നാദാപുരത്ത് പോലീസ് അഴിച്ചുപണി അനിവാര്യം: SKSSF

കോഴിക്കോട് : നാദാപുരത്ത് പോലീസ് സേനയെ ഉടച്ചുവാര്‍ത്ത് തികഞ്ഞ മതേതര സ്വഭാവമുള്ള സേനയെ നിയോഗിക്കണമെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാലങ്ങളായി നാദാപുരം മേഖലയില്‍ നിലനില്‍ക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ നിലപാടാണ് പോലീസ് സ്വീകരിച്ചുവരുന്നത്. തികച്ചും വര്‍ഗ്ഗീയവത്കരിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരാണ് മേഖലയിലുള്ളത്. വളരെപെട്ടെന്ന് അക്രമങ്ങള്‍ അമര്‍ച്ചചെയ്യാന്‍ സാധിക്കുന്ന അത്യാധുനിക സംവിധാനങ്ങളും ആവശ്യത്തിലധികം പോലീസ് ഉദ്യോഗസ്ഥരുമുള്ള മേഖലയില്‍ എന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അക്രമങ്ങളും കവര്‍ച്ചകളും നടക്കാറുള്ളത്. അക്രമങ്ങളുടെ മറവില്‍ പ്രദേശത്തെ സമ്പന്ന കുടുംബങ്ങളെ ചൂഷണം ചെയ്യുകയെന്നത് അക്രമികളുടെയും പോലീസിന്റെയും കൂട്ടായ അജണ്ടയായാണ് കണ്ട് വരുന്നത്. എല്ലാ മത വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യവും, കാര്യക്ഷമതയുമുള്ള പോലീസ് സേനയെയാണ് പ്രദേശത്ത് നിയമപാലനത്തിന് നിയോഗിക്കേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപ്പാടം, കെ മമ്മൂട്ടി നിസാമി തരുവണ, കുഞ്ഞാലന്‍കുട്ടി ഫൈസി, അഹ്മദ് ഫൈസി കക്കാട്, ടി. പി സുബൈര്‍ മാസ്റ്റര്‍, ഡോ ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, അബ്ദുല്‍ ലത്തീഫ് പന്നിയൂര്‍, നൗഫല്‍ കുട്ടമശ്ശേരി ചര്‍ച്ചയില്‍ പങ്കെടുത്തു. ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും പി. എം റഫീഖ് അഹ്മദ് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE