മമ്പുറം മഖാമിന് ഇനി പുതിയ മുഖം; കെട്ടിട സമുച്ചയത്തിന് ഹൈദരലി തങ്ങള്‍ ശിലയിട്ടു

തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിന് ഇനി പുതിയ മുഖം. മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളെ സിയാറത്ത് ചെയ്യുന്നതിനായി ദിനേനെ മഖാമിലെത്തുന്ന തീര്‍ത്ഥാടകര്‍ക് കൂടുതല്‍ സൗകര്യം ഏര്‍പെടുത്തുന്നതിന്റെ ഭാഗമായാണ് മഖാമിന് പുതിയ മുഖം നല്‍കാന്‍ നടത്തിപ്പുകാരായ ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി തീരുമാനമാനിച്ചത്.
കേരളീയ മുസ്‌ലിം പൈത്യകവും പാരമ്പര്യവും സ്ഫുരിക്കുന്ന വാസ്തുകല ഉപയോഗിച്ചാണ് സമുച്ചയം പണിയുന്നത്. മമ്പുറം തങ്ങളുടെയും ബന്ധുക്കളുടെയും മഖ്ബറകള്‍ ഉള്‍കൊള്ളുന്ന മഖാം നിലനിര്‍ത്തി ചുറ്റും തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്ന രീതിയിലാണ് സമുച്ചയം. സ്വലാത്ത് മജ്‌ലിസ്, വിശ്രമ കേന്ദ്രം, സ്ത്രീകള്‍ക്ക് നിസ്‌കാര ഹാള്‍, ശൗചാലയം എന്നിവയും സമച്ചയത്തിലുണ്ട്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമുച്ചയത്തിനു ശിലയിട്ടു. കോഴിക്കോട് വലിയ ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ. എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു. വി. കെ മുഹമ്മദ്, കെ. പി ശംസുദ്ദീന്‍ ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, സി. കെ മുഹമ്മദ് ഹാജി, ഇബ്രാഹിം ഹാജി കീഴടത്തില്‍, ഇബ്രാഹീം ഹാജി തയ്യിലക്കടവ്, എ. പി അബ്ദുല്‍ മജീദ് ഹാജി, മണമ്മല്‍ ഇബ്രാഹീം ഹാജി, ഓമച്ചുപ്പഴ അബ്ദുല്ല ഹാജി, പി. ടി അഹ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധച്ചു.
ഫോട്ടോ: മമ്പുറം മഖാമിമിനടുത്ത് നിര്‍മ്മിക്കുന്ന പുതിയ സമുച്ചയത്തിന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ കുറ്റിയടിക്കുന്നു
- Darul Huda Islamic University