫൈസി മുല്ലപ്പള്ളി (ചെയര്‍മാന്‍), മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, ഷാഹുല്‍ ഹമീദ് അന്‍വരി പൊട്ടച്ചിറ (വൈസ് ചെയര്‍മാന്‍മാര്‍), ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ (കണ്‍വീനര്‍), ഫരീദ് റഹ്മാനി കാളികാവ് (വര്‍ക്കിംഗ് കണ്‍വീനര്‍), ആര്‍.വി അബൂബക്കര്‍ യമാനി (ജോ. കണ്‍വീനര്‍), ഉമര്‍ വാഫി കാവനൂര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സമസ്ത അംഗീകരിക്കുന്ന എല്ലാ മുതവ്വല്‍ മത ബിരുധധാരികളുടെയും കൂട്ടായ്മകളുടെ പ്രതിനിധികള്‍ അടങ്ങുന്ന ഒരു പ്രവര്‍ത്തക സമിതിക്കും രൂപം നല്‍കി. 

സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ എം ടി അബ്ദുള്ള മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ ഹമീദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.മോയീന്‍ കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തലൂര്‍, എം.പി കടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
- SKSSF STATE COMMITTEE