മദ്‌റസ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ ജാഗ്രത പുലര്‍ത്തുക: സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍

ചേളാരി: മദ്‌റസാ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ സ്ഥാപന മേധാവികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. വിശുദ്ധ റമദാനില്‍ മദ്‌റസാ തലത്തില്‍ വിദ്യാഭ്യാസ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും, ജൂലായ് മാസം മദ്‌റസാ ശാക്തീകരണ ക്യാമ്പയിന്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കും ബന്ധപ്പെട്ട മുഅല്ലിംകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവാര്‍ഡുനല്‍കാനും തീരുമാനമെടുത്തു.
സമസ്തയുടെ കീഴില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന പള്ളികളും മദ്‌റസകളും കയ്യേറി സ്ഥാപനങ്ങള്‍ പൂട്ടാനുള്ള വിഘടിത വിഭാഗത്തിന്റെ കുത്സിത ശ്രമങ്ങളില്‍ യോഗം ശക്തിയായി പ്രതിഷേധം രേഖപ്പെടുത്തി. കക്കോവ് ജുമുഅത്തുപള്ളിയും മദ്‌റസയും അടച്ചുപൂട്ടിയ പോലീസ് നടപടിയില്‍ യോഗം ശക്തിയായി പ്രതിഷേധിക്കുകയും പള്ളി വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കണമെന്ന് യോഗം ആവശ്യപ്പെടുകയും ചെയ്തു.
ആഗസ്റ്റ് 31-ാം തിയ്യതിക്കകം പുതിയ റെയ്ഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ കമ്മിറ്റിയും സെപ്തംബറില്‍ ജില്ലാ കമ്മിറ്റിയും, ഒക്‌ടോബറില്‍ സംസ്ഥാന കമ്മിറ്റിയും നിലവില്‍ വരും.
ജില്ലാ റിട്ടേണിംഗ് ഓഫീസര്‍മാരായി കാസര്‍ഗോഡ് കെ. എം. കുട്ടി, കണ്ണൂര്‍ ശാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി, പാലക്കാട് കെ. കെ. എസ്. തങ്ങള്‍, കോഴിക്കോട് എം. എ. ഖാദര്‍, വയനാട് കെ. എം. അബ്ദുല്ല മാസ്റ്റര്‍, മലപ്പുറം വെസ്റ്റ് കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മലപ്പുറം ഈസ്റ്റ് കെ. പി. കോയ, തൃശ്ശൂര്‍ ഉസ്മാന്‍ ഫൈസി, എറണാകുളം അലവി ഫൈസി, ആലപ്പുഴ കെ. എച്ച് കോട്ടപ്പുഴ, കൊല്ലം എ. കെ. കെ. മരക്കാര്‍, കോട്ടയം സാദാ ലിയാഖത്തലി ഖാന്‍, ഇടുക്കി ശരീഫ് ദാരിമി, തിരുവനന്തപുരം അബ്ദുല്‍ഹമീദ് ഫൈസി, ദക്ഷിണ കന്നഡ എസ്. കെ. ഹംസ ഹാജി, കൊടക് പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, കന്യാകുമാരി അഹ്മദ് റശാദി, നീലഗിരി എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവരെയും സംസ്ഥാന റിട്ടേണിംഗ് ഓഫീസറായി കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാരെയും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി അബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കുമരംപുത്തൂര്‍ എ. പി. മുഹമ്മദ് മുസ്‌ലിയാരെ സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ജനറല്‍ സെക്രട്ടറി കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, കെ. കെ. എസ്. തങ്ങള്‍ വെട്ടിച്ചിറ, കെ. കെ. ആറ്റക്കോയ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഷാളണിയിച്ച് ആദരിക്കുന്നു.
- SKIMVBoardSamasthalayam Chelari