ബഹു. കേരള സംസ്ഥാന മുഖ്യമന്ത്രി 19. 05. 2018 ന് കോഴിക്കോട് വിളിച്ചു ചേര്‍ത്ത മുസ്‌ലിം സംഘടന പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രതിനിധികള്‍ സമര്‍പ്പിക്കുന്ന ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും.

സര്‍,
മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളുമായും മറ്റും ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് താങ്കള്‍ വിളിച്ചു ചേര്‍ത്ത ഈ യോഗത്തിന് എല്ലാ വിധ വിജയങ്ങളും നേരുന്നു. ഇങ്ങിനെ ഒരു യോഗം വിളിച്ച അങ്ങയെയും പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ) വകുപ്പിനെയും പ്രത്യേകം അഭിനന്ദിക്കുന്നു.
മുസ്‌ലിം ന്യൂനപക്ഷവിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പൊതുവെയും മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും അംഗീകരിച്ചുവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രത്യേകിച്ചും അങ്ങയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. അനുകൂല നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
1) കേരള സംസ്ഥാന വഖഫ് ബോര്‍ഡില്‍ രജിസ്തര്‍ ചെയ്ത പള്ളികള്‍, മദ്‌റസകള്‍, മറ്റു സ്ഥാപനങ്ങള്‍, വഖഫ് സ്വത്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലും കേസുകളിലും നിഷ്പക്ഷവും നീതി യുക്തവുമായ തീരുമാനമുണ്ടാക്കുന്നതിന് രൂപീകരിച്ചതാണ് വഖഫ് ട്രിബ്യൂണല്‍. എന്നാല്‍, ജി. ഒ. (പി) നമ്പര്‍ 12/2018 ആര്‍. ഡി. തിയ്യതി 12. 03. 2018 ഗസറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരം നിയമിച്ച കോഴിക്കോട് ഹെഡ്ക്വാട്ടേഴ്‌സിലെ രണ്ട് വഖഫ് ട്രിബ്യൂണല്‍ അംഗങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ എതിര്‍പക്ഷത്തുള്ള സംഘടന പ്രവര്‍ത്തകരും വഖഫ് ബോര്‍ഡ് കേസുകളിലും മറ്റും സമസ്തക്കെതിരെ നിലകൊള്ളുന്നവരുമാണ്. വഖഫ് ട്രബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയം സമസ്ത നേതാക്കള്‍ ബഹു. മുഖ്യമന്ത്രിയുമായി 27.04.2018ന് കോഴിക്കോട് വെച്ച് നടത്തിയ ചര്‍ച്ചയില്‍ നിയമനം പുനഃപരിശോധിക്കാമെന്ന് പറഞ്ഞിരുന്നു. ആയതിന് നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
2) 10,000ത്തോളം മദ്‌റസകള്‍, പന്ത്രണ്ട് ലക്ഷം കുട്ടികള്‍, ഒരു ലക്ഷം അധ്യാപകര്‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും വലിയ മദ്‌റസ സംവിധാനമാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ളത്. അതിന്റെ ആസ്ഥാന മന്ദിരമാണ് ചേളാരിയിലെ സമസ്താലയം. ദേശീയ പാത 17ന്റെ വികസവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കലില്‍ നിലവിലുള്ള സര്‍വ്വെ പ്രകാരം ചേളാരി സമസ്താലയവും 1. 20 ഏക്കര്‍ സ്ഥലവും പൂര്‍ണമായും നഷ്ടപ്പെടും. നിലവിലുള്ള പാതയുടെ മധ്യത്തില്‍ നിന്നും തുല്യ അകലത്തില്‍ സ്ഥലമേറ്റെടുക്കുന്നതിന് പകരം മുഴുവനായും സമസ്താലയം നിലകൊള്ളുന്ന ഭാഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് അലൈന്‍മെന്റ് നടന്നത്. അലൈന്‍മെന്റ് പുനഃപരിശോധിക്കുമെന്ന് ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ജില്ലാ കലക്ടറും എന്‍. എച്ച്. അതോറിറ്റി ഉദ്യോഗസ്ഥരും പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ബഹു. മുഖ്യമന്ത്രിക്കു ദയവുണ്ടായി അനുകൂല നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
3) 1960ലെ കേന്ദ്ര ഓര്‍ഫനേജസ് ആക്ട് പ്രകാരം വ്യവസ്ഥാപിതമായും ചട്ടങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിച്ചുവരുന്നതും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്തര്‍ ചെയ്തിട്ടുള്ളതുമായ കേരളത്തിലെ അഗതിഅനാഥ മന്ദിരങ്ങള്‍ ജെ. ജെ. ആക്ട് 2015 പ്രകാരം രജിസ്തര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ബഹു. സുപ്രീം കോടതിയില്‍ കേസ് നടത്തി വരികയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റ് സ്വാഗതാര്‍ഹമാണ്. തുടര്‍ന്നും സ്ഥാപനങ്ങളുടെ നടത്തിപ്പിന് അനുകൂലമായ സമീപനം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
4) സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അംഗീകാരമില്ലെന്ന പേരില്‍ അടച്ചുപൂട്ടാനുള്ള നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നും കേരള വിദ്യാഭ്യാസ ചട്ടം അനുശാസിക്കുന്ന സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും നിലവിലുള്ള ചട്ടങ്ങളില്‍ ഇളവ് അനുവദിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
5) പുതുതായി പള്ളികള്‍ നിര്‍മിക്കുന്നതിന് ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി ലഭിച്ചിരിക്കണമെന്ന ഉത്തരവ് പല സ്ഥലങ്ങളിലും മസ്ജിദുകളുടെ നിര്‍മാണത്തിന് തടസ്സങ്ങളായി നില്‍ക്കുന്നു. മറ്റു കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന വ്യവസ്ഥകള്‍ മാത്രം പള്ളികളുടെ കാര്യത്തിലും ബാധകമാക്കി ഈ രംഗത്തെ പ്രയാസം ദൂരീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
6) മുസ്‌ലിം ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ആവിഷ്‌കരിച്ച പല പദ്ധതികളും കാര്യക്ഷമമായി നടക്കുന്നില്ല. മദ്‌റസ മോഡണൈസേഷന്‍ പദ്ധതി, ഐ. ഡി. എം. ഐ. പദ്ധതി, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, മറ്റു ക്ഷേമ പദ്ധതികള്‍ തുടങ്ങിയവക്ക് യഥാ സമയം ഫണ്ട് ലഭ്യമാവുന്നില്ല. അവ കാര്യക്ഷമമാക്കാന്‍ നടപടി ഉണ്ടാവണമെന്നും തുകകളില്‍ കാലോചിതമായ വര്‍ദ്ധനവ് വരുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
7) പിന്നാക്ക പ്രദേശങ്ങളിലും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലകളിലും ഉപരിപഠനത്തിന് പരിമിതമായ സംവിധാനം മാത്രമാണുള്ളത്. അത്തരം പ്രദേശങ്ങളില്‍ ആവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
8) മുസ്‌ലിം സമുദായത്തിന്റെ രണ്ട് പ്രധാന ആഘോഷങ്ങളായ ഈദുല്‍ഫിത്തര്‍, ബക്രീദ് എന്നിവ പ്രമാണിച്ച് വിദ്യാലയങ്ങള്‍ക്കും ഓഫീസുകള്‍ക്കും മൂന്ന് ദിവസം വീതം അവധി അനുവദിക്കണമെന്നത് ബന്ധപ്പെട്ട സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ്. അനുകൂല നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
9) മധ്യവേനല്‍ അവധി കഴിഞ്ഞ് ഈ വര്‍ഷം സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 1ന് വെള്ളിയാഴ്ച യാണെന്നറിയുന്നു. കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണിത്. വെള്ളിയാഴ്ച റംസാന്‍ വ്രതമായത് കൊണ്ടും മുസ്‌ലിംകളെ സംബന്ധിച്ച് റംസാനിലെ വെള്ളിയാഴ്ചക്ക് പ്രത്യേകം പ്രധാന്യമുള്ളത്‌കൊണ്ടും സ്‌കൂളുകള്‍ തുറക്കുന്നത് 04.06.2018 തിങ്കളാഴ്ചയിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജൂണ്‍ 16ന് (ശനിയാഴ്ച) ഈദുല്‍ ഫിത്വര്‍ ആവാന്‍ സാദ്ധ്യതയുള്ളത് കൊണ്ട് അന്നെ ദിവസം പ്രവര്‍ത്തി ദിനമാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
10) ഒരിക്കല്‍ ഹജ്ജും ഉംറയും നിര്‍വ്വഹിച്ചവര്‍ക്ക് ഹജ്ജിനും ഉംറക്കും 200 സഊദി റിയാല്‍ അധികമായി നല്‍കണമെന്ന വ്യവ്സ്ഥ തീര്‍ത്ഥാടകര്‍ക്ക് അധികബാദ്ധ്യത വരുന്നതിനാല്‍ ഏറെ പ്രയാസമുണ്ടാക്കുന്നു. കേന്ദ്ര ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് സഊദി സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തി ഈ വ്യവസ്ഥ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
11) പുതിയ കേന്ദ്ര ഹജ്ജ് നയത്തിലെ പല നിയമങ്ങളും കേരളത്തിലെ ഹാജിമാര്‍ക്ക് പ്രയാസങ്ങളുണ്ടാക്കുന്നവയാണ്. ഉദാ: 1) തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവരെ നറുക്കെടുപ്പില്ലാതെ തെരഞ്ഞെടുക്കുന്നത് ഒഴിവാക്കിയത്. 2) ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും കരിപ്പൂരിനെ മാറ്റിയത് തുടങ്ങിയവ. ആയതിനാല്‍, പുതിയ കേന്ദ്ര ഹജ്ജ് നയത്തിലെ ദോഷകരമായ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
