ബദ്ര്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടമാത്യകയാണ്: ഹമീദലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി (ഹിദായ നഗര്‍): നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളെ വര്‍ഗീയമായി കാണേണ്ടതില്ലെന്നും ഇസ്‌ലാമിക ചരിത്രത്തില്‍ ബദ്ര്‍ സംഭവത്തെ നീതിക്കുവേണ്ടിയുള്ള പോരാട്ട മാതൃകയായിട്ടാണ് വിലയിരുത്തേണ്ടെതെന്നും എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍.
    ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസത്യവും അനീതിയുമാണ് പുതിയ കാലത്തെ ധാര്‍മികശോഷണത്തിന്റെ പ്രധാന കാരണങ്ങള്‍. അനീതിക്കുവേണ്ടി ശബ്ദിക്കുന്നവരെ ചെറുത്തുതോല്‍പിക്കുന്ന പ്രവണത ശരിയല്ലെന്നും രാജ്യത്തെ മുസ്‌ലിം മുന്നേറ്റത്തിനു ധാര്‍മികവിപ്ലവങ്ങള്‍ നടത്തേണ്ടതുണ്ടെന്നും തങ്ങള്‍ പറഞ്ഞു.
    ദാറുല്‍ഹുദാ ജന. സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ഇവരാണ് നമ്മുടെ നായകര്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ. എം സൈദലവി ഹാജി കോട്ടക്കല്‍, ഇബ്രാഹീം ഫൈസി തരിശ്, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, യു. ശാഫി ഹാജി ചെമ്മാട്, ഇബ്രാഹീം ഹാജി ഓമച്ചപ്പുഴ, ഹംസ ഹാജി മൂന്നിയൂര്‍ എന്നിവര്‍ സംബന്ധിച്ചു. സി. എച്ച് ശരീഫ് ഹുദവി സ്വാഗതവും പി. കെ അബ്ദുന്നാസ്വിര്‍ ഹുദവി നന്ദിയും പറഞ്ഞു.
- Darul Huda Islamic University