ബഹ്റൈനില്‍ സമസ്ത സംഘടിപ്പിക്കുന്ന പ്രതിദിന ബഹുജന ഇഫ്താര്‍ സംഗമങ്ങള്‍ ശ്രദ്ധേയമാകുന്നു

പ്രതിദിനം മനാമയിലെ സമസ്ത ആസ്ഥാനത്ത് നോന്പുതുറക്കാനെത്തുന്നത് നിരവധി വിശ്വാസികള്‍

മനാമ: ബഹ്റൈനിലെ പ്രവാസികള്‍ക്കായി മനാമയിലെ സമസ്‌ത ബഹ്‌റൈന്‍ കമ്മറ്റി സംഘടിപ്പിച്ചു വരുന്ന പ്രതിദിന ഇഫ്താര്‍ സംഗമങ്ങള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. മനാമ സൂഖിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ക്ക് ഏറെ അനുഗ്രഹവും ആശ്വാസവുമായി മാറുന്ന ബഹ്റൈന്‍ തലസ്ഥാന നഗരിയിലെ ഈ ഇഫ്താര്‍ സംഗമം റമസാന്‍ 30 ദിവസവും തുടരുമെന്നതും ഇതില്‍ ആര്‍ക്കും പങ്കെടുക്കാമെന്നതും സമസ്തയുടെ ഇഫ്താറിനെ കൂടുതല്‍ ശ്രദ്ധേയമാക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരു പ്രചരണവുമില്ലാതെ മനാമ കേന്ദ്രീകരിച്ചു നടന്നു വരുന്ന ഈ പ്രതിദിന ഇഫ്താര്‍ സംഗമം ഈ വര്‍ഷം മുതല്‍ മനാമ ഗോള്‍ഡ് സിറ്റിയുടെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിയുടെ പുതിയ ഓഫീസ് ആസ്ഥാനത്തെ മദ്റസാ ഹാളിലാണ് നടക്കുന്നത്. റമളാന്‍ ആരംഭിച്ചതു മുതല്‍ എല്ലാ ദിവസവും ഇവിടെ നോമ്പുതുറക്കായി എത്തുന്ന വിശ്വാസികളുടെ എണ്ണം തിട്ടപ്പെടുത്താന്‍ കഴിയില്ലെങ്കിലും എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണം ഇവിടെ സജ്ജീകരിക്കപ്പെടുന്നുണ്ടെന്നതും ഈ ഇഫ്താറിന്‍റെ സവിശേഷതയാണ്. കേവലം ഒരു ഇഫ്താര്‍ ചടങ്ങ് എന്നതിനപ്പുറം വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതി പകരുന്ന ഉദ്‌ബോധന പ്രഭാഷണവും തുടര്‍ന്നുള്ള സമൂഹ പ്രാര്‍ത്ഥനകളും സമസ്തയുടെ ഇഫ്താറിനെ വേറിട്ടതാക്കുന്നു. കൂടാതെ, പ്രാര്‍ത്ഥനക്ക് ഏറെ പ്രാധാന്യമുള്ള ഇഫ്താര്‍ സമയത്തുള്ള സമൂഹ പ്രാര്‍ത്ഥനക്കും പ്രഭാഷണങ്ങള്‍ക്കും സമസ്ത പ്രസിഡന്‍റ് കൂടിയായ സയ്യിദ് ഫക്റുദ്ധീന്‍ തങ്ങളാണ് മിക്ക ദിവസവും നേതൃത്വം നല്‍കി വരുന്നതെന്നതും ഇഫ്താര്‍ ചടങ്ങിന് ഇരട്ടി മധുരമാണ് നല്‍കുന്നത്.
ഫക് റുദ്ധീന്‍ തങ്ങളെ കൂടാതെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ഭാരവാഹികളും മദ്റസാ അദ്ധ്യാപകരും പണ്ഢിതന്മാരും നേതാക്കളുമടങ്ങുന്ന ഒരു നിരയുടെ സാന്നിധ്യവും ഇഫ്താര്‍ ചടങ്ങിനെ സന്പന്നമാക്കുന്നുണ്ട്. പ്രതിദിനം വന്‍ സാന്പത്തിക ചിലവ് പ്രതീക്ഷിക്കുന്ന ഈ ഇഫ്താറിന്‍റെ ചിലവുകള്‍ വഹിക്കുന്നതും ഉദാര മതികളായ വിശ്വാസികളും പ്രവാസികളായ ചില കച്ചവട സ്ഥാപനങ്ങളുടെ ഉടമകളുമാണ്.