12) സംസ്ഥാന ഹജ്ജ് കമ്മിറ്റി, വഖഫ് ബോര്‍ഡ്, നിര്‍ദ്ദിഷ്ട മദ്‌റസ ബോര്‍ഡ്, സര്‍വ്വകലാശാലകള്‍, മുസ്‌ലിം ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സമിതികള്‍, കരിക്കുലം കമ്മിറ്റി തുടങ്ങിയവയില്‍ മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷത്തെയും പ്രതിനിധാനം ചെയ്യുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
13) കേരളത്തില്‍ ഒരു അറബിക് സര്‍വ്വകലാശാല രൂപീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സാമ്പത്തിക തൊഴില്‍ മേഖലകളില്‍ വലിയ സാദ്ധ്യതയുള്ളതാണ് അന്താരാഷ്ട്ര നിലവാരമുള്ള ഒരു അറബിക് യൂണിവേഴ്‌സിറ്റി എന്നത്. അറബിക് യൂണിവേഴ്‌സിറ്റി യാഥാര്‍ത്ഥ്യമാക്കുന്നതിന് എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
14) സംസ്ഥാനത്തിന്റെ സമ്പദ് ഘടനയില്‍ മുഖ്യപങ്ക് വഹിച്ചിക്കുന്നവരാണ് വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍. പല വിദേശ രാജ്യങ്ങളിലും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങി എത്തുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിച്ചുവരികയാണ്. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
15) സംശയത്തിന്റെ നിഴലിലും നിക്ഷിപ്ത താല്‍പര്യങ്ങളാലും നിരപരാധികളായ നിരവധി ചെറുപ്പക്കാര്‍ സംസ്ഥാനത്തിനകത്തും പുറത്തും ജയിലിലും മറ്റും പീഢിപ്പിക്കപ്പെടുന്നുണ്ട്. ആഭ്യന്തര വകുപ്പിന്റെ കൂടുതല്‍ ജാഗ്രതയും സൂക്ഷ്മതയും ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും നിരപരാധികള്‍ ഒരു കാരണവശാലും ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.
16) സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം കുട്ടികള്‍ക്ക് മതനിയമങ്ങള്‍ അനുസരിച്ച് വസ്ത്രധാരണം നടത്താനും ആരാധനകള്‍ നിര്‍വ്വഹിക്കാനും കഴിയാത്ത സ്ഥിതിവിശേഷവും അഖിലേന്ത്യാതലത്തില്‍ നടത്തുന്ന 'നീറ്റ്' പോലുള്ള പരീക്ഷകളില്‍ വ്യക്തി സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന വിധത്തിലും മതനിയമങ്ങളെ അവഹേളിക്കുന്ന രീതിയിലും വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രയാസമുണ്ടാക്കിയ അനുഭവങ്ങളുണ്ട്. മേലില്‍ ഇതാവര്‍ത്തിക്കാതിരിക്കാന്‍ നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
17) ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക പുരോഗതിക്കും പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരമുണ്ടാവുന്നതിനും വ്യത്യസ്ഥ വകുപ്പുകളുടെ കീഴിലെ വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാനത്ത് ഒരു ന്യൂനപക്ഷ മന്ത്രാലയം രൂപീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സമസ്തയെ പ്രതിനിധീകരിച്ച് പങ്കെടുത്തവര്‍: 1) പ്രഫ: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ) 2) പി. പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് (ജോയിന്റ് സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ) 3) സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (ഖാസി, കോഴിക്കോട് & ജനറല്‍ സെക്രട്ടറി, സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി) 4) കെ. മോയിന്‍കുട്ടി മാസ്റ്റര്‍ (മാനേജര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്) 5) നാസര്‍ ഫൈസി കൂടത്തായി (സെക്രട്ടറി, എസ് വൈ എസ് സംസ്ഥാന കമ്മിറ്റി) 6) സത്താര്‍ പന്തലൂര്‍ (ജനറല്‍ സെക്രട്ടറി. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി.
- SKSSF STATE COMMITTEE