കോഴിക്കോട്: മത വസ്ത്രങ്ങൾ വിലക്കില്ലെന്ന സി. ബി. എസ്. ഇ നീറ്റ് ചട്ടങ്ങൾക്ക് വിരുദ്ധമായി പരീക്ഷ സെന്റർ അധികൃതർ പ്രവർത്തിച്ചുവെന്നും, പരീക്ഷ സെന്റർ മാനേജ്മെന്റുകളുടെ നടപടി മതവിരുദ്ധവും, നിശ്ചിത താത്പര്യങ്ങൾ നടപ്പിലാക്കാനുള്ള ശ്രമവുമാണെന്ന് എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിംഗ്.
മത വസ്ത്രങ്ങൾ ധരിച്ച് വന്നവരുടെ വസ്ത്രം മുറിച്ച നടപടി അങ്ങേയറ്റം പ്രതിഷേധകരമാണ്. മത വസ്ത്രങ്ങൾ ധരിച്ച് വരുന്നവർ പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ നേരത്തെ, ഹാജരായാൽ
പരിശോധനക്ക് ശേഷം പരീക്ഷ എഴുതാമെന്ന സി. ബി. എസ്. ഇ യുടെ നിർദ്ദേശത്തെ മറികടന്ന് സ്വന്തം നിയമങ്ങൾ നടപ്പിലാക്കാനാണ് ചില സെന്ററുകൾ ശ്രമിച്ചത്.
പർദ്ധ ധരിച്ചെത്തിയ വിദ്യാർത്ഥിനികളോട് കയർത്ത് സംസാരിച്ച ഇൻവിജിലേറ്റർ, ഓർഡർ കാണിച്ചതിന് ശേഷമാണ് പരീക്ഷ എഴുതാൻ അനുവദിച്ചത്. സി. ബി. എസ്. ഇ നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യം ഉണ്ടായതിൽ, സെന്ററുകൾക്കെതിരെ സർക്കാരും, സി. ബി. എസ്. ഇ യും നടപടി സ്വീകരിക്കേണ്ടതുണ്ട്.
കസ്റ്റമറി വസ്ത്രങ്ങൾ എന്ന പരാമർശം, മുഴുവൻ മത-ആചാര വസ്ത്രങ്ങളെയും ഉദ്ദേശിച്ചുള്ളതാണെങ്കിലും, അതിന്റെ പേരിൽ തെറ്റിദ്ധാരണയുണ്ടാക്കി രക്ഷിതാക്കളെ കുഴക്കാനാണ് അധികൃതർ ശ്രമിച്ചത്.
7.30 മുതൽ വിദ്യാർത്ഥികൾ പരിശോധനക്കായി കാത്തിരുന്നിട്ടും, അധികൃതർ സമയത്ത് എത്തിച്ചേരാത്ത അവസ്ഥ ഉണ്ടായെന്നും, പലയിടങ്ങളിലും അധ്യാപകരുടെ അസാന്നിദ്ധ്യത്തിലാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തിയതെന്നും എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിംഗ് ആരോപിച്ചു.
കോഴിക്കോട് ദേവഗിരി സി. എം. ഐ സ്കൂളിൽ ആദ്യ സമയങ്ങളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രത്തിന്റെ കൈ മുറിച്ചെങ്കിലും, ക്യാമ്പസ് വിംഗ് നേതാക്കൾ സ്ഥലത്തെത്തി ഇടപെടൽ നടത്തിയതിനെ തുടർന്ന്, ഫുൾ സ്ലീവ് വസ്ത്രത്തോടെ തന്നെ വിദ്യാർത്ഥിനികളെ പ്രവേശിപ്പിച്ചു.
ചാലക്കുടി ലിറ്റിൽ ഫ്ളവർ സ്കൂളിൽ പർദ്ദ ധരിച്ച് വന്ന കുട്ടികളെ പരീക്ഷ എഴുതാൻ അനുവധിക്കാത്തതിനാൽ, വിദ്യാർത്ഥിനികൾ തിരികെ പോകേണ്ടി വന്നതെന്നും, മതേതര രാജ്യത്ത് ഇത്തരം പ്രവണതകൾ പരീക്ഷയുടെ മറവിൽ നടക്കുന്നത് അനുവദിക്കില്ലെന്നും ക്യാമ്പസ് വിംഗ് പ്രസ്താവിച്ചു.
പ്രതിഷേധ യോഗത്തിൽ ക്യാമ്പസ് വിംഗ് സംസ്ഥാന ചെയർമാൻ സിറാജ് ഇരിങ്ങല്ലൂർ അധ്യക്ഷനായി. സുബൈർ മാസ്റ്റർ, ഒ. പി. എം അഷ്റഫ്, നൂറുദ്ദീൻ ഫൈസി, അലി അക്ബർ മുക്കം, റഫീഖ് മാസ്റ്റർ സംബന്ധിച്ചു.
- Anees Ck