ഒരു വിശ്വാസിയെ നോന്പു തുറപ്പിച്ചാല്‍ അതിന് സഹായിച്ചവനും സമാനമായ പ്രതിഫലം അല്ലാഹു നല്‍കുമെന്നാണ് പ്രവാചകാദ്ധ്യാപനം. ഈ അടിസ്ഥാനത്തില്‍ പ്രതിദിനം നൂറു കണക്കിന് വിശ്വസികളെ നോന്പു തുറപ്പിച്ച പ്രതിഫലം ലഭ്യമാകുന്ന സമസ്തയുടെ ഇഫ്താറിന് സ്പോണ്‍സര്‍ ചെയ്യാന്‍ വിശ്വാസികളും കച്ചവട സ്ഥാപനങ്ങളും മത്സരിക്കുന്ന അനുഭവവും ഉണ്ടാകാറുണ്ട്. അതു കൊണ്ടു തന്നെ ഇവിടെ നോന്പു തുറക്കാവശ്യമായ വെള്ളം, ഫ്രൂട്ട്സ്, പലഹാരങ്ങള്‍ തുടങ്ങിയവയില്‍ പലതും ഇതിനകം മിക്ക വിശ്വാസികളും നേരത്തെ സ്പോണ്‍സര്‍ ചെയ്യാറാണ് പതിവ്.
സമസ്ത പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍, സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെയും മദ്റസാ അദ്ധ്യാപകരുടെയും നേതൃത്വത്തിലാണ് പ്രതിദിനം ഇഫ്താര്‍ ഒരുക്കങ്ങള്‍ ഇവിടെ നടന്നു വരുന്നത്. കൂടാതെ ഇഫ്താറിനോടനുബന്ധിച്ച് വിഭവങ്ങള്‍ സജ്ജീകരിക്കാനും ഭക്ഷണം വിതരണം ചെയ്യാനും എസ്.കെ.എസ്.എസ്.എഫ് - വിഖായയുടെ നേതൃത്വത്തിലുള്ള വിപുലമായ ഒരു വളണ്ടിയര്‍ ടീമും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാദിവസവും നോന്പു തുറക്കു ശേഷം ഇവിടെ തന്നെ മഗ് രിബ് നമസ്കാരത്തിനുള്ള സൗകര്യവും സമസ്ത ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ദിവസവും രാത്രി 8.മണിയോടെ സ്ത്രീകള്‍ക്ക് മാത്രമായി സമൂഹ തറാവീഹ് നിസ്കാരവും ഇവിടെ നടന്നു വരുന്നുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നത് സ്ത്രീകള്‍ തന്നെയാണ് എന്നതിനാല്‍ നിരവധി സഹോദരിമാരാണ് ഈ സൗകര്യം ഓരോ ദിവസവും ഉപയോഗപ്പെടുത്തി വരുന്നത്.
കൂടാതെ തൊട്ടടുത്തള്ള സമസ്ത പള്ളി എന്നറിയപ്പെടുന്ന മസ്ജിദ് കേന്ദ്രീകരിച്ച് ദിവസവും രാത്രി 10 മണിക്ക് പുരുഷന്മാര്‍ക്കായി തറാവീഹ് സൗകര്യവും സമസ്ത സജ്ജീകരിച്ചിട്ടുണ്ട്. സമസ്ത മദ്റസാ മുഅല്ലിം കൂടിയായ ഉസ്താദ് ഹാഫിള് ശറഫുദ്ധീന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന ഈ നമസ്കാരത്തിന് പള്ളി നിറഞ്ഞൊഴുകിയാണ് വിശ്വാസികള്‍ സംബന്ധിച്ചു വരുന്നത്.
കേന്ദ്ര കമ്മറ്റിക്കു പുറമെ ബഹ്റൈന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഏരിയാ കമ്മറ്റികളുടെ കീഴിലും ഇത്തരം സംരംഭങ്ങള്‍ ഇപ്പോള്‍ വ്യാപകമാക്കാന്‍ കേന്ദ്ര കമറ്റി നിര്‍ദേശിച്ചിട്ടുണ്ട്, ഇതിനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും കേന്ദ്ര കമ്മറ്റി നല്‍കി വരുന്നുണ്ട്. കൂടാതെ ഏരിയാ കമ്മറ്റികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി സമസ്ത കേന്ദ്ര കമ്മറ്റി ആവശ്യാനുസരണം ഉസ്താദുമാരെ അയക്കുന്നുമുണ്ട്
പ്രതിദിന ഇഫ്താര്‍ സംഗമങ്ങള്‍ക്കു പുറമെ എല്ലാ വ്യാഴാഴ്ച രാത്രിയിലും ഇവിടെ സ്വലാത്ത് മജ് ലിസ്, മത പഠന ക്ലാസ്സുകള്‍, വിവിധ ജീവകാരുണ്ണ്യ സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടന്നു വരുന്നുണ്ട്‌.
ഐഹിക ലാഭേഛകള്‍ ഏതുമില്ലാതെ ഈ പദ്ധതികളുടെയെല്ലാം പ്രചരണങ്ങള്‍ സ്വയം ഏറ്റെടുത്ത് നടത്തുന്നതും ആവശ്യമായ ചിലവുകള്‍ വഹിക്കുന്നതും ഈ ഭാഗങ്ങളിലുള്ള സാധാരണക്കാരും ഉദാരമതികളായ വിശ്വാസികളാണെന്നതും സമസ്തയുടെ സംരംഭങ്ങളെ കൂടുതല്‍ ജനകീയവും വേറിട്ടതുമാക്കുന്നു.
- samastha news