വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ: റശീദലി ശിഹാബ് തങ്ങള്‍

ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരക്ക് തുടക്കമായി


തിരൂരങ്ങാടി (ഹിദായ നഗര്‍): വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന മൂന്നാമത് റമദാന്‍ പ്രഭാഷണപരമ്പരക്ക് ഹിദായനഗരിയില്‍ തുടക്കമായി.
    കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പരമ്പര ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികച്ച പദ്ധതികള്‍ രൂപപ്പെടുത്തി അവ പ്രാവര്‍ത്തികമാക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നതിലൂടെ മാത്രമേ മുസ്‌ലിം സമൂഹത്തിന് ഉന്നതികള്‍ പ്രാപിക്കാനാകൂ എന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ മുസ്‌ലിം സമൂഹം ഏറെ പുരോഗതിയിലാണെങ്കിലും ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വളരെ പരിതാപകരമായ അവസ്ഥയാണ് മുസ്‌ലിംകള്‍ നേരിടുന്നതെന്നും വിദ്യാഭ്യാസ വിമോചനത്തിലൂടെ മാത്രമേ ഈയൊരു ദുരവസ്ഥക്ക് പരിഹാരമാകൂയെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
    ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷത വഹിച്ചു. ദാറുല്‍ഹുദാ യു.ജി വിദ്യാര്‍ത്ഥി യൂണിയന്‍ അസാസ് പുറത്തിക്കിയ സൈനുല്‍ ഉലമാ അനുശോചന കാവ്യം അറബി പുസ്തകം വി.പി സൈദലവി ഹാജി വെളിമുക്കിന് നല്‍കി തങ്ങള്‍ പ്രകാശനം ചെയ്തു. ഉമര്‍ബിന്‍ അബ്ദുല്‍ അസീസ് ഉദാത്തമായ നീതിബോധം വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, സി. യൂസുഫ് ഫൈസി മേല്‍മുറി, അലി മൗലവി ഇരിങ്ങല്ലൂര്‍, യു.ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പി.കെ അബ്ദുന്നാസ്വിര്‍ ഹുദവി സ്വാഗതവും സി.എച്ച് ശരീഫ് ഹുദവി നന്ദിയും പറഞ്ഞു.
    ഇന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ജന.സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ഇവരാണ് നമ്മുടെ നായകര്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 23 ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 25 ന് ശനിയാഴ്ച സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍ സമാപന പ്രാര്‍ത്ഥന നടത്തും. 26 ന് ഞായറാഴ്ച സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
- Darul Huda Islamic University