നോന്പുകാരന്‍റെ ശ്വാസോഛാസത്തിന് പോലും പ്രതിഫലമുണ്ട്: സ്വലാഹുദ്ധീന്‍ ഫൈസി

റമദാനെ സ്വീകരിക്കാന്‍ വിശ്വാസികള്‍ മാനസികമായി ഒരുക്കങ്ങള്‍ നടത്തണം 

മനാമ: നോന്പുകാരനായ ഒരു വിശ്വാസിയുടെ ശ്വാസോഛാസത്തിന് പോലും അല്ലാഹുവിനടുക്കല്‍ പ്രതിഫലമുണ്ടെന്നും നോന്പിന്‍റെ പരിപൂര്‍ണ്ണ പ്രതിഫലം നേടിയവരാകാന്‍ റമദാനിനു മുന്നെ വിശ്വാസികള്‍ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും പ്രമുഖ വാഗ്മിയും എസ്. വൈ. എസ് സംസ്ഥാന കമ്മറ്റി അംഗവുമായ ഉസ്താദ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ ബഹ്റൈനില്‍ പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ സ്വലാഹുദ്ധീന്‍ ഫൈസി, മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. 

നോന്പിന്‍റെ മുഖ്യ ലക്ഷ്യം വിശ്വാസികളെ തഖ് വയുള്ളവരാക്കുക എന്നതാണ്. വേഷ ഭൂഷാധികളിലല്ല, ഹൃദയാന്തരങ്ങളിലാണ് തഖ് വ ഉണ്ടാകേണ്ടത്. റമദാന്‍ സമാഗതമാവും മുന്പെ അതിനായി വിശ്വാസികള്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. തെറ്റുകളില്‍ നിന്നെല്ലാം വിട്ടു നിന്ന് നസൂഹായ തൗബ (നിഷ്കപടമായ പാപമോചനം) ചെയ്യേണ്ടതും ആത്മ വിശുദ്ധി നേടേണ്ടതും അനിവാര്യമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ റമദാനെ അര്‍ഹിക്കുന്ന വിധം ആരാധനകള്‍ കൊണ്ടു ധന്യമാക്കി ആദരിക്കുന്നവര്‍ക്ക് ശഹീദിനേക്കാള്‍ വലിയ പ്രതിഫലമാണ് ലഭിക്കുന്നതെന്നും ഹദീസ് വചനങ്ങളുദ്ധരിച്ചു കൊണ്ടദ്ധേഹം ചൂണ്ടിക്കാട്ടി. 

സമസ്ത കേന്ദ്ര മുശാവറാംഗവും വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോപ്ലക്സ് പ്രിന്‍സിപ്പളുമായ സയ്യിദ് കെ. പി. സി തങ്ങള്‍ വല്ലപ്പുഴ, സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ, ബഹ്റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അത്തിപ്പറ്റ സൈതലവി മൗലവി എന്നിവരും സംസാരിച്ചു. സമസ്ത ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉസ്താദ് അശ്റഫ് അന്‍വരി ചേലക്കര, ഹാഫിള് ശുഐബ്, റബീഅ് ഫൈസി അന്പലക്കടവ്, സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി ഭാരവാഹികളായ എസ്. എം. അബ്ദുല്‍ വാഹിദ്, വി. കെ. കുഞ്ഞിമുഹമ്മദ് ഹാജി, ഖാസിം റഹ് മാനി, ശഹീര്‍ കാ‍ട്ടാന്പള്ളി എന്നിവരും സംബന്ധിച്ചു. 
Photo: ഉസ്താദ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് പ്രഭാഷണം നടത്തുന്നു. 
- samastha